Kerala

സായാഹ്ന വാർത്തകൾ

2022 | മെയ് 31 | ചൊവ്വ | 1197 | ഇടവം 17 | രോഹിണി

◼️തൃക്കാക്കരയില്‍ രാവിലെ മുതല്‍ മികച്ച പോളിംഗ്. സംഘര്‍ഷങ്ങളില്ല. വൈകുന്നേരം ആറുവരെയാണു വോട്ടെടുപ്പ്. ലെയോള എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ മാധ്യമങ്ങളോടു സംസാരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണനും പൊലീസും തമ്മില്‍ തര്‍ക്കം. പുറത്തുപോകാന്‍ ആവശ്യപ്പെട്ട പോലീസിനോട് ‘അതു വിജയനോടു പറഞ്ഞാല്‍ മതി, വേണമെങ്കില്‍ കേസെടുത്തോ’ എന്നു മറുപടി നല്‍കി. ഇതേസമയം, മദ്യപിച്ചു ഡ്യൂട്ടിക്ക് എത്തിയ പ്രിസൈഡിംഗ് ഓഫീസര്‍ പിടിയിലായി. മരോട്ടിച്ചുവടിലുള്ള 23 ാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ വര്‍ഗീസിനെയാണ് പിടികൂടിയത്.

◼️തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫിനെ കോയമ്പത്തൂരില്‍നിന്നാണ് പിടികൂടിയത്. വീഡിയോ പ്രചരിപ്പിച്ചതിന് അഞ്ചുപേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. പിടിയിലായയാള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ ലീഗ് പ്രവര്‍ത്തകനല്ലെന്ന് മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞു.

◼️സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നാളെ തുറക്കും. പ്രവേശനോല്‍സവത്തിന് സംസ്ഥാനത്തെ 12,986 സ്‌കൂളുകളും സജ്ജമായി. രാവിലെ 9.30 നു കഴക്കൂട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. മാസ്‌ക് നിര്‍ബന്ധമാണ്.

◼️എസ്എസ്എല്‍സി ഫലം ഈ മാസം പത്തിനു പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ജൂണ്‍ 12 ന് ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിക്കും. ഈ വര്‍ഷം സ്‌കൂള്‍ കലോത്സവം, കായികമേള, പ്രവര്‍ത്തി പരിചയ മേള എന്നിവ ഉണ്ടാകും. കലോത്സവത്തിന് 6.7 കോടി രൂപ അനുവദിച്ചു. 353 അധ്യാപകരെ പി.എസ്.സി വഴി കഴിഞ്ഞ ദിവസങ്ങളില്‍ നിയമിച്ചു. 6000 അധ്യാപകര്‍ക്ക് അഡൈ്വസ് മെമോ നല്‍കി. അന്തിമ അക്കാദമിക് മാനുവല്‍ മൂന്നാഴ്ച്ചയ്ക്കകം തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു. പുതിയായി നിര്‍മിച്ച 75 സ്‌കൂള്‍ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

◼️തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആര്‍ത്തി പണ്ടാരങ്ങള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി തങ്ങളുടെ അവകാശമാണെന്നു ചിലര്‍ കരുതുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഇടപെടണം. സര്‍ക്കാര്‍ ഇതു ഗൗരവമായി എടുക്കും. ഒരു തരത്തിലുള്ള അഴിമതിയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

◼️കാസര്‍കോട് ചീമേനി പുലിയന്നൂരിലെ റിട്ടയേഡ് അധ്യാപിക ജാനകി വധക്കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. വിവിധ വകുപ്പുകളിലായി 17 വര്‍ഷം കഠിന തടവും പിഴയായി ഒന്നേകാല്‍ ലക്ഷം രൂപയും ഒടുക്കണം. ഒന്നാം പ്രതി പുലിയന്നൂര്‍ ചീര്‍കുളം പുതിയവീട്ടില്‍ വിശാഖ് (27), മൂന്നാം പ്രതി മക്ലികോട് അള്ളറാട് വീട്ടില്‍ അരുണ്‍ (30), എന്നിവരെയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളാണ് പ്രതികള്‍.

◼️കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും കാണാനില്ല. തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ സ്വര്‍ണമാണ് കാണാതായത്. കുടപ്പനക്കുന്ന് കളക്ടറേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ലോക്കറിലുണ്ടായിരുന്ന വെള്ളിയും കാണാതായിട്ടുണ്ട്.

