IdukkiLocal Live

ജില്ലയില്‍ വ്യാജമദ്യ വില്‍പ്പന വ്യാപകം : എക്സൈസ് വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി

ചെറുതോണി : ജില്ലയില്‍ വ്യാജമദ്യ വില്‍പ്പന പൊടി പൊടിക്കുമ്പോള്‍ എക്സൈസ് വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് ജില്ലാ മദ്യവിരുദ്ധ സമിതി. ജില്ലയില്‍ നിര്‍ജീവ വകുപ്പെന്ന കുപ്രസിദ്ധി മാറണമെന്ന വിചാരം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കില്ലെന്നും മദ്യവിരുദ്ധ സമിതി ഭാരവാഹികള്‍ പറഞ്ഞു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കാമാക്ഷി, വാത്തിക്കുടി, മരിയാപുരം പഞ്ചായത്തുകളിലെ ചെറുകിട സ്ഥാപനങ്ങളും പെട്ടിക്കടകളും കേന്ദ്രീകരിച്ച് സന്ധ്യ മയങ്ങുന്നതു മുതല്‍ മദ്യക്കച്ചവടം ആരംഭിക്കും. ഇരുട്ടിന്റെ മറവില്‍ രാവിലെ 6 വരെ മദ്യവില്‍പ്പന പൊടിപൊടിക്കും.വ്യാജമായി നിര്‍മ്മിക്കുന്ന മദ്യവും ബീവറേജസില്‍ നിന്നു മൊത്തമായി വാങ്ങുന്ന വിദേശമദ്യവുമെല്ലാം ഇത്തരത്തില്‍ ചില്ലറയായി വില്‍ക്കുന്നുണ്ട്. രാത്രിയില്‍ ഏജന്റുമാര്‍ വാഹനങ്ങളില്‍ ഇത്തരം കേന്ദ്രങ്ങളില്‍ മദ്യം മൊത്തമായി ഇറക്കിക്കൊടുക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

ഇതിനു പുറമെ വനമേഖലകള്‍ കേന്ദ്രീകരിച്ചു നിര്‍മ്മിക്കുന്ന വ്യാജമദ്യവും ഇവിടങ്ങളില്‍ സുലഭമാണ് .ഫോണിലൂടെ വിളിച്ചാല്‍ ആവശ്യക്കാര്‍ക്ക് ഏതുതരം മദ്യവും എത്തിച്ച് നല്കുന്ന ഓട്ടോ റിക്ഷാ ലോബിയും പ്രദേശങ്ങളില്‍ സജീവമാണ്. മിക്ക ഓട്ടോ റിക്ഷകളും സഞ്ചരിക്കുന്ന മദ്യഷാപ്പുകളാണെന്ന് മദ്യ വിരുദ്ധ സമിതി പറഞ്ഞു. കഞ്ചാവ്, മയക്കുമരുന്ന് ലോബിയും ജില്ലയില്‍ പിടി മുറുക്കുകയാണ്. വിദ്യാര്‍ത്ഥികളേയും ചെറുപ്പക്കാരേയും ലക്ഷ്യമാക്കിയാണ് മയക്കുമരുന്ന് വ്യാപാരം നടക്കുന്നത്. ജില്ലാ ആസ്ഥാന മേഖലകളിലെത്തി രാത്രികാലങ്ങളില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന യുവജനങ്ങളുടെ എണ്ണം അടുത്ത കാലത്തായി വര്‍ധിച്ചു. വല്ലപ്പോഴും പേരിനു മാത്രം ഏതെങ്കിലും വ്യാജ മദ്യക്കച്ചവടക്കാരനെ അറസ്റ്റ് ചെയ്യുന്ന എക്സൈസ് സംഘം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മദ്യ വിരുദ്ധ സമിതി ജില്ലാ ഭാരവാഹികളായ എം.പി അനില്‍കുമാര്‍, ആന്റണി കോട്ടുപ്പള്ളി, അനീഷ് രാഘവന്‍, ബിനോയ് ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!