ChuttuvattomThodupuzha

ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജിനെ കൈക്കൂലിക്കേസില്‍ കുടുക്കിയതും സംരക്ഷിക്കുന്നതും ജില്ലയിലെ സിപിഎം നേതാക്കള്‍ : ഷിബിലി സാഹിബ്

തൊടുപുഴ : തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജിനെ കൈക്കൂലിക്കേസില്‍ കുടുക്കിയതും സംരക്ഷിക്കുന്നതും ജില്ലയിലെ സി.പി.എം നേതാക്കളാണെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് ആക്ടിംഗ് പ്രസിഡന്റ് ഷിബിലി സാഹിബ് പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കുമ്പംകല്ല് ബിടിഎം സ്‌കൂളിന് നിയമപ്രകാരം ഫിറ്റ്നസ് നല്‍കാനാകില്ല. സിപി എം നേതാവിന്റെ അടുത്ത സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂള്‍. ഫിറ്റ്‌നസ് നല്‍കാത്തത് സംബന്ധിച്ച് അദ്ദേഹം ചോദിച്ചപ്പോള്‍ അസി. എന്‍ജിനിയര്‍ കൈക്കൂലിക്കാരനാണെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്. അങ്ങനെയാണ് ചെയര്‍മാന്‍ രണ്ടാം പ്രതിയായത്. അതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഒന്നും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ രണ്ടാംപ്രതിയായ ചെയര്‍മാന്‍ ചേമ്പറിലുണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യാത്തതിന് പിന്നിലും ദുരൂഹതയുണ്ട്. പ്രതിയായ ശേഷം രണ്ട് ദിവസം ചെറുതോണിയിലെയും തൊടുപുഴയിലെയും പാര്‍ട്ടി ഓഫീസുകളില്‍ സനീഷ് ജോര്‍ജ്ജ് സജീവമായി പങ്കെടുത്തിട്ടും വിജിലന്‍സിന് കൈമാറാന്‍ സി.പി.എം തയ്യാറായില്ല. ആരോഗ്യകാരങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയില്‍ പോയതും വൈസ് ചെയര്‍പേഴ്‌സനെ ചുമതല ഏല്‍പ്പിച്ചതും സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ്.

സിപിഎമ്മുകാരനായ പ്രോസിക്യൂട്ടര്‍ എതിര്‍ത്തിരുന്നെങ്കില്‍ വിജിലന്‍സ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടാകില്ലായിരുന്നു. എല്ലാം നടന്നത് സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ ഒത്താശയോടും സഹായത്തോടും കൂടിയാണ്. വിജിലന്‍സ് കേസില്‍ പ്രതിയായ സനീഷ് ജോര്‍ജ്ജിനെ രാജി വയ്പ്പിച്ച് അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. മറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാനാണ്. ചെയര്‍മാനെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവച്ച് കൈകഴുകാമെന്ന് സിപിഎം വ്യാമോഹിക്കേണ്ട. വിജിലന്‍സ് കേസിലും കൈക്കൂലി കേസിലും പ്രതിയായവരെ സംരക്ഷിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല. രാഷ്ട്രീയ കേസുകളല്ലാതെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവര്‍ ഭാരവാഹികള്‍ പോലുമാകാന്‍ പാടില്ലെന്ന് വിലക്ക് ഏര്‍പ്പെടുത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!