നഗരസഭക്ക് മുന്നിലെ സമരം അപഹാസ്യമെന്ന് ചെയര്‍മാന്‍


തൊടുപുഴ: നഗരസഭയിലെ യു.ഡി.എഫ്. കൗസിലര്‍മാരുടെ നേതൃത്വത്തില്‍ വാക്സിനേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നഗരസഭാ ഓഫീസിന് മുമ്പില്‍ നടത്തിയ സമരം തികച്ചും അപഹാസ്യവും അപമാനകരവുമാണെ് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് പറഞ്ഞു. കേരളത്തിലെ ഏതൊരു നഗരസഭയേക്കാളും മികവുറ്റ പ്രവര്‍ത്തനങ്ങളാണ് തൊടുപുഴ നഗരസഭാ കോവിഡ് പ്രതിരോധത്തിനും വാക്സിനേഷനിലും നടത്തി വരുന്നത്. നാല് വാക്സിനേഷന്‍ സെന്ററുകളാണ് തൊടുപുഴയില്‍ നടത്തിയിരുന്നത്. അതിനാലാണ് വാക്സിനേഷനില്‍ രണ്ട് ഡോസും 60 ശതമാനം പേര്‍ക്ക് നല്‍കിയെന്ന നേട്ടം നഗരസഭയ്ക്ക് കൈവരിക്കാനായത്. പാറക്കടവ് പി.എച്ച്.സി. യിലെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായി ഒരാഴ്ചത്തേയ്ക്ക് ഇവിടെ നിന്നുള്ള വാക്സിനേഷന്‍ നിര്‍ത്തി വച്ചു എന്നത് ഒരു വസ്തുതയാണ്. ഇവിടെ തിങ്കളാഴ്ച മുതല്‍ വാക്സിനേഷന്‍ പുനരാരംഭിക്കും. സംസ്ഥാന വ്യാപകമായി കോവിഡ്-19 നുമായി ബന്ധപ്പെട്ട താല്‍ക്കാലിക എന്‍.എച്ച്.എം. ജീവനക്കാരുടെ സേവനം അവസാനിച്ചപ്പോള്‍ തൊടുപുഴയിലും ജീവനക്കാരുടെ കുറവുണ്ടായി. അതിനെ തുടര്‍ന്ന് മര്‍ച്ചന്റ് ട്രസ്റ്റ് ഹാളിലെ വാക്സിനേഷന്‍ നിര്‍ത്തി വയ്ക്കേണ്ടതായി വന്നു. തൊട്ടടുത്ത ദിവസം തന്നെ ജില്ലാ ആശുപത്രിയിലെ വാക്സിനേഷന്‍ ആരംഭിക്കുന്നതാണ്. കഴിഞ്ഞ 11 മാസമായി മികച്ച രീതിയിലാണ് നഗരസഭയില ഭരണ നിര്‍വ്വഹണം നടത്തുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
