National

നിർണ്ണായക നീക്കവുമായി കേന്ദ്രം; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പഠിക്കാൻ സമിതി, മുൻ രാഷ്ട്രപതി അധ്യക്ഷൻ

ന്യൂഡല്‍ഹി: പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയം ആലോചിക്കാൻ കേന്ദ്രം സമിതി രൂപീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കേന്ദ്രം നിയമിച്ചു. വിഷയം പഠിച്ചതിന് ശേഷം പാനൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. 2014 ൽ ബിജെപിയുടെ പ്രകടന പത്രികയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലുള്ള അഭിപ്രായം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുൾപ്പെടെയും ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് മുൻ രാഷ്ട്രപതിയെ അധ്യക്ഷനായുള്ള സമിതിയെ രൂപീകരിച്ചത്. അതേസമയം, സമിതിയിലെ മറ്റു അം​ഗങ്ങളെക്കുറിച്ച് പുറത്ത് വന്നിട്ടില്ല. എന്നാൽ സമിതിയിൽ വിരമിച്ച ജഡ്ജിമാരുണ്ടെന്നാണ് വിവരം. വിഷയം പഠിച്ചതിന് ശേഷം സമിതി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കും.

കേന്ദ്ര സർക്കാർ വിളിച്ചു ചേർക്കുന്ന പാർലമെൻറിന്റെ പ്രത്യേക സമ്മേള്ളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാൻ നീക്കമെന്ന് സൂചനയുണ്ട്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തിൽ കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പ്  നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നത്. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻറ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. സമ്മേളനം ഫലപ്രദമായ ചർച്ചകൾക്കായാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചു. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്ന സൂചനയാണ് സർക്കാർ നൽകുന്നത്. എന്നാൽ എന്ത് തരത്തിലുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉണ്ടാകുക എന്ന് മന്ത്രി വ്യക്തമാക്കിയില്ല.

Related Articles

Back to top button
error: Content is protected !!