National

ആദിത്യ എൽ വൺ : ആദ്യ ഭ്രമണപഥമുയർത്തൽ വിജയകരമെന്ന് ഐഎസ്ആർഒ

ന്യൂഡല്‍ഹി: ആദിത്യ എൽ വണ്ണിന്റെ ആദ്യ ഭ്രമണപഥമുയർത്തൽ വിജയകരമെന്ന് ഐഎസ്ആർഒ. ഭൂമിയിൽ നിന്നും 245 കിമി മുതൽ 22459 കിമീ വരെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഉപഗ്രഹത്തിന്റെ യാത്രയും പ്രവർത്തനങ്ങളും സാധാരണനിലയിലാണെന്ന് ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി. 16 ദിവസം ആദിത്യ എൽ വൺ ഭൂമിയുടെ ഭ്രമണപഥത്തിൽ തുടരും. അടുത്ത ഭ്രമണപഥം ഉയർത്തൽ സെപ്റ്റംബർ അഞ്ചിന് പുലർച്ചെ മൂന്ന് മണിയ്ക്കാണ്.

ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും പിഎസ്എൽവി വിക്ഷേപണ വാഹനത്തിൽ ആദിത്യ എൽ വണ്ണിന്റെ യാത്ര ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ്. ലഗ്രാഞ്ച്-എൽ വണ്ണിന് ചുറ്റുുമുള്ള ഹാലോ ഓർബിറ്റിൽ എത്തിക്കുകയാണ് ലക്ഷ്യം. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലം ഏകദേശം തുല്യമായി അനുഭവപ്പെടുന്ന ഇടമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്.

സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെക്കുറിച്ചും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനമാണ് ആദിത്യയുടെ ലക്ഷ്യം. സൂര്യനെ നിരീക്ഷിക്കാൻ തദ്ദേശീയമായി നിർമിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിസിന്റെ വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ്, ഐയൂക്കയുടെ സോളാർ അൾട്രാ വയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ്, തിരുവനന്തപുരം സ്പേസ് ഫിസികിസ് ലബോറട്ടറിയുടെ പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ എന്നിവ അതിൽ ചിലതാണ്.

ഭൂഭ്രമണപാതയിലെ സഞ്ചാരം വികസിച്ച് നാലുതവണ ഭൂമിയെ വലം ചെയ്യും. അഞ്ചാം തവണ ഭൂഗുരുത്വാകർഷണ വലയം വിട്ട് സൂര്യപാതയിലേക്ക് പേടകം നീങ്ങും. 125 ദിവസം നീളുന്ന ഘട്ടം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് വൺ പോയിന്റിൽ പേടകത്തെ എത്തിക്കും. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരവാതത്തിന്റെ ഫലങ്ങൾ, സൂര്യന്റെ തീവ്ര താപ, കാന്തിക സ്വഭാവങ്ങൾ, സൂര്യന്റെ ഉപരിതലഘടന തുടങ്ങിയ നിർണായക പഠനങ്ങളാണ് ദൗത്യത്തിന്റെ ലക്ഷ്യം. അഞ്ചുവർഷവും രണ്ടുമാസവുമാണ് ആദിത്യ എൽ വൺ ദൗത്യത്തിന്റെ ലക്ഷ്യം.

Related Articles

Back to top button
error: Content is protected !!