◼️തൃക്കാക്കരയില്‍ കള്ളവോട്ടിനു ശ്രമിച്ചയാള്‍ പിടിയില്‍. പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്ഥലത്തില്ലാത്ത ടി.എസ്. സഞ്ജു എന്നയാളുടെ വോട്ടാണ് ആല്‍ബിന്‍ ചെയ്യാന്‍ ശ്രമിച്ചത്. യുഡിഎഫ് ബൂത്ത് ഏജന്റിന്റെ പരാതിയിലാണു നടപടി.

◼️തൃക്കാക്കരയില്‍ ഉച്ചയ്ക്കു മുമ്പേ വോട്ടു രേഖപ്പെടുത്തി പ്രമുഖര്‍. മമ്മൂട്ടി, ചലച്ചിത്ര നടനും സംവിധായകനുമായ ലാല്‍, നടന്‍ സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ഹരിശ്രീ അശോകന്‍, സംവിധായകന്‍ എം.എ.നിഷാദ് തുടങ്ങിയവര്‍ വോട്ടു രേഖപ്പെടുത്തി.

◼️തെളിവില്ലാതെ വിധി എതിരാകുമെന്നു കാണുമ്പോള്‍ ജഡ്ജി ശരിയല്ല, ജഡ്ജിയെ മാറ്റണമെന്നു പറയുന്നതു ശരിയല്ലെന്ന് നടന്‍ സിദ്ധിഖ്. തൃക്കാക്കരയില്‍ വോട്ടു ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിധി എതിരായാല്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുകയാണു വേണ്ടത്. അതിജീവിതയെക്കുറിച്ചുള്ള ചോദ്യത്തിന് അവരിവിടെ സ്ഥാനാര്‍ത്ഥിയല്ലല്ലോയെന്നു മറുപടി നല്‍കി.

◼️നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിളള്ള ബാര്‍ കൗണ്‍സിലിനു മറുപടി നല്‍കി. അതിജീവിത ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള വിശദീകരണം പരാതിക്കാരിയായ അതിജീവിതയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇനിയും പരാതിയുണ്ടെങ്കില്‍ തെളിവു ഹാജരാക്കണമെന്ന നിര്‍ദേശത്തോടെയാണ് ബാര്‍ കൗണ്‍സില്‍ അതിജീവിതയ്ക്കു കത്തു നല്‍കിയത്.

◼️എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണു കുറ്റക്കാരെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനു കാസര്‍കോട്ടേക്കു കെ റെയിലിടാനാണു തിടുക്കമെന്നും സുധാകരന്‍ പറഞ്ഞു.

◼️കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍നിന്ന് ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു. റിമാന്‍ഡ് പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. പൊലീസ് കാവലുള്ള സെല്ലിന്റെ കുളിമുറിയുടെ ചുമര്‍ സ്പൂണ്‍ ഉപയോഗിച്ചു തുരന്നാണ് പുറത്തു കടന്നത്.

◼️പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ 15 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേരെക്കൂടി ശാന്തന്‍പാറ പോലീസ് കസ്റ്റഡിയിലെടുത്തു. പൂപ്പാറ സ്വദേശികളാണ് ഇരുവരും. പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.

◼️സൗദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ ഹര്‍ദില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍വീട്ടില്‍ പടിറ്റതില്‍ ഇസ്മായില്‍ കുഞ്ഞിന്റെ മകന്‍ മുഹമ്മദ് റാഷിദും (32), ഒരു തമിഴ്നാട് സ്വദേശിയും ഒരു ബംഗ്ലാദേശി പൗരനുമാണ് അപകടത്തില്‍ മരിച്ചത്.

◼️കോഴിക്കോട് അതിഥി തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍. വെസ്റ്റ് ഹില്‍ ചുങ്കത്ത് നരേന്ദ്രന്റെ വീടിനു ചുറ്റുമതിലിനോട് ചേര്‍ന്ന് റൂഫിംഗ് ഷീറ്റിന്റെ കമ്പിയില്‍ മുട്ടുകുത്തി തൂങ്ങിയ നിലയിലാണ് മൃതദേഹം. ഇടത് കൈയില്‍ കന്നടയില്‍ സേവാലാല്‍ എന്നും വലതുകൈയില്‍ ഗംഗ പൂജ എന്നും പച്ചകുത്തിയിട്ടുണ്ട്.

