ChuttuvattomCrimeThodupuzha

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇരുന്നൂറോളം പേരില്‍ നിന്ന് പണം തട്ടിയെടുത്ത പ്രതി പോലീസ് പിടിയില്‍

തൊടുപുഴ : യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇരുന്നൂറോളം പേരില്‍ നിന്ന് അഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത പ്രതിയെ തൊടുപുഴ പോലീസ് ഇന്ത്യാ- നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടി. തൊടുപുഴ നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൊളംബസ് ജോബ് ആന്‍ഡ് എജ്യൂക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ ഉടമ വണ്ണപ്പുറം ദര്‍ഭത്തൊട്ടി വേളംപറമ്പില്‍ ജോബി ജോസാണ് (28) പിടിയിലായത്. 2022ല്‍ തൊടുപുഴയില്‍ തുടങ്ങിയ സ്ഥാപനം വഴി യു.കെയില്‍ ബുച്ചര്‍, കെയര്‍ടേക്കര്‍ എന്നി ജോലികള്‍ക്ക് ഭാര്യയ്ക്കും ഭര്‍ത്താവിനും വിസ നല്‍കാമെന്ന് സാമൂഹ്യമാധ്യമങ്ങളിലടക്കം പരസ്യം ചെയ്താണ് പ്രതി ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചത്.ബുച്ചര്‍, കെയര്‍ടേക്കര്‍ തസ്തികകളില്‍ 600 ഒഴിവുകള്‍ യു.കെയിലുണ്ടെന്ന് വിശ്വസിപ്പിച്ച് മൂന്ന് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയാണ് പ്രതി ഓരോരുത്തരില്‍ നിന്നും ഈടാക്കിയത്. എന്നാല്‍ പണം നല്‍കി ഏറെ നാള്‍ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്തപോലെ വിസ ലഭിക്കാതെ വന്നതോടെയാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 21ന് ഉദ്യോഗാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴയിലെ സ്ഥാപനത്തില്‍ പോലീസ് അന്വേഷിച്ച് എത്തിയെങ്കിലും സ്ഥാപനം അടച്ച് പൂട്ടിയിരുന്നു. ആദ്യം വന്ന പരാതികളില്‍ ചിലത് പ്രതി പണം തിരികെ നല്‍കി ഒതുക്കിതീര്‍ത്തു.

എന്നാല്‍ മറ്റ് ജില്ലകളില്‍ നിന്നും വ്യാപകമായി പരാതികള്‍ വന്നതോടെ ജോബി ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് ഏപ്രിലില്‍ ജില്ലാ പോലീസ് മേധാവി വിഷ്ണുപ്രദീപിന്റെ നിര്‍ദേശപ്രകാരം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനിടെ ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് വഴി റോഡ് മാര്‍ഗ്ഗം ജോബി നേപ്പാളിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം നേപ്പാളില്‍ നിന്ന് തിരികെ ഇന്ത്യയിലേക്ക് കടക്കാനായി അതിര്‍ത്തിയായ ഉത്തര്‍പ്രദേശിലെ സൊനൗലിയിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എമിഗ്രേഷന്‍ വിഭാഗം വിവരമറിയിച്ചതനുസരിച്ച് തൊടുപുഴ സിഐ എസ്. മഹേഷ്‌കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പല്‍ എസ്‌ഐ ഹരീഷ്, എസ്‌ഐ നജീബ്, എഎസ്‌ഐ വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യാ- നേപ്പാള്‍ അതിര്‍ത്തിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച തൊടുപുഴയിലെത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ജോബിക്കെതിരെ തൊടുപുഴ സ്റ്റേഷനില്‍ മാത്രം മുപ്പതിലേറെ പരാതികളില്‍ നാല് കേസുകളെടുത്തിട്ടുണ്ട്. ഇതുകൂടാതെ കാട്ടൂര്‍, പുതുനഗരം, കുറവിലങ്ങാട്, ഞാറക്കല്‍, കുറുപ്പുംപടി, ഏനാത്ത്, പോത്താനിക്കാട് എന്നി പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസുകളുണ്ട്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് കരുതുന്നത്. പ്രതിയ്ക്ക് അടിമാലി,എറണാകുളം എന്നിവിടങ്ങളിലും റിക്രൂട്ടിംഗ് സ്ഥാപനമുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു.വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോബിയുടെ സഹോദരന്‍ കോട്ടയത്തുള്ള ഒരു ഏജന്‍സി വഴിയാണ് യു.കെയിലേക്ക് പോയത്. ആ ഏജന്‍സി വഴി ബന്ധം സ്ഥാപിച്ചാണ് ജോബിയും റിക്രൂട്ടിംഗ് സ്ഥാപനം തൊടുപുഴിയില്‍ ആരംഭിച്ചത്. എന്നാല്‍ പണം വാങ്ങിയ ശേഷം വിസ നല്‍കാതെ കോടികള്‍ മുടക്കി സ്ഥലം വാങ്ങുകയും വീട് വയ്ക്കുകയുമാണ് പ്രതി ചെയ്തതെന്ന് പോലീസ്പറയുന്നു.

 

 

 

Related Articles

Back to top button
error: Content is protected !!