ChuttuvattomThodupuzha

അപകടക്കെണിയായി ചപ്പാത്തുകള്‍ : ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍

തൊടുപുഴ : ചപ്പാത്തുകള്‍ എന്ന പേരിലറിയപ്പെടുന്ന പാലങ്ങള്‍ ഇടുക്കിക്കാര്‍ക്കുണ്ടാക്കുന്ന ഭീഷണി ഏറെ വലുതാണ്. പുഴകള്‍ക്കും തോടുകള്‍ക്കും കുറുകെയുള്ള ചപ്പാത്തുകള്‍ മഴക്കാലത്ത് വെള്ളത്തിലാകുന്നതോടെ വിവിധ ഗ്രാമങ്ങള്‍ പോലും ഒറ്റപ്പെടും. ആവശ്യത്തിന് വീതിയും കൈവരിയും ഇല്ലാത്ത ചപ്പാത്തുകളില്‍ നിന്ന് വാഹനങ്ങളും കാല്‍നട യാത്രക്കാരും താഴേക്ക് പതിച്ചുള്ള അപകടങ്ങളും പതിവാണ്. ചെറുതും വലുതുമായുള്ള ഒട്ടനവധി പുഴകളും തോടുകളുമാണ് മലയോര ജില്ലയായ ഇടുക്കിയിലുള്ളത്. വര്‍ഷകാലത്തും വേനലിലുമുള്‍പ്പെടെ ഇവയ്ക്ക് കുറുയെയുള്ള പാലങ്ങള്‍ കടന്ന് വേണം ജനങ്ങള്‍ക്ക് വീടുകളിലെത്താന്‍. ഇവയില്‍ പലതും ബലവത്താണെങ്കിലും ചപ്പാത്തുകള്‍ എന്ന പേരിലറിയപ്പെടുന്ന പാലങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അപകടക്കെണികളാണ്.

ആവശ്യത്തിന് വീതിയോ കൈവരിയോ ഇല്ലാത്ത നിരവധി ചപ്പാത്തുകള്‍ ഇടുക്കിയിലെ ഓരോ ഗ്രാമങ്ങളിലുമുണ്ട്. ചെറിയ വാഹനങ്ങള്‍ കൂടാതെ ബസും ലോറിയും വരെ കടന്ന് പോകുന്ന ചപ്പാത്തുകളുമുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ചെറുതും വലുതുമായ ഇത്തരം ചപ്പാത്ത് പാലങ്ങളില്‍ അപകടങ്ങള്‍ പതിവാണ്. വേനല്‍ മഴയില്‍ പോലും മിക്ക ചപ്പാത്തുകളും നിറഞ്ഞൊഴുകുന്ന സ്ഥിതിയുണ്ട്. ഇതോടെ ഗ്രാമങ്ങള്‍ ഒറ്റപ്പെടുകയും ജനങ്ങള്‍ യാത്രാ ദുരിതത്തിലാകുകയുമാണ് പതിവ്.

ഭൂരിഭാഗം ചപ്പാത്തുകള്‍ക്കും കൈവരികളില്ല. ഉള്ളവയ്ക്കാണെങ്കില്‍ സംരക്ഷ വേലി തകര്‍ന്ന അവസ്ഥയിലുമാണ്. വെള്ളത്തിന്റെ കുത്തൊഴുക്കും കാലപ്പഴക്കവും മൂലം പല ചപ്പാത്തുകളുടെയും സംരക്ഷണ ഭിത്തിയും അടിത്തറയും തകര്‍ന്ന് ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. ചപ്പാത്തുകള്‍ ഉയര്‍ത്തണമെന്ന ആവശ്യം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതും അവഗണിക്കുന്നതും സ്ഥിരം പല്ലവിയാണെന്നും പരാതിയുണ്ട്. ഇത്തരം ചപ്പാത്തുകള്‍ ഉയര്‍ത്തി വീതി കൂട്ടി പാലങ്ങള്‍ നിര്‍മ്മിച്ച് സുരക്ഷിത യാത്ര ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!