Idukki

വീടു കുത്തിത്തുറന്ന് 75 കിലോ കുരുമുളകു മോഷ്ടിച്ചു:വിവരമറിഞ്ഞ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു

 

ചെറുതോണി: വീട്ടുകാര്‍ തീര്‍ഥാടനത്തിനു പോയ സമയത്ത് വീടു കുത്തിത്തുറന്ന് 75 കിലോ കുരുമുളകു മോഷ്ടിച്ചു. വിവരമറിഞ്ഞ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. രാജമുടി മണലേല്‍ വിശ്വനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. മുരിക്കാശേരി പോലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ പുറകുവശത്തെ കതകു കുത്തിത്തുറന്ന മോഷ്ടാവ് രണ്ടു പ്ലാസ്റ്റിക്കു ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 75 കിലോ കുരുമുളകു മോഷണം നടത്തി. വീട്ടിനുള്ളില്‍ കടന്ന മോഷ്ടാവ് അലമാരയിലും മേശയിലും പരിശോധന നടത്തി വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇടുക്കിയില്‍ നിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ പോലീസ് ഇന്നലെയാണ് പരിശോധന നടത്തിയത്. വീട്ടുകാരേക്കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമായിരിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വിശ്വനാഥനും ഭാര്യ ഷീലയും മക്കളായ അരുണ്‍, അനീഷ്, മരുമക്കളായ രമ്യ, അനുപ്രിയ എന്നിവരുമായി പഴനിക്കു ക്ഷേത്ര ദര്‍ശനത്തിനു പോയത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങവെ തമിഴ്‌നാട് കേരള അതിര്‍ത്തിയായ ചിന്നാറിലെത്തിയപ്പോള്‍ രാത്രി വീട്ടില്‍ മോഷണം നടന്ന വിവരം ബന്ധുക്കള്‍ വിശ്വനാഥനെ വിളിച്ചറിയിച്ചു. ഇതു കേട്ട വിശ്വനാഥന്‍ കാറില്‍ത്തന്നെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഇതു മൂലം പോലീസില്‍ പരാതി കൊടുക്കാനും താമസം നേരിട്ടു. സംസ്‌ക്കാര ചടങ്ങുകള്‍ നടന്ന വീടായതിനാല്‍ നിരവധി പേര്‍ വീട്ടില്‍ വന്നു പോയതിനാല്‍ നിര്‍ണായകമായ പല തെളിവുകളും നശിക്കുകയും ചെയ്തു. ഇന്നു മുതല്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് പോലീസിന്റെ തീരുമാനം മുരിക്കാശേരി സി.ഐ.ക്കാണു അന്വേഷണ ചുമതല

Related Articles

Back to top button
error: Content is protected !!