ക്ഷീരസംഗമം ഞായറാഴ്ച കുടയത്തൂരില്‍


തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ക്ഷീരസംഗമം ഞായറാഴ്ച നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ.ജോണ്‍ അറിയിച്ചു. കുടയത്തൂര്‍ വെസ്റ്റ് ക്ഷീര സംഘത്തില്‍ നടക്കുന്ന പരിപാടി മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കൂടാതെ ക്ഷീര സംഗമത്തിന്റെയും കുടയത്തൂര്‍ ക്ഷീര സംഘത്തിന്റെ പുതിയ മന്ദിരത്തിന്റേയും ഉദ്ഘാടനവും നിര്‍വഹിക്കും. രാവിലെ എട്ടിന് കന്നുകാലി പ്രദര്‍ശനം നടത്തും. 29 ക്ഷീര സംഘങ്ങളില്‍ നിന്നെത്തിക്കുന്ന കന്നുകാലികള്‍, കന്നുകുട്ടികള്, കിടാരികള്‍, നാടന്‍പശുക്കള്‍ എന്നിവയെ പ്രദര്‍ശിപ്പിക്കും. ഡീന്‍ കുര്യാക്കോസ് എംപി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യം. ശേഷം ഡയറി ക്വിസ്, വിദഗ്ധര്‍ നയിക്കുന്ന ക്ഷീര വികസന സെമിനാര്‍ എന്നിവ നടക്കും. 11ന് ഉദ്ഘാടന സമ്മേളനം നടത്തും. ക്ഷീര മേഘലയില്‍ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ കര്‍ഷകരേയും ക്ഷീര വികസന ഓഫീസറേയും ചടങ്ങില്‍ ആദരിക്കും. പാല് ശീതീകരിക്കുന്നതിനായി മില്‍മ അനുവദിച്ചിട്ടുള്ള ബിഎംസിയുടെ ഉദ്ഘാടനവും നടക്കും. കൂടാതെ ചര്‍മമുഴ ബാധിച്ച പശുക്കള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ ജില്ല തല ഉദ്ഘാടനം, മില്‍മയുടെ സഹായ വിതരണം തുടങ്ങിയവ നടക്കും.
