മുസ്ലീം ലീഗിലെ പൊട്ടിത്തെറി; യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി രാജിവച്ചു


തൊടുപുഴ: മുസ്ലീം ലീഗില്‍ കഴിഞ്ഞ ഏതാനും നാളുകളായി തുടര്‍ന്ന് വരുന്ന വിഭാഗീയതയുടെ തുടര്‍ച്ചയായി യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി രാജിവച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മുസ്ലിം ലീഗിലും യൂത്ത് ലീഗിലും സംഘടനാപരമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം സ്വമേധയാ രാജി വയ്ക്കുന്നതായി യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി.എ.നിസാമുദീന്റെ രാജിക്കത്തില്‍ പറയുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും രാജി വക്കുന്നതായി കാട്ടി നിസാമുദ്ദീന്‍ കത്ത് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് ഇരു വിഭാഗവും പൂട്ടുകയും മറു വിഭാഗം ഓഫീസില്‍ കയറി വിമത യോഗം ചേരുകയും മറ്റും ചെയ്തിരുന്നു. ഇതിന് ഒരാഴ്ച മുമ്പ് വണ്ണപ്പുറത്ത് നടത്ത പൊതുയോഗത്തിനിടെ പാര്‍ട്ടി ജില്ലാ പ്രസിഡന്റിനെ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ നാല് യൂത്ത് ലീഗ് ഭാരവാഹികളെ പുറത്താക്കുന്നതടക്കമുള്ള നടപടികളുമുണ്ടായിരുന്നു.
