തടി വ്യാപാരത്തിലെ തര്‍ക്കം: കഴുത്തിന് കുത്തേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു


പൂമാല: റബര്‍ തടി വില്‍പ്പനയെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിന്റെ പേരില്‍ കറിക്കത്തികൊണ്ട് കഴുത്തിന് കത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ലോറി ഡ്രൈവര്‍ മരിച്ചു. തൊടുപുഴ സ്വദേശി കോതവഴിക്കല്‍ പ്രദീപാണ് (ബാബു- 58) കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ മരിച്ചത്. കൂവക്കണ്ടം സ്വദേശി മോടംപ്ലാക്കല്‍ ബാലകൃഷ്ണനെ (കുഞ്ഞ്) കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മൂന്നു മാസത്തിന് ശേഷം ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ബാബു മരിച്ചതോടെ ബാലകൃഷ്ണന് എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുമെന്ന് കാഞ്ഞാര്‍ എസ്.എച്ച്.ഒ സോള്‍ജി മോന് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് കാഞ്ഞാര്‍ ഇന്‍സ്പെക്ടര്‍ സോള്‍ജി മോന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എറണാകുളത്തിന് പോയി. കഴിഞ്ഞ ജൂണ്‍ ഒമ്പതിന് വെള്ളിയാഴ്ച്ച വൈകിട്ട് 3.30നാണ് സംഭവം നടന്നത്. ബാബു ലോറിയില്‍ കിടന്നുറങ്ങുന്ന സമയത്താണ് കഴുത്തിന് കുത്തേറ്റത്. കൂവക്കണ്ടത്തുള്ള റബര്‍ മരങ്ങള്‍ വാങ്ങുന്നതുമായി ബന്ധപെട്ട് മരം വാങ്ങിയ വ്യക്തിയും ബാലകൃഷ്ണനും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പറയുന്നുണ്ട്. ബാലകൃഷ്ണന് പറഞ്ഞതിനേക്കാള്‍ അല്‍പ്പം കൂടിയ തുകയ്ക്കാണ് നിലവില്‍ തടി വാങ്ങിയ വ്യക്തി കച്ചവടം ഉറപ്പിച്ചത്. ഇതെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഭവത്തിന് കാരണമെന്ന് പറയുന്നു..
