ഇന്റര്‍നെറ്റിന് വേഗതയില്ല: മേത്തൊട്ടിയില്‍ റേഷന്‍ വിതരണം കുന്നിന് മുകളില്‍


പൂമാല: ഇന്റര്‍നെറ്റിന് വേഗത ലഭിക്കാത്തതിനാല്‍ മേത്തൊട്ടി 86-ാം നമ്പര്‍ റേഷന്‍ കടയിലെ കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങാന്‍ തൊട്ടടുത്ത കുന്നില്‍ മുകളിലേയ്ക്ക് പോകണം. തിരക്കു കൂടുന്ന സമയത്ത് നെറ്റ് ലഭിക്കാതെ റേഷന്‍കടയില്‍ നിന്നും 200 മീറ്റര്‍ മാറി നടുറോഡില്‍ നിന്നാണ് റേഷന്‍ കടയുടമ ഗുണഭോക്താക്കളെ ഇ-പോസ് മിഷ്യനില്‍ വിരല്‍ പതിപ്പിക്കുന്നത്. ബില്ലടിച്ചതിനു ശേഷം വീണ്ടും കടയില്‍ പോയി റേഷന്‍ വിതരണം ചെയ്യേണ്ട ഗതികേടിലാണ് കടയുടമയും. ചില ദിവസങ്ങളില്‍ നെറ്റ് കണക്ഷന്‍ ഇല്ലാത്തതുമൂലം റേഷന്‍ ലഭിക്കാതെ വരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. എം.എല്‍.എ., എം.പി, എന്നിവര്‍ ഇടപെട്ട് വിഷയം മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവന്ന് ടവറുകള്‍ സ്ഥാപിച്ച് റേഷന്‍ വിതരണവും വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനവും യാഥാര്‍ഥ്യമാക്കണമെന്ന് വെള്ളിയാമറ്റം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മോഹന്‍ദാസ് പുതുശേരി ആവശ്യപ്പെട്ടു.