◼️ഡല്‍ഹിയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മണിക്കൂറില്‍ എഴുപത് കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ മരങ്ങള്‍ വീണു. നിര്‍ത്തിയിട്ട കാറുകള്‍ക്കും വീടുകള്‍ക്കും മുകളിലേക്കു മരങ്ങള്‍വീണ് വന്‍ നാശമുണ്ടായി. സിജിഒ കോംപ്ലക്സിനടുത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പ്രതികൂല കാലാവസ്ഥമൂലം ഡല്‍ഹിയിലേക്കുള്ള എട്ടു വിമാനങ്ങള്‍ ജയ്പൂര്‍, അഹമ്മദാബാദ്, ലക്നൌ, ചണ്ഡീഗഡ്, ഡെറാഡൂണ്‍ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.

◼️ഹേവാര്‍ഡ്‌സ്, ഓള്‍ഡ് ടാവേണ്‍, വൈറ്റ്-മിസ്ചീഫ്, ഹണി ബീ, ഗ്രീന്‍ ലേബല്‍, റൊമാനോവ് എന്നിവ ഉള്‍പ്പടെയുള്ള ജനപ്രിയ ബ്രാന്‍ഡുകള്‍ ഉല്‍പാദിപ്പിക്കുന്ന മദ്യ നിര്‍മാണക്കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ 32 മദ്യ ബ്രാന്‍ഡുകള്‍ സിംഗപ്പൂര്‍ കമ്പനിയായ ഇന്‍ബ്രൂ സ്വന്തമാക്കി. 820 കോടി രൂപയ്ക്കാണ് വില്‍പന. ഇന്ത്യന്‍ വ്യവസായി രവി ഡിയോളിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ബ്രൂ ബ്രൂവറീസ് സ്വന്തമാക്കിയതോടെ ഈ ബ്രാന്‍ഡുകളെല്ലാം പ്രീമിയം ഇനങ്ങളായി മാറും. വിലയും കൂടും.

◼️ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു. ജമ്മുവിലെ സാംബ സെക്ടര്‍ സ്വദേശിനിയായ രജ്നി ബാല (36) ആണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. കുല്‍ഗാമിലെ ഗോപാല്‍പുര മേഖലയില്‍ രജ്നിയെ തീവ്രവാദികള്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

◼️വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദിലെ സര്‍വ്വെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പ്രദര്‍ശിപ്പിക്കരുതെന്ന് വാരാണസി ജില്ലാ കോടതി. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കേയാണ് ഉത്തരവ്. ദൃശ്യങ്ങള്‍ ചോര്‍ത്തരുതെന്നു സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനു വിരുദ്ധമായാണ് ദൃശ്യം പ്രചരിപ്പിച്ചതെന്ന് മസ്ജിദ് കമ്മിറ്റി ആരോപിച്ചു. മസ്ജിദ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വാരാണസി ഫാസ്റ്റ് ട്രാക്ക് കോടതി എട്ടാം തീയതി പരിഗണിക്കും.

◼️ഭര്‍ത്താവുമായി രഹസ്യബന്ധമുണ്ടെന്ന സംശയംമൂലം യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റിലായി. ഹൈദരാബാദിനു സമീപം കൊണ്ടാപൂര്‍ ശ്രീരാംനഗര്‍ കോളനിയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ അഞ്ചംഗ ഗുണ്ടാസംഘവും പിടിയിലായി. ഗായത്രി എന്ന സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കി അറസ്റ്റിലായത്. യുപിഎസ് സി പരീക്ഷയ്ക്കു ഭര്‍ത്താവ് ശ്രീകാന്തും യുവതിയും ഒന്നിച്ചിരുന്നു പഠിക്കാറുണ്ട്. പഠിക്കാന്‍ ശ്രീകാന്തിന്റെ വീട്ടില്‍ താമസിക്കുകയും ചെയ്തിരുന്നു.

