ChuttuvattomKarimannur

വകുപ്പുകള്‍ തമ്മില്‍ ശീത സമരം: റോഡ് നിര്‍മാണം അനിശ്ചിതത്വത്തില്‍

കരിമണ്ണൂര്‍: നെയ്യശേരി-തോക്കുമ്പന്‍ സാഡില്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ ഒഴിവാക്കാന്‍ നിബന്ധനകളുമായി വൈദ്യുതി ബോര്‍ഡ്. എന്നാല്‍ കെഎസ്ടിപി ഇതിന് വഴങ്ങാതെ വന്നതോടെ നിര്‍മാണം അനിശ്ചിതത്വത്തിലായി. റോഡ് നിര്‍മാണത്തിന് തടസമായി നില്‍ക്കുന്ന 300 ഓളം വൈദ്യ്യുതി പോസ്റ്റുകളുടെ കാര്യത്തിലാണ് തര്‍ക്കം തുടരുന്നത്. വൈദ്യുതി പോസ്റ്റുകള്‍ മതിയായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ ഭീമമായ തുകയാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെടുന്നത്. ഇതോടെ റോഡ് നിര്‍മാണത്തിന് ഒരുമാസത്തോളമായി നില നില്‍ക്കുന്ന തടസം തുടരുകയാണ്. റോഡ് കടന്നു പോകുന്ന വഴിയിലെ വൈദ്യുതി പോസ്റ്റുകള്‍ പാതയോരത്തേക്കു മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു രണ്ടു ഏജന്‍സികളും തമ്മില്‍ തര്‍ക്കം ഉടലെടുത്തിട്ട് നാളുകളായി.

എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനിടെ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിന് ഒരുമാസം മുമ്പ് യോഗം ചേര്‍ന്നിരുന്നു അന്നത്തെ തീരുമാന പ്രകാരം വൈദ്യുതി പോസ്റ്റ് റോഡരികിലേക്കു മാറ്റി സ്ഥാപിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി കെഎസ്ഇബി മുന്പു നല്‍കിയിരുന്ന മെമ്മോ പിന്‍വലിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം വണ്ണപ്പുറം പഞ്ചായത്തു പ്രസിഡന്റ് എം.എ. ബിജു വിളിച്ചു ചേര്‍ത്ത യോഗത്തിലും ഇതേ നിലപാടു തന്നെയാണ് വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചത്. പാലത്തിന്റെ സമാന്തര പാതയ്ക്കു നടുവില്‍ തടസമായി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തതിനാല്‍ മുളപ്പുറം പാലത്തിന്റെ സമാന്തരപാത നിര്‍മാണവും നടക്കുന്നില്ല. റോഡു നിര്‍മാണം തുടങ്ങിയ നാള്‍ മുതല്‍ ഇതുതടസപ്പെടുത്താന്‍ വനം വകുപ്പും രംഗത്തുണ്ട്. എറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കരിമണ്ണൂര്‍, വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ സമഗ്രവികസനത്തിനു സഹായകരമാകുന്ന റോഡു നിര്‍മാണം ആരംഭിച്ചത്. ജര്‍മന്‍ സഹായത്തോടെ പ്രളയദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തിയാണ് റോഡു നിര്‍മിക്കുന്നത്. കരാര്‍ പ്രകാരം രണ്ടു വര്‍ഷംകൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കണം. ഇപ്പോള്‍ തന്നെ ഒരുവര്‍ഷം കഴിഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളുടെ തടസവാദവും ഏകോപനമില്ലായ്മയും മൂലം റോഡ് നിര്‍മാണം അനന്തമായി നീളാനിടയാകുമെന്നാണ് നാട്ടുകാരുടെ ആരോപണം.

 

Related Articles

Back to top button
error: Content is protected !!