Kerala

ശനിയാഴ്ച്ചയ്ക്കകം സപ്ലൈകോയില്‍ എല്ലാ ഉല്‍പ്പന്നങ്ങളും എത്തും; ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണം അടുത്തിരിക്കെ സപ്ലൈകോയില്‍ സാധനങ്ങളില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെ പരിഹാരവുമായി ഭക്ഷ്യമന്ത്രി. സപ്ലൈകോ ഷോപ്പുകളില്‍ എല്ലാ സാധനങ്ങളും ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ഓഗസ്റ്റ് 19 നകം എല്ലാ ഉല്‍പന്നങ്ങളും എല്ലായിടത്തും ലഭ്യമാക്കും. വന്‍പയര്‍, കടല, മുളക് ടെണ്ടറില്‍ വിതരണക്കാര്‍ പങ്കെടുക്കുന്നില്ലെന്നും ഇവ കിട്ടാനില്ലാത്തതാണ് പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു. 43000 നെല്‍കര്‍ഷകര്‍ക്ക് ബുധനാഴ്ചയ്ക്കകം പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചിരുന്നു. സപ്ലൈകോയെ ദയാവധത്തിന് വിട്ടുകൊടുക്കുന്നുവെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആരോപണം ഉയര്‍ത്തിയത്. മാത്രമല്ല സപ്ലൈകോ കെഎസ്ആര്‍ടിസിയുടെ പാതയിലേക്കാണ് നീങ്ങുന്നതെന്നും ആരോപിച്ചിരുന്നു. ഓണം അടുത്തിരിക്കെ സപ്ലൈകോയില്‍ പല സാധനങ്ങളും കിട്ടാനില്ലെന്ന് പരക്കെ ആരോപണം ഉയരുന്നുണ്ട്. ഇതിനിടെ സാധനങ്ങള്‍ ഇല്ലെന്ന് എഴുതിവയ്ക്കരുതെന്ന് സപ്ലൈകോ ജീവനക്കാര്‍ക്ക് മാനേജര്‍ വിചിത്ര നിര്‍ദ്ദേശം നല്‍കിയത് വിവാദമായിരുന്നു. ഷോപ്പിലില്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് പരസ്യപ്പെടുത്തിയ സ്റ്റോര്‍ മാനേജരെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെയായിരുന്നു കോഴിക്കോട് റീജ്യണല്‍ മാനേജര്‍ എന്‍ രഘുനാഥിന്റെ വിചിത്ര സന്ദേശം. ഇതിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!