Thodupuzha

നവീകരിച്ച നഗരസഭാ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കി

 

 

തൊടുപുഴ : നഗരസഭയുടെ നവീകരിച്ച ലാന്‍സ് നായിക് പി.കെ. സന്തോഷ്‌കുമാര്‍ ഇന്ത്യന്‍ സ്വാതന്ത്യ സുവര്‍ണ്ണജൂബിലി സ്മാരക പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. പാര്‍ക്കിന്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷന്‍ സനീഷ് ജോര്‍ജ്ജ് നിര്‍വഹിച്ചു.

നവീകരണത്തിന്റെ ഭാഗമായി പാര്‍ക്കില്‍ നിരവധി പുതിയ കളി ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെ ബോട്ടിങ്ങിന് നല്‍കിയിരുന്ന കുളം കടല്‍ മണലും ബബിള്‍സും നിറച്ച് കൊച്ചു കുട്ടികള്‍ക്ക് കളിക്കാനായി ഒരുക്കിയത് കൂടാതെ അലങ്കാര മത്സ്യങ്ങളെ നിക്ഷേപിച്ച് വര്‍ണാഭമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള കാര്‍ റൈഡിംഗിനും സൗകര്യം ഒരുക്കി. ഇതിന് പുറമേ കടല്‍ മണല്‍, സുരക്ഷാ ക്യാമറാകള്‍, ഓപ്പണ്‍ സ്റ്റേജ്, പുതിയ ഇരിപ്പിടങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

പാര്‍ക്കിന്റെ പ്രവര്‍ത്തി സമയം രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് എട്ട് മണി വരെയാക്കി. മുന്‍പ് ഉച്ചയ്ക്ക് ശേഷം മാത്രമായിരുന്നു പാര്‍ക്കില്‍ പ്രവേശനം ഉണ്ടായിരുന്നത്. കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണെങ്കിലും മുതിര്‍ന്നവര്‍ക്ക് പത്ത് രൂപ ഫീസ് നല്‍കണം.

നഗരസഭാ ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഭരണസമിതി അംഗങ്ങളായ കെ.ദീപക്, എം.എ കരീം, ഷീജ ഷാഹുല്‍ ഹമീദ്, ബിന്ദു പത്മകുമാര്‍, റ്റി.എസ് രാജന്‍, പൂര്‍വ്വ സൈനിക് ക്ഷേമ ഭാരതി പ്രതിനിധി സോമശേഖരപിളള, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.അജീബ്, പാര്‍ക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കി വരുന്ന ബ്രാഹ്മിന്‍സ് ബിസിനസ്സ് ഗ്രൂപ്പ് പ്രതിനിധി ജയറാം, പി.കെ. സന്തോഷ്‌കുമാറിന്റെ ഭാര്യ പ്രിയ, പാര്‍ക്കിന്റെ കരാറുകാരന്‍ ബൈജു എന്‍.പി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്‍ സ്വാഗതവും മുനിസിപ്പല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ജി.വിനോദ്കുമാര്‍ നന്ദിയും രേഖപ്പെടുത്തി.

 

ചിത്രം- തൊടുപുഴ ലാന്‍സ് നായിക് പി.കെ. സന്തോഷ്‌കുമാര്‍ ഇന്ത്യന്‍ സ്വാതന്ത്യ സുവര്‍ണ്ണജൂബിലി സ്മാരക പാര്‍ക്ക് നഗരസഭാ അധ്യക്ഷന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Related Articles

Back to top button
error: Content is protected !!