ChuttuvattomMuttom

മലങ്കര എന്‍ട്രന്‍സ് പ്ലാസ നിര്‍മാണത്തില്‍ അഴിമതിയെന്ന്; വിജിലന്‍സില്‍ പരാതി

മുട്ടം: മലങ്കര ടൂറിസം ഹബ്ബിലെ എന്‍ട്രന്‍സ് പ്ലാസ നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി. മുട്ടം സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ ബേബി ജോസഫ് വണ്ടനാനിക്കലാണ് ജില്ലാ വിജിലന്‍സ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് നടത്തിയ എന്‍ട്രസ് പ്ലാസ നിര്‍മാണത്തില്‍ ഗുരുതര അഴിമതി നടന്നതായി ബേബി നല്‍കിയ പരാതിയില്‍ പറയുന്നു. നിര്‍മാണത്തിലെ അപാകത മൂലം 2.5 കോടിയോളം രൂപ മുതല്‍ മുടക്കി നിര്‍മിച്ച എന്‍ട്രന്‍സ് പ്ലാസ ഇതുവരെ തുറന്ന് നല്‍കാന്‍ സാധിച്ചിട്ടില്ല. ക്രമക്കേട് നടന്നിരുന്നതിനാല്‍ ഇടക്ക് വച്ച് പൊളിച്ച് പണിയേണ്ടതായും വന്നു. 50 സെന്റോളം സ്ഥലത്ത് ഇത്തരത്തില്‍ ഒരു കെട്ടിടം പണിയാന്‍ 2.5 കോടി രൂപ വേണ്ടി വരില്ലെന്ന് ബേബി പറയുന്നു.

2.5 കോടിയോളം ലഭിച്ചിട്ടും നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാന്‍  കഴിഞ്ഞിട്ടില്ല. ഇത് മൂലം കെട്ടിടത്തിലെ ശുചി മുറി മാത്രമാണ് തുറന്ന് നല്‍കാന്‍ കഴിഞ്ഞത്. ബാക്കി ഭാഗങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാരിന് പ്രതിമാസം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ നഷ്ടം ഉള്‍പ്പടെ കരാര്‍ ഏജന്‍സിയില്‍ നിന്നും ഈടാക്കണം. എന്‍ട്രന്‍സ് പ്ലാസ സംബന്ധിച്ച് നൂറ് കണക്കിന് പത്ര വാര്‍ത്തകള്‍ വന്നിട്ടും ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിട്ടും നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നു നല്‍കാന്‍ കഴിയാത്തതിന്റെ കാരണം നിര്‍മാണത്തിലെ അഴിമതിയില്‍ ഉന്നതര്‍ക്കും പങ്കുള്ളത് കൊണ്ടാണെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങളിലെല്ലാം കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ബേബിയുടെ പരാതിയിലെ ആവശ്യം.

Related Articles

Back to top button
error: Content is protected !!