ChuttuvattomIdukki

സാഹസിക വിനോദങ്ങള്‍ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്

ഇടുക്കി: വിനോദസഞ്ചാരമേഖലയില്‍ മികച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ സാഹസിക വിനോദങ്ങള്‍ക്ക് കഴിയുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ നിര്‍മ്മിച്ച കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകത്ത് വിനോദ സഞ്ചാര മേഖലയില്‍ സാഹസിക വിനോദങ്ങള്‍ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാന്റി ലിവര്‍ ഗ്ലാസ് ബ്രിഡ്ജ് കേരളത്തിലാണ് എന്നത് അഭിമാനകരമാണ്. പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ , സ്വകാര്യവ്യക്തികള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഇത്തരം പദ്ധതികള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വാഗമണ്ണിലെ ഗ്‌ളാസ് ബ്രിഡ്ജ് ഇപ്പൊള്‍ തന്നെ ട്രെന്‍ഡായിക്കഴിഞ്ഞു. ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപം കൂടുതലായി നടപ്പിലാക്കിയാല്‍ ഇടുക്കിയിലാകും മികച്ച കുതിപ്പ് ഉണ്ടാകുക. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അനവധി ടൂറിസം ഡെസ്റ്റിനേഷനുകളുണ്ട്. ഇവയുടെ വളര്‍ച്ചക്കാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച് സംഘടിപ്പിച്ചത്.

60 ശതമാനം ടൂറിസം വകുപ്പും 40 ശതമാനം തദ്ദേശസ്ഥാപനങ്ങളും മുതല്‍ മുടക്കി ടൂറിസം ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കുന്നതിന് പദ്ധതി നടപ്പിലാക്കി വരുകയാണെന്നും മന്ത്രി പറഞ്ഞു. വാഗമണ്ണില്‍ ഒരു കംഫര്‍ട്ട്‌സ്റ്റേഷന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച യോഗത്തില്‍ വാഴൂര്‍ സോമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എം എം മണി എംഎല്‍എ മുഖ്യാതിഥിയായി. ഭാരത് മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോമി പൂണോളി പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിത്യ എസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ശ്രുതി പ്രദീപ്, സിനി വിനോദ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി എസ് രാജന്‍, സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ തിലകന്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം ജെ വാവച്ചന്‍, കക്ഷി രാഷ്ട്രീയ പ്രതിനിധികളായ സി സന്തോഷ് കുമാര്‍, ഷിജോ തടത്തില്‍, സി എം അസീസ്, പ്രിന്‍സ് മാത്യു, സജീവ് കുമാര്‍, അഡ്വ സജി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!