Kerala

എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം ; ഗതാഗത നിയമ ലംഘനങ്ങള്‍ ഗണ്യമായി കുറഞ്ഞു

തൊടുപുഴ: എ.ഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി ഒരു മാസത്തിനുള്ളില്‍ ജില്ലയിലെ ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ ഒരു മാസത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞ ജില്ലകളില്‍ ഇടുക്കി ഏറെ മുന്നിലാണ്. റോഡ് സുരക്ഷയ്ക്കായി സ്ഥാപിച്ച എ.ഐ ക്യാമറകള്‍ ഏറെ പ്രയോജനം ചെയ്യുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തിരുന്ന ഇരുചക്ര വാഹന യാത്രികരും കൂടെ യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് ധരിച്ച് തുടങ്ങി. ക്യാമറയില്‍ നിയമ ലംഘനങ്ങള്‍ പിടികൂടുമെന്ന അവബോധം ജനങ്ങളിലുണ്ടായിട്ടുണ്ട്. ക്യാമറയില്ലാത്ത സ്ഥലങ്ങളില്‍ കൂടി ഏറെ ഗുരുതരമായിട്ടുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നിരീക്ഷണം ശക്തമാക്കും. ക്യാമറ കണ്ണില്‍  അകപ്പെടാതിരിക്കാന്‍ കുട്ടി ഡ്രൈവര്‍മാരും റേസര്‍മാരും നമ്പര്‍ പ്ലേറ്റ് മറച്ചുകൊണ്ടോ ഇവ ഇല്ലാത്ത വാഹനങ്ങളുമായോ നിരത്തിലിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടി നിയമലംഘനങ്ങള്‍ ഇല്ലാതാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വരികയാണ്.

അപകടങ്ങളും നിയമ ലംഘനങ്ങളും കുറഞ്ഞു

സംസ്ഥാനത്ത് 2022 ജൂണില്‍ 3714 വാഹനാപകടങ്ങളാണു ഉണ്ടായത്. ക്യാമറ സ്ഥാപിച്ച ശേഷം, 2023 ജൂണില്‍, ഇത് 1278 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ വാഹനാപകടങ്ങളില്‍ 344 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഇത്തവണ  140 ആയി കുറഞ്ഞു. 2022 ജൂണില്‍ വാഹനാപകടങ്ങളില്‍പ്പെട്ട് 4172 പേര്‍ക്കാണ് പരുക്കേറ്റത്. ഇത്തവണ 1468 ആയി കുറയുകയും ചെയ്തു. ജൂണ്‍ അഞ്ചു മുതലാണ് എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്കു പിഴ ഈടാക്കി തുടങ്ങിയത്. സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്തതിന് സംസ്ഥാനത്ത് ആകെ 49775 പേര്‍ക്കു പിഴ ചുമത്തിയപ്പോള്‍ 1932 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ഇടുക്കിയാണ് ഈ വിഭാഗത്തില്‍ നിയമ ലംഘനം കുറഞ്ഞ ജില്ല. സഹയാത്രികന് സീറ്റ് ബെല്‍റ്റ് ഇല്ലാതിരുന്ന 57032 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിലും കുറവ് ഇടുക്കിയിലാണ്. 2348 കേസുകള്‍ മാത്രമേ ജില്ലയില്‍ കണ്ടെത്തിയത്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് 1846 പേര്‍ക്കു പിഴ ചുമത്തിയപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കുറവ്  ഇടുക്കി  ജില്ലയിലായിരുന്നു. 9 കേസുകള്‍ മാത്രം. ജില്ലയില്‍ എല്ലാവിധ ഗതാഗത നിയമ ലംഘനങ്ങളും പിടികൂടി ഗതാഗത യാത്ര കൂടുതല്‍ അപകടരഹിതമാക്കുവാനുള്ള  തയ്യാറെടുപ്പിലാണ് ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ്.

ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശീലിച്ചു

ജില്ലയില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ കൂടുതല്‍ പേര്‍ ഗതാഗത നിയമങ്ങള്‍ പാലിച്ചു തുടങ്ങിയതായി ആര്‍.ടി.ഒ ആര്‍. രമണന്‍ പറഞ്ഞു. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് തന്നെ നിയമലംഘനങ്ങള്‍ കുറഞ്ഞു. റോഡ് സുരക്ഷയ്ക്കായാണ് ഇത്തരം സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്. ജില്ലയില്‍ റോഡ് അപകടങ്ങള്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. അപകടം കുറയ്ക്കുകയെന്നത് മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം ജില്ലയില്‍ റോഡ് അപകടങ്ങളും മരണ നിരക്കും കുറഞ്ഞതായി എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി.എ നസീര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!