Idukki

നായാട്ടിനിടെ ആദിവാസി യുവാവ് വെടിയെറ്റ് മരിച്ച സംഭവം: ബോധപൂര്‍വമായ കൊലപാതകമെന്ന് സംശയം

ഇടുക്കി: നായാട്ടിനിടെ ആദിവാസി യുവാവ് വെടിയെറ്റ് മരിച്ച സംഭവം ബോധപൂര്‍വമായ കൊലപാതകമെന്ന് സംശയം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുപതേക്കര്‍കുടി സ്വദേശി മഹേന്ദ്രന്‍(24)ന്റെ മൃതദേഹം പോതമേടിനു സമീപത്തു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മഹേന്ദ്രനോടൊപ്പം നായാട്ടിനു പോയ ഇരുപതേക്കര്‍ കളപ്പുരയ്ക്കല്‍ സാംജി (42), ജോമി (50), പോതമേട് സ്വദേശി മുത്തയ്യ (60) എന്നിവര്‍ രാജാക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 27 ന് നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് മഹേന്ദ്രന്‍ മരിച്ചതെന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയത്. സാംജിയുടെ വെടിയേറ്റാണ് മഹേന്ദ്രന്‍ കൊല്ലപ്പെട്ടത്. സംഭവം പുറത്തറിയാതിരിക്കാന്‍ പ്രതികള്‍ മഹേന്ദ്രന്റെ വസ്ത്രം കത്തിക്കുകയും മൃതദേഹം കുഴിച്ചിടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട സ്ഥലത്തു നിന്നും അര കിലോമീറ്റര്‍ അകലെയായാണ് മഹേന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ ശനിയാഴ്ച കണ്ടെത്തിയത്. 10 ദിവസം മുന്‍പ് മഹേന്ദ്രനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ രാജാക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ 27 ന് വൈകുന്നേരം മഹേന്ദ്രന്‍ പ്രതികളോടൊത്ത് ഓട്ടോറിക്ഷയില്‍ പോതമേട് വന്നിറങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. അന്വേഷണത്തിനിടെ പ്രതികള്‍ ഇക്കാര്യം പോലീസിനോട് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ തെളിവ് നശിച്ച് അന്വേഷണം വഴി തിരിച്ചു വിടാനുള്ള പ്രതികളുടെ ശ്രമം പോലീസിന്റെ സംശയം വര്‍ധിപ്പിക്കുന്നു. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു.

Related Articles

Back to top button
error: Content is protected !!