Kerala

സംസ്ഥാനത്ത് 292 പേര്‍ക്ക് കൂടി കോവിഡ്; രണ്ടു മരണം

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ചൊവ്വാഴ്ച മാത്രം 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച 115 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണ് ഇരട്ടിയിലധികം വര്‍ധന. ഇതോടെ സംസ്ഥാനത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 2,041 ആയി. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച രണ്ടുപേര്‍ മരിച്ചു. ചൊവ്വാഴ്ച രാജ്യത്താകെ 341 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 2,311 ആയി. രാജ്യത്തെ ആകെ സജീവ കോവിഡ് കേസുകളില്‍ 88 ശതമാനത്തിലധികം കേസുകളും കേരളത്തിലാണ്. അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടക്കുന്ന സംസ്ഥാനവും കേരളമാണ്. ചൊവ്വാഴ്ച കര്‍ണാടകയില്‍ ഒമ്പതുപേര്‍ക്കും ഗുജറാത്തില്‍ മൂന്നുപേര്‍ക്കും ഡല്‍ഹിയില്‍ മൂന്നുപേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. കോവിഡ് കേസിലുള്ള വര്‍ധന കഴിഞ്ഞ മാസംതന്നെ കണ്ടിരുന്നു. ഉടന്‍ യോഗം ചേര്‍ന്നു നടപടികളും സ്വീകരിച്ചിരുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗലക്ഷണമുള്ളവര്‍ക്കു കോവിഡ് പരിശോധനകൂടി നടത്താനും സാന്പിളുകള്‍ അയയ്ക്കാനും നിര്‍ദേശം നല്‍കി. നിലവില്‍ സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിനു സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. ആരോഗ്യവകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തും. ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കു പ്രത്യേക സൗകര്യമൊരുക്കണം. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കല്‍ കോളജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ത്തന്നെ ചികിത്സിക്കണമെന്നും നിര്‍ദേശിച്ചു. ഇതിനായി നിശ്ചിത കിടക്കകള്‍ കോവിഡിനായി ജില്ലകള്‍ മാറ്റിവയ്ക്കും. ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവ നിലവിലുള്ള പ്ലാന്‍ എ, ബി അനുസരിച്ച് ഉറപ്പു വരുത്തണമെന്നും ഡയാലിസിസ് രോഗികള്‍ക്കു കോവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി. കോവിഡ് രോഗലക്ഷണമുള്ളവര്‍ക്കു മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കു പ്രത്യേക പരിഗണന നല്‍കണം. കോവിഡ് പോസിറ്റീവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ത്തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!