ChuttuvattomThodupuzha

കൈക്കൂലിക്കേസ് ; ചെയര്‍മാന്‍ സനീഷ് ജോര്‍ജിനുള്ള പിന്തുണ പിന്‍വലിച്ച് എല്‍ഡിഎഫ്

തൊടുപുഴ : കൈക്കൂലിക്കേസില്‍ പ്രതിയായ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് രാജിവയ്ക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിനുള്ള പിന്തുണ പിന്‍വലിയ്ക്കാനും രാജിവയ്ക്കുംവരെ സമരം സംഘടിപ്പിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. എന്നാല്‍ ചെയര്‍മാനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തത്കാലം ഉദേശിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. വിജിലന്‍സ് കേസില്‍ പ്രതിയായതോടെ ചെയര്‍മാനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും രാജിവയ്ക്കാമെന്ന് ഉറപ്പുനല്‍കിയ ശേഷം പാലിക്കാതിരുന്നതോടെയാണ് പിന്തുണ പിന്‍വലിക്കുന്നതെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. അഴിമതിക്കു പ്രേരിപ്പിച്ചെന്ന ആരോപണം നേരിടുന്ന ചെയര്‍മാനെ സംരക്ഷിക്കുന്ന നിലപാട് മുന്നണിക്കില്ല. ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 11ന് വൈകുന്നേരം അഞ്ചിന് പ്രകടനവും യോഗവും നടത്തും. കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ സഹകരണമില്ലാതെ അവിശ്വാസം പാസാകാനുള്ള സാധ്യത നഗരസഭയിലില്ല. അത് എല്‍ഡിഎഫ് നയങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് അവിശ്വാസം കൊണ്ടുവരാത്തത്. യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുന്ന കാര്യം അപ്പോള്‍ തീരുമാനിക്കും.

ഒരാള്‍ അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ തത്സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടുകയാണ് ചെയ്യേണ്ടത്. ഇത് അദ്ദേഹത്തെ അറിയിച്ചെങ്കിലും വഴങ്ങിയില്ല. മുനിസിപ്പല്‍ ആക്ട് പ്രകാരം ചെയര്‍മാന് എഇയെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്താമായിരുന്നു. അത് ചെയര്‍മാന്‍ ചെയ്തില്ല. സ്‌കൂളിന്റെ വിഷയം മാത്രമല്ല നഗരത്തിലെ പല കെട്ടിടങ്ങള്‍ക്കും പെര്‍മിറ്റ് നല്‍കാതെ മാറ്റിവയ്ക്കുന്ന സമീപനമായിരുന്നു എഇയുടേത്. അഴിമതിക്കാരനായ ഇയാള്‍ക്കെതിേെര സമരം നടത്തിയതിന് എല്‍ഡിഎഫ് നേതാക്കളും കൗണ്‍സിലര്‍മാരും പ്രതികളാണ്. പലതവണ എല്‍ഡിഎഫും പരാതിപ്പെട്ടിട്ടുണ്ട്. അയാള്‍ക്കു കൈക്കൂലി കൊടുത്താല്‍ മാത്രമേ ജനങ്ങളുടെ കാര്യം നടക്കൂവെന്ന് നഗരസഭാ ചെയര്‍മാന്‍ പറയാന്‍ പാടില്ല. കൈക്കൂലി പണത്തിന് ഇടനിലക്കാരനായി ചെയര്‍മാന്‍ നില്‍ക്കേണ്ടതില്ല. ചെയര്‍മാനെതിരേയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു തന്നെയാണ് പാര്‍ട്ടി കരുതുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും നേതാക്കള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!