ChuttuvattomIdukki

ജില്ലയില്‍ ഓട്ടിസം സെന്ററിന് ശുപാര്‍ശ നല്‍കും : ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം

ഇടുക്കി: ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ജില്ലയില്‍ പരിശീലന കേന്ദ്രം ആവശ്യമുണ്ടെന്ന് കമ്മീഷന്‍ അംഗം എന്‍ സുനന്ദ .ഇത് സംബന്ധിച്ച ശുപാര്‍ശ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അവലോകന യോഗം ചേര്‍ന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ബഡ്‌സ് സ്‌കൂളുകള്‍ ഉണ്ടെങ്കിലും പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തില്‍ ഓട്ടിസം സെന്റര്‍ ഇല്ല. ഈ കുറവ് പരിഹരിക്കപ്പെടേണ്ടതുണ്ട്.വിദ്യാഭ്യാസം, പോലീസ്, എക്‌സൈസ്, പട്ടിക ജാതി- പട്ടിക വര്‍ഗ വികിസന വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ കുട്ടികള്‍ക്ക് വേണ്ടി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ യോഗം അവലോകനം ചെയ്തു. പദ്ധതികളുടെ പ്രയോജനം കുട്ടികളിലേക്ക് എത്തേണ്ടതുണ്ടെന്ന് കമ്മീഷന്‍ അംഗം വ്യക്തമാക്കി . പദ്ധതി നടത്തിപ്പിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. കേരള പോലീസ് നടപ്പാക്കുന്ന ഹോപ് , ചിരി, കൂട്ട്, കവചം, ഗുരുകുലം തുടങ്ങി വിവിധ പദ്ധതികളും യോഗം വിശകലനം ചെയ്തു.വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു.

ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജയശീലന്‍ എം, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിഷ വി.ഐ, സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈഎസ്പി അരുണ്‍ കുമാര്‍, ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കെ. കാര്‍ത്തികേയന്‍, ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഋഷികേശന്‍ നായര്‍, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!