Kerala

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്. 2016ലാണ് കേസില്‍ നിന്ന് കുറ്റവിമിക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍, സുധാകരനെതിരെ ഗൂഡാലോചനക്ക് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി വിചാരണ കോടതി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.1995 ഏപ്രില്‍ 12നാണ് ട്രെയിനില്‍ വെച്ച് ഇപി ജയരാജനെ വധിക്കാന്‍ ശ്രമമുണ്ടായത്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങവേ ആന്ധ്രയിലെ ഓങ്കോളില്‍ വെച്ചാണ് വധശ്രമം ഉണ്ടായത്.

Related Articles

Back to top button
error: Content is protected !!