Local LiveVannappuram

കാളിയാര്‍ ബസ് സ്റ്റാന്റിന് സമീപം മാലിന്യ കൂമ്പാരം ; ആരോഗ്യ ഉപകേന്ദ്രത്തിന് സമീപം ദുര്‍ഗന്ധവും കൊതുകുശല്യവും

തൊടുപുഴ : വണ്ണപ്പുറം പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രം സ്ഥിതി ചെയ്യുന്ന കാളിയാര്‍ ബസ് സ്റ്റാന്റിനു സമീപം മാലിന്യ കൂമ്പാരം. കാളിയാറിലെ കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം നിലച്ചിട്ടും പൊതുജനങ്ങള്‍ ഇവിടെ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിനാല്‍ പ്രദേശത്ത് ദുര്‍ഗന്ധവും കൊതുകുശല്യവും രൂക്ഷമാണ്. ഇതിന് പുറമേയാണ്, ആരോഗ്യ ഉപകേന്ദ്രത്തിനു തൊട്ടുമുമ്പിലായി ചപ്പ് ചവറുകള്‍ ഉപേക്ഷിച്ച് മാലിന്യ കൂമ്പാരമായി മാറിയത്. ബി.പി, ഷുഗര്‍ പരിശോധനകള്‍, ഗര്‍ഭിണികള്‍ക്കുള്ള പരിശോധന, കുട്ടികള്‍ക്കുള്ള വൈറ്റമിന്‍ ഡി, വാക്സിനുകള്‍ എന്നിവയെല്ലാം നല്‍കി വരുന്ന ആരോഗ്യ ഉപകേന്ദ്രത്തിന് മുമ്പിലെ വൃത്തിഹീനമായ അന്തരീക്ഷം എല്ലാ വിഭാഗം ജനങ്ങളേയും രോഗാവസ്ഥയിലേക്ക് എത്തിക്കുന്നു. നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

വൃത്തിഹീനമായ പരിസരത്തോട് ചേര്‍ന്ന് താമസിക്കുന്നയാള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുവാനുള്ള സാധ്യതയേറെയാണ്. നിരവധി കുടുംബങ്ങളിലേക്കുള്ള പൊതുവഴിക്ക് സമീപമാണ് ദുര്‍ഗന്ധപൂരിതവും മാലിന്യാവൃതവുമായ അന്തരീക്ഷം. എന്നാല്‍ ഇതെല്ലാം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. വാര്‍ഡില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ, കൊതുകു നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഫോഗിംഗ് ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും അനാസ്ഥക്കെതിരെ കടുത്ത പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നുണ്ടാകുന്നത്.

Related Articles

Back to top button
error: Content is protected !!