ChuttuvattomThodupuzha

കൈക്കൂലിക്കേസ് ; കരുനീക്കങ്ങളുമായി മുന്നണികള്‍

തൊടുപുഴ : നഗരസഭാ ചെയര്‍മാന്‍ കൈക്കൂലിക്കേസില്‍ പ്രതിയായ കേസില്‍ എല്‍ഡിഎഫ് നയം വ്യക്തമാക്കിയതോടെ നഗരസഭയില്‍ പുതിയ സമവാക്യങ്ങള്‍ക്കു കളമൊരുങ്ങാന്‍ സാധ്യത. അടുത്ത 30ന് നടക്കുന്ന ഒന്‍പതാം വാര്‍ഡിലെ ഉപ തെരഞ്ഞെടുപ്പും നഗരസഭാ ചെയര്‍മാന്റെ അടുത്ത നീക്കങ്ങളും ഇനി നിര്‍ണായകമാകും. ചെയര്‍മാന്റെ പേരില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം പഴി ചാരല്‍ തുടരുകയാണ്. ചെയര്‍മാനെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്നു കോണ്‍ഗ്രസും മറിച്ച് കോണ്‍ഗ്രസാണ് അദ്ദേഹത്തിന് സംരക്ഷണം നല്‍കുന്നതെന്ന് സിപിഎമ്മും ആരോപിക്കുന്നു. ഇതോടെ മൂന്നര വര്‍ഷം നീണ്ട തൊടുപുഴ നഗരസഭയിലെ ഇടത് ഭരണം പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നഗരസഭയിലെ 35 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന്റെ അംഗബലം ചെയര്‍മാന്‍ സനീഷ് ജോര്‍ജും വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണിയും ഉള്‍പ്പെടെ 15 ആയിരുന്നു.

മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെ കോടതി അയോഗ്യയാക്കിയതോടെ അംഗബലം 14 ആയി. ഇപ്പോള്‍ സനീഷ് ജോര്‍ജ് ഉള്‍പ്പെടെ എല്‍ഡിഎഫിന് 13 പേരാണുള്ളത്. യുഡിഎഫിന് 12 അംഗങ്ങളും ബിജെപിയ്ക്ക് എട്ടും കൗണ്‍സിലര്‍മാരുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ കക്ഷിനില തുല്യമാകും. ഇതു പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. തദ്ദേശതെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷമില്ലാതിരുന്ന എല്‍ഡിഎഫ് 12-ാം വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് വിമതനായി വിജയിച്ച സനീഷ് ജോര്‍ജിനെയും ഒമ്പതാം വാര്‍ഡില്‍ നിന്ന് മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേര്‍ത്താണ് നഗരസഭാ ഭരണം പിടിച്ചത്.

ഇതില്‍ ജെസി ജോണിയെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയതിനെത്തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പ് 30ന് നടക്കും. ഈ വാര്‍ഡ് എല്‍ഡിഎഫിന് ലഭിച്ചാല്‍ അവര്‍ക്ക് തുടര്‍ഭരണം ഉറപ്പാക്കാം. ഇതിനിടെ ചെയര്‍മാനെതിരേ അവിശ്വാസത്തിനുള്ള നീക്കം യുഡിഎഫില്‍ ഉയര്‍ന്നു വന്നെങ്കിലും ഇക്കാര്യത്തില്‍ നേതാക്കള്‍ രണ്ടു തട്ടിലാണ്. യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നാല്‍ ബിജെപി പിന്തുണയ്ക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഒന്നര വര്‍ഷ കാലാവധി ഭരണസമിതിയ്ക്കുള്ളതിനാല്‍ ചെയര്‍മാനെ ഒപ്പം നിര്‍ത്താനുള്ള കരുനീക്കങ്ങളാണ് ഇരു മുന്നണിയിലും നടക്കുന്നത്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ സിപിഎം തനിക്ക് സഹായകരമായ നിലപാട് എടുക്കാത്തതില്‍ ചെയര്‍മാന് നീരസമുണ്ട്.

 

Related Articles

Back to top button
error: Content is protected !!