Idukki

ആഫ്രിക്കന്‍ പന്നിപ്പനി: നഷ്ടപരിഹാര വിതരണം 20ന്

ഇടുക്കി: ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര വിതരണം 20ന് ഉച്ചകഴിഞ്ഞ് 3.30ന് മന്ത്രി ജെ.ചിഞ്ചുറാണി പെരുവന്താനത്ത് നിര്‍വഹിക്കും. ഇതോടൊപ്പം പുതുതായി നിര്‍മിക്കുന്ന പെരുവന്താനം മൃഗാശുപത്രിയുടെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിക്കും. ആഫ്രിക്കന്‍ പന്നിപ്പനി മൂലം നഷ്ടം നേരിട്ട 42 കര്‍ഷകര്‍ക്കുള്ള 1,02,14,400 രൂപ നഷ്ടപരിഹാരമാണ് വിതരണം ചെയ്യുന്നത്. 13 പ്രഭവകേന്ദ്രങ്ങളിലെ 42 കര്‍ഷരുടെ 885 പന്നികളുടെ നഷ്ടപരിഹാരത്തുകയാണ് ഇത്.

ജില്ലയില്‍ പതിനൊന്ന് പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലുമായി 15 പ്രഭവകേന്ദ്രങ്ങളിലാണ് പന്നിപ്പനി ബാധിച്ചത്. ജില്ലയില്‍ 51 കര്‍ഷരുടേതായി 1,151 പന്നികളെയാണ് ദയാവധം ചെയ്തത്. ഇതില്‍ എട്ടു കര്‍ഷകരുടെ 262 പന്നികള്‍ക്കുള്ള നഷ്ടപരിഹാരത്തുകയായ 18,75,000 രൂപ കഴിഞ്ഞ ഡിസംബര്‍ 22നു കരിമണ്ണൂരില്‍ നടന്ന ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തിരുന്നു.

കഴിഞ്ഞ 63 വര്‍ഷമായി വാടകക്കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന ഇടുക്കി പെരുവന്താനം മൃഗാശുപത്രിക്കായി പഞ്ചായത്ത് ഓഫീസിനു സമീപമാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ മൃഗാശുപത്രി നിര്‍മിക്കുന്നത്. ജില്ലയിലെ മൃഗസംരക്ഷണമേഖലയില്‍ മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ബിനു വാസുദേവന്‍, മികച്ച സമ്മിശ്ര കര്‍ഷനായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഗീസ് യോഹന്നാന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. കുട്ടികളെ മൃഗസംരക്ഷണമേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കിയ പദ്ധതിയായ സ്കൂള്‍ പൗള്‍ട്രി ക്ലബ്ബുകള്‍ വഴി ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട 60 സ്കൂളുകളില്‍ 19.575 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

ഡീന്‍ കുര്യാക്കോസ് എംപി, വാഴൂര്‍ സോമന്‍ എംഎല്‍എ, കെ.ടി. ബിനു, പി. മാലതി, ഡോമിന സജി തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!