ChuttuvattomThodupuzha

മാലിന്യ സംസ്‌ക്കരണം ; നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്

തൊടുപുഴ : ശുചിത്വ – മാലിന്യ സംസ്‌കരണ മേഖലയിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്. ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലുമായി പൊതുജനം റിപ്പോര്‍ട്ട് ചെയ്യുന്നതും സ്‌ക്വാഡ് പരിശോധനയിലൂടെ കണ്ടെത്തുന്നതുമായ നിയമലംഘനങ്ങളില്‍ നടപടി കടുപ്പിച്ചു. ജൂണില്‍ മാത്രം സ്‌ക്വാഡ് 84 പരിശോധനകള്‍ നടത്തി. ഇതില്‍ നിന്നും ഏഴ് പഞ്ചായത്തുകളിലായി 14 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇടവെട്ടി, പീരുമേട് പഞ്ചായത്തുകളിലാണ് കൂടുതല്‍. മൂന്നു വീതം നിയമലംഘനങ്ങള്‍. ശാന്തന്‍പാറ, ഏലപ്പാറ, അടിമാലി പഞ്ചായത്തുകളില്‍ രണ്ടുവീതവും കഞ്ഞിക്കുഴി, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ ഒന്നുവീതവും നിയമലംഘനങ്ങളുണ്ട്. ആകെ 1,25,000 രൂപയാണ് പിഴയായി ഈടാക്കിയത്. വഴിയോരങ്ങളില്‍ മാലിന്യം നിക്ഷേപിച്ചതിനും കത്തിച്ചതിനും നിരോധിത പ്ലാസ്റ്റിക് വില്‍പ്പന നടത്തിയതിനുമാണ് നടപടികള്‍.

സുസജ്ജം സ്‌ക്വാഡ്

വ്യാപാര സ്ഥാപനങ്ങള്‍, വഴിയോര കച്ചവടക്കാര്‍, മത്സ്യ, മാംസ വ്യാപാരികള്‍, വിനോദയാത്ര സംഘങ്ങള്‍, സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സ്‌ക്വാഡ് സജ്ജമാണ്. പാതയോരങ്ങളിലും ജലാശയങ്ങളിലും മാലിന്യനിക്ഷേപം, മാലിന്യം കത്തിക്കല്‍, വലിച്ചെറിയല്‍, ജലാശയങ്ങളിലും പൊതുയിടങ്ങളിലും മലിനജലം ഒഴുക്കല്‍, നിരോധിത പ്ലാസ്റ്റിക് ഡിസ്പോസബിള്‍ വസ്തുക്കളുടെ സംഭരണം, വിപണനം, ഉപയോഗം, പൊതുയിടങ്ങളിലെ മാലിന്യനിക്ഷേപം, മലിനജല കുഴലുകളും മറ്റും പൊതുയിടങ്ങളിലേക്കും ജലാശയങ്ങളിലേക്കും തുറന്നുവയ്ക്കല്‍ തുടങ്ങി മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെല്ലാമെതിരെ പിഴ ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!