ChuttuvattomThodupuzha

അഴിയാക്കുരുക്കിന് പരിഹാരമില്ലേ മോര്‍ ജംഗ്ഷനില്‍ എത്തിയാല്‍ ആംബുലന്‍സും കിടപ്പിലാകും

തൊടുപുഴ : നഗരത്തിലെ തിരക്കേറിയ മോര്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാകുന്നു. ഇടുക്കി റോഡ്, മൂപ്പില്‍കടവ് പാലം, കാഞ്ഞിരമറ്റം ബൈപാസ്, തൊടുപുഴ ടൗണ്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ഇവിടം. നാലിടത്തുനിന്നും വാഹനങ്ങള്‍ ഒരുമിച്ചെത്തുന്നതോടെ ജംഗ്ഷന്‍ കുരുക്കില്‍ വീര്‍പ്പുമുട്ടും. ജംഗ്ഷനു സമീപമാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പ്രവര്‍ത്തിക്കുന്നത്. ബസുകള്‍ സ്റ്റാന്റിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതോടെ ജംഗ്ഷനില്‍ കുരുക്ക് രൂക്ഷമാകും. ഇവിടെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഇടപെട്ടാണ് വാഹനങ്ങള്‍ ഓരോ ഭാഗത്തേക്കും കടത്തിവിടുന്നത്. ഇടുക്കി റോഡിലേക്കുള്ള വാഹനങ്ങള്‍ കടത്തിവിടുമ്പോള്‍ മറ്റു മൂന്നിടങ്ങളില്‍നിന്നുമുള്ള വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെടും.

ഇതുമൂലം സമീപത്തെ ആശുപത്രിയിലേക്കും കോട്ടയം, കോലഞ്ചേരി മെഡിക്കല്‍ കോളേജുകള്‍, എറണാകുളത്തെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ എന്നിവിടങ്ങളിലേക്കുള്ള രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ പോലും ഒരിഞ്ച് നീങ്ങാനാവാതെ നിരത്തില്‍ കിടക്കേണ്ടിവരുന്നതു വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.രാവിലെയും വൈകുന്നേരങ്ങളിലും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരും കുരുക്കില്‍പ്പെട്ട് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇവിടുത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും ഇവയൊന്നും പ്രശ്‌നം പരിഹരിക്കാന്‍ ഉതകുന്നവയായില്ല. അതേ സമയം മേല്‍പ്പാലം നിര്‍മിച്ചാല്‍ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാനാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വീതികുറവും റോഡിന് ഇരുവശവും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതുമെല്ലാം ഇതിനു തടസമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!