Idukki

എക്സൈസ് പരിശോധനയെ ചൊല്ലി തര്‍ക്കം: യുവാക്കള്‍ വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു

ഇടുക്കി: എക്സൈസ് സംഘം പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കള്‍ വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇടുക്കി പൂപ്പാറ സ്വദേശികളായ മൂന്ന് പേര്‍ അറസ്റ്റില്‍. ലഹരി മാഫിയയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവര്‍. പൂപ്പാറ മുള്ളന്‍തണ്ട് സ്വദേശികളായ മണി, ശിവ, രാജേഷ് എന്നിവരെയാണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്. മൂലത്തുറ സ്വദേശി വളര്‍മതിയെ പ്രതികള്‍ വീട്ടില്‍ കയറി വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ വളര്‍മതി തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതികള്‍ സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം  കഞ്ചാവ് സൂക്ഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പൂപ്പാറയിലുള്ള പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇത് സംബന്ധിച്ച്‌ വളര്‍മതിയുടെ മക്കളായ ജയപ്രകാശ്, വര്‍ഗീസ് എന്നിവരുമായി പ്രതികള്‍ ഫോണില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വാക്കത്തിയുമായി വീട്ടിലെത്തിയ പ്രതികള്‍ ജയപ്രകാശിനെ കല്ലു കൊണ്ട് ഇടിക്കുകയും ഇത് തടയാന്‍ ചെന്ന വളര്‍മതിയെ വാക്കത്തി കൊണ്ട് വെട്ടുകയുമായിരുന്നു.ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ പ്രതികള്‍ ഇവിടെ നിന്ന് മാറി. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വളര്‍മതിയെ തേനി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മകന്‍ ജയപ്രകാശിനും പരുക്കേറ്റിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!