ChuttuvattomThodupuzha

വെള്ളിയാമറ്റത്ത്‌ കുളങ്ങര കാവ് സംരക്ഷണ പദ്ധതിക്ക് തുടക്കമായി

ഇളംദേശം: വെള്ളിയാമറ്റം പഞ്ചായത്തിലെ കുളങ്ങര കാവ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥ സംരക്ഷണ പദ്ധതിയില്‍പെടുത്തിയ വെള്ളിയാമറ്റം പഞ്ചായത്ത് ബിഎംസിക്ക് അനുവദിച്ച മൂന്നു ലക്ഷം രൂപ മുടക്കിയാണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥകളെ പൂര്‍വ സ്ഥിതിയില്‍ പുന:സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഇപ്പോള്‍ തരിശു നിലമായി കിടക്കുന്നതുമായ കുളങ്ങരക്കാവില്‍ വൃക്ഷലതാദികള്‍ നട്ടുപിടിപ്പിച്ച്‌ കാവ് എന്ന ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുകയാണ് ചെയ്യുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം  വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു വൃക്ഷത്തൈ നട്ടു കൊണ്ട്  നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതമ്മ വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ദാസ് പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ കബീര്‍ കാസീം, വി.കെ. കൃഷ്ണന്‍, രാജി ചന്ദ്രശേഖരന്‍, ഷേര്‍ളി ജോസുകുട്ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യന്‍ പി.എസ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിജു വി.കെ, കേരള സംസ്ഥാന ജൈവവ ഇടുക്കി ജില്ലാ കോഡിനേറ്റര്‍ അശ്വതി വി.എസ്, ക്ഷേത്ര ഭാരവാഹികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!