◼️വോഡഫോണില്‍ അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍ ആമസോണ്‍ ഇരുപതിനായിരം കോടി രൂപ നിക്ഷേപിച്ചേക്കും. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പതിനായിരം കോടിരൂപ ഓഹരി നിക്ഷേപമായും പതിനായിരം കോടി രൂപ വായ്പയായും സമാഹരിക്കാനാണു നീക്കം. 5 ജി സ്‌പെക്ട്രം ലേലത്തിനും സേവനങ്ങള്‍ വിപുലമാക്കാനുള്ള മൂലധനച്ചെലവിനുമാണ് പണം. ആമസോണ്‍ വോഡഫോണില്‍ നിക്ഷേപിക്കുമെന്ന വാര്‍ത്തകളോടെ വോഡഫോണ്‍ ഐഡിയ ഓഹരിവില 4.14 ശതമാനം വര്‍ധിച്ചു.

◼️മകളുടെ മൃതദേഹം അഞ്ചു വര്‍ഷം വീട്ടിലെ കുളിമുറിയില്‍ ഒളിപ്പിച്ച അറുപതുകാരിക്ക് ജീവപര്യന്തം തടവ്. കുവൈറ്റിലെ സാല്‍മിയയിലാണു സംഭവം. യുവതിയുടെ സഹോദരന്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ എത്തിയാണു വിവരം അറിയിച്ചത്.

◼️2022 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍. മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം 105.99 ശതമാനം വര്‍ധിച്ച് 213.78 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 103.78 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ കാലയളവിലെ 338.78 കോടി രൂപയില്‍ നിന്ന് 103.95 ശതമാനം വര്‍ധിച്ച് 690.96 കോടി രൂപയായി. ഇന്റര്‍നെറ്റ് ടിക്കറ്റിംഗില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 212.01 കോടി രൂപയില്‍ നിന്ന് 292.82 കോടി രൂപയായാണ് വര്‍ധിച്ചത്. കാറ്ററിംഗില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 67.38 കോടിയില്‍ നിന്ന് നാലിരട്ടി വര്‍ധിച്ച് 266.19 കോടി രൂപയായി. റെയില്‍ നീറില്‍ നിന്നുള്ള വരുമാനം 27.80 കോടിയില്‍ നിന്ന് 51.88 കോടിയായി.

◼️സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞു. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,920 രൂപയായിരുന്നു സ്വര്‍ണവില. 18ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ സ്വര്‍ണവില എത്തി. 36,880 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന്റെ വില. 25ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. 38,320 രൂപയായാണ് ഉയര്‍ന്നത്.

◼️റിലീസിന് മുന്നേ കമല്‍ഹാസന്‍ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമല്‍ഹാസന്‍ നായകനായി പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം ‘വിക്രമാ’ണ് ജൂണ്‍ മൂന്നിന് റിലീസ് ചെയ്യുന്നതിന് മുന്നേ വിറ്റുപോയത്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടി. സൂര്യയും കമല്‍ഹാസന്‍ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കമല്‍ഹാസനൊപ്പം ചിത്രത്തില്‍ ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയമലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ‘വിക്ര’ത്തിന്റെ ഓഡിയോ റൈറ്റ്സ് വന്‍ തുകയ്ക്കാണ് സോണി മ്യൂസിക് സ്വന്തമാക്കിയത്.

◼️അരുണ്‍ വിജയ് നായകനാകുന്ന സിനിമയാണ് യാനൈ. ഹിറ്റ് മേക്കര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ‘യാനൈ’യിലൂടെ ഹരി. ഇപോഴിതാ ‘യാനൈ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാളിയായ ആര്യ ദയാല്‍ ചിത്രത്തിനായി പാടിയ ഗാനം വലിയ ഹിറ്റായിരുന്നു. വന്‍ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഭാര്യാസഹോദരന്‍ കൂടിയായ അരുണ്‍ വിജയ്യനെ നായകനാക്കി ഹരി സിനിമ സംവിധാനം ചെയ്യുന്നത്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക.

