അപകടങ്ങള്‍ തുടര്‍ക്കഥ: ശങ്കരപ്പിള്ളി പാലത്തിന് സമീപം സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു


മുട്ടം: പതിവായി വാഹനാപകടങ്ങള്‍ സംഭവിക്കുന്ന ശങ്കരപ്പിള്ളി പാലത്തിന് സമീപം പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു. പാലത്തിന് സമീപമെത്തുന്ന വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങള്‍ തുടര്‍സംഭവമായതിനെ തുടര്‍ന്നാണ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചത്. റോഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് അപകട കാരണമെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു. വേഗത്തില്‍ ഈ ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ വാഹനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന്ത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. അപകട സാധ്യതയെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ഒരു വശം വീതി കൂട്ടി അടുത്തിടെ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. കോണ്‍ക്രീറ്റ് ചെയ്ത് ഒരാഴ്ച തികയുന്നതിനു മുമ്പേ വീണ്ടും ഇവിടെ അപകടം ഉണ്ടായി രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. അവരില്‍ ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മുട്ടം കഴിഞ്ഞ് മൂലമറ്റം ഭാഗത്തേക്ക് നിരപ്പാര്‍ന്ന റോഡായതിനാല്‍ വാഹനങ്ങള്‍ സാധാരണ സാമാന്യം വേഗതയിലാണ് ശങ്കരപ്പിള്ളി പാലത്തിന്റെ ഭാഗത്തേക്ക് എത്തുന്നത്. മഴയുള്ള സമയങ്ങളിലാണ് കൂടുതലും അപകടം ഉണ്ടാകുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിച്ചാല്‍ അപകടങ്ങളുടെ തോത് കുറയ്ക്കാന്‍ കഴിയുമെന്ന നിഗമനത്തിലാണ് ഇവിടെ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതോടെ ഈ ഭാഗത്തെ അപകട സാധ്യത കുറയുമെന്ന നിഗമനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പും പോലീസും.
