ChuttuvattomThodupuzha

ചിന്നാര്‍ പെന്‍സ്റ്റോക്ക് പദ്ധതി പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം : മനുഷ്യാവകാശ കമ്മീഷന്‍

തൊടുപുഴ : ചിന്നാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പെന്‍സ്റ്റോക്ക് പദ്ധതി സംബന്ധിച്ച് കമ്മീഷന്റെ പഠന റിപ്പോര്‍ട്ട് 15 ദിവസത്തിനകം ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ക്കാണ് കമ്മീഷനംഗം വി.കെ. ബീനാകുമാരി നിര്‍ദേശം നല്‍കിയത്. കോഴിക്കോട് എന്‍ഐടി അധികൃതര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും പ്രോജക്്ട് മാനേജര്‍ കമ്മീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ മഴക്കാലത്ത് തങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പരാതിക്കാര്‍ കമ്മീഷനെ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി അപകടാവസ്ഥയിലായ വീടുകളും കൃഷി ഭൂമിയും കെഎസ്ഇബി ഏറ്റെടുത്ത് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന പ്രദേശവാസികളുടെ ആവശ്യം ജില്ലാ കളക്ടര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. പെന്‍സ്റ്റോക്ക് സ്ഥാപിക്കുന്നതിനായി അനിയന്ത്രിതമായ നിലയില്‍ പാറ പൊട്ടിക്കുന്നതിനാല്‍ ജീവനും സ്വത്തിനും ഭീഷണിയാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 11നു മൂന്നാര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തിയിരുന്നു.

വെള്ളത്തൂവല്‍ ആന്റ് ചിന്നാര്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് മാനേജര്‍ നേരിട്ട് ഹാജരായി ഇതുവരെ സ്വീകരിച്ച നടപടികള്‍ കമ്മീഷനെ ധരിപ്പിച്ചു. അപകടമേഖല കമ്മീഷന്‍ നേരത്തേ സന്ദര്‍ശിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ശക്തി കൂടിയ സ്‌ഫോടനങ്ങള്‍ നടത്തിയതുമൂലം വീടുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചതായി കമ്മീഷന്‍ നേരിട്ട് മനസിലാക്കി. പല വീടുകളുടെയും സിമന്റ് മേല്‍ക്കൂര അടര്‍ന്നു വീഴുകയും ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ചെയ്തിരുന്നു. അപകടമേഖലയില്‍ താമസിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും കമ്മീഷന്‍ വിലയിരുത്തി.കൃഷി സ്ഥലങ്ങള്‍ വിണ്ടുകീറി കൃഷിയോഗ്യമല്ലാതായവരുമുണ്ട്. എന്നാല്‍ പരാതിക്കാരുടെ വീടുകള്‍ക്കുണ്ടായ കേടുപാടുകള്‍ തുരങ്കനിര്‍മാണം മൂലമാണോയെന്ന് പറയാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

ജില്ലാ ജിയോളജിസ്റ്റ്, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ഇടുക്കി തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടില്‍ എന്‍ഐടി ഇക്കാര്യം പരിശോധിക്കണമെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. 20 മാസങ്ങള്‍ക്ക് മുമ്പാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ കമ്മീഷനു മുന്നിലും കൃത്യമായ വിവരം നല്‍കിയില്ല. അപകടാവസ്ഥയില്‍ പോലും പദ്ധതിയുടെ നിര്‍മാണം തുടരുന്ന സാഹചര്യം അത്ഭുതപ്പെടുത്തുന്നതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കൃഷി ചെയ്യാനും സ്വന്തം വീട്ടില്‍ കിടന്നുറങ്ങാനും കഴിയാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ മനുഷ്യത്വപരമായി ഇടപെടാത്തതില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. ഇടുക്കി പനങ്കുഴി സ്വദേശികളായ ഷിന്റോ അഗസ്റ്റിനും മറ്റും ചേര്‍ന്നാണ് പരാതി നല്‍കിയത്.

Related Articles

Back to top button
error: Content is protected !!