ChuttuvattomThodupuzha

കാലവര്‍ഷം : ഒരു മാസത്തിനിടെ ജില്ലയില്‍ 58.78 ലക്ഷത്തിന്റെ കൃഷിനാശം

തൊടുപുഴ : കാര്‍ഷിക മേഖലയെ തകര്‍ത്ത കൊടും വേനലിനു പിന്നാലെയെത്തിയ കാലവര്‍ഷത്തില്‍ ജില്ലയില്‍ വ്യാപക കൃഷി നാശം. കനത്ത മഴയിലും ചുഴലിക്കാറ്റിലും മണ്ണിടിച്ചിലിലും പലയിടങ്ങളിലും കൃഷി നാശമുണ്ടായി. കഴിഞ്ഞ മാസം 29 മുതലാണ് ജില്ലയില്‍ കാലവര്‍ഷം ശക്തിപ്പെട്ടത്. അന്നു മുതല്‍ ജൂലൈ ഒന്നു വരെയുള്ള ഒരു മാസത്തിനിടെ ജില്ലയില്‍ 58.78 ലക്ഷം രൂപയുടെ നഷ്ടം കര്‍ഷകര്‍ക്കുണ്ടായെന്നാണ് കണക്ക്. വിവിധ മേഖലകളിലായി 382 കര്‍ഷകര്‍ക്കാണ് നഷ്ടം നേരിട്ടത്. മഴയിലും കാറ്റിലും 104 കര്‍ഷകര്‍ക്ക് 24.21 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായി. ഇളംദേശം ബ്ലോക്കിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. 9.13 ലക്ഷം രൂപയുടെ കൃഷി നാശം ഇവിടെയുണ്ടായി. ഇടുക്കി -4.89, അടിമാലി- 1.50, കട്ടപ്പന -3.45, പീരുമേട് -4.99, തൊടുപുഴ-0.25 ലക്ഷം എന്നിങ്ങനെയാണ് വിവിധ ബ്ലോക്കുകളില്‍ ഉണ്ടായ കൃഷി നാശത്തിന്റെ കണക്ക്. അതിശക്തമായ മഴയില്‍ 22.99 ലക്ഷം രൂപയുടെ കൃഷിയും നശിച്ചു. ഇളംദേശം, ഇടുക്കി, പീരുമേട് ബ്ലോക്കുകളിലാണ് നാശ നഷ്ടമുണ്ടായത്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 11.18 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായി. 95 കര്‍ഷകര്‍ക്കാണ് നഷ്ടം നേരിട്ടത്. ഇളംദേശം, ബ്ലോക്കിലാണ് മണ്ണിടിച്ചിലില്‍ കൂടുതല്‍ വിളനാശമുണ്ടായത്.

ഇടുക്കി ബ്ലോക്കിലും മണ്ണിടിച്ചിലുണ്ടായി. ചുഴലിക്കാറ്റു മൂലം ഇളംദേശം ബ്ലോക്കിലെ ആറു കര്‍ഷകര്‍ക്ക് കൃഷിനാശമുണ്ടായി. കാറ്റിലും മഴയിലും വാഴകൃഷിക്കാണ് വ്യാപക നാശനഷ്ടമുണ്ടായത്. കുലച്ച 2590 വാഴകളും കുലയ്ക്കാത്ത 1140 വാഴകളും കാലവര്‍ഷത്തില്‍ നശിച്ചു. ടാപ്പു ചെയ്യുന്ന 121 റബര്‍ മരങ്ങളും 24 ടാപ്പു ചെയ്യാത്ത മരങ്ങളും 76 കുരുമുളക് ചെടികളും 32 ജാതിയും 1.020 ഹെക്ടര്‍ സ്ഥലത്തെ ഏലച്ചെടികളും 25 തെങ്ങുകളും നശിച്ചു. കനത്ത മഴയില്‍ മാത്രം 2250 കുലച്ച വാഴകളും 2250 കുലയ്ക്കാത്ത വാഴകളും മൂന്നു ഹെക്ടര്‍ സ്ഥലത്തെ മരച്ചീനിയും അഞ്ചു റബര്‍ മരങ്ങളും നശിച്ചു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വാഴ -60, കൊക്കോ -215, തെങ്ങ് -50, കാപ്പി-135, കമുക് -80, റബര്‍-420 എന്നിങ്ങനെയാണ് വിളനാശമുണ്ടായത്. ശക്തമായ വേനലില്‍ ജില്ലയില്‍ 175.54 കോടിയുടെ കൃഷിനാശമുണ്ടായതായാണ് കണക്ക്. വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ കൃഷിവകുപ്പിന്റെ വിദഗ്ധ സംഘം തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്. ഏലം മേഖലയിലാണ് കൂടുതല്‍ നാശം സംഭവിച്ചത്. 16,220.6 ഹെക്ടര്‍ ഭൂമിയിലെ ഏലക്കൃഷി നശിച്ചതിലൂടെ 113.54 കോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തിയത്.

Related Articles

Back to top button
error: Content is protected !!