◼️രാജ്യത്തെ മൂന്നാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് 2021 ഒക്ടോബറില്‍ ആണ് എക്സ്യുവി 700 പുറത്തിറക്കിയത്. അതിനുശേഷം എക്സ്യുവി 700 നിലവില്‍ രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തുന്ന ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന എസ്യുവിയായി മാറി. അവതരിപ്പിച്ച് വെറും നാല് മാസത്തിനുള്ളില്‍ എക്സ്യുവി 700 ന്റെ ബുക്കിംഗ് ഒരു ലക്ഷം യൂണിറ്റ് കടന്നു. അവതരിപ്പിച്ചതിന് ശേഷം ഡീലര്‍മാര്‍ ഏകദേശം 1.7 ലക്ഷം യൂണിറ്റ് ബുക്കിംഗുകള്‍ ശേഖരിച്ചതായും നിലവിലെ ബുക്കിംഗ് ഏകദേശം 78,000 യൂണിറ്റാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. എക്സ്യുവി 700 ന്റെ വില്‍പ്പന പ്രതിമാസം ശരാശരി 3,800 യൂണിറ്റുകള്‍ ആണെന്നാണ് കണക്കുകള്‍.

◼️സ്വജീവിതത്തിന്റെ നേര്‍രേഖയുമായി ബന്ധപ്പെട്ടു കിടക്കുന്ന നോവലാണ് ‘ഒറ്റയ്‌ക്കൊരാള്‍’. സംഭവങ്ങള്‍കൊണ്ടും നാടകീയമുഹൂര്‍ത്തങ്ങള്‍കൊണ്ടും സമ്പന്നമായ ഈ നോവലിന്റെ കഥാഘടന വളരെ ലളിതമാണ്. ഒരു ഗ്രാമീണ റോഡ് വെട്ടുന്നതില്‍ നിന്നാണ് നോവലിന്റെ ആരംഭം. അതേ ചൊല്ലിയുള്ള തര്‍ക്കങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും മുന്നോട്ട് പോകുന്ന നോവല്‍. റഷീദ് കെ മുഹമ്മദ്. ഗ്രീന്‍ ബുക്സ്. വില 446 രൂപ.

◼️മേയ് 31 ലോക പുകയില വിരുദ്ധ ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. ‘പരിസ്ഥിതിയെ സംരക്ഷിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. പുകവലി പലതരത്തിലുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ശ്വാസകോശം മാറ്റിവയ്ക്കല്‍ പോലും ആവശ്യമായി വന്നേക്കാം. ശ്വാസകോശാര്‍ബുദം, തൊണ്ടയിലെ അര്‍ബുദം, സി.ഒ.പി.ഡി, ഇന്റര്‍സ്റ്റീഷ്യല്‍ ലംഗ് ഡിസീസ്, ആസ്ത്മ, പുകയിലയില്‍ നിന്നുള്ള പുക കാരണമുണ്ടാകുന്ന അലര്‍ജി എന്നിവയെല്ലാം പുകവലി മൂലമുണ്ടാകുന്നതാണ്. പുകവലിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭിണിയാകാന്‍ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും. കൂടാതെ ഗര്‍ഭച്ഛിദ്രത്തിനുള്ള സാദ്ധ്യത കൂടുതലാണ്. പുകവലി കുഞ്ഞിന് ചില ജനന വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. കുഞ്ഞുങ്ങളിലെ ഭാരക്കുറവും മാസം തികയാതെയുള്ള പ്രസവവുമാണ് മറ്റ് പ്രശ്‌നങ്ങള്‍. ഒരു ചെറിയ സമയത്തേക്ക് പോലും പുകവലിക്കുന്ന ഏതൊരു വ്യക്തിക്കും ശ്വാസകോശ രോഗങ്ങള്‍, അലര്‍ജികള്‍, ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, ആവര്‍ത്തിച്ചുള്ള ശ്വാസകോശ അണുബാധകള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കുട്ടികളില്‍ അതിന്റെ ഫലങ്ങള്‍ അതിതീവ്രമാണ്. വളരുന്നതിനനുസരിച്ച്, സെക്കന്‍ഡ് ഹാന്‍ഡ് പുകയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അവര്‍ ഇരയാകുന്നു. സെക്കന്‍ഡ് ഹാന്‍ഡ് പുക കാരണം അപ്രതീക്ഷിത മരണം (പെട്ടെന്നുള്ള ശിശു മരണം അല്ലെങ്കില്‍ കുട്ടികളിലെ മരണം) സംഭവിക്കാം.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 77.68, പൗണ്ട് – 98.08, യൂറോ – 83.45, സ്വിസ് ഫ്രാങ്ക് – 80.85, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.90, ബഹറിന്‍ ദിനാര്‍ – 206.09, കുവൈത്ത് ദിനാര്‍ -254.02, ഒമാനി റിയാല്‍ – 201.74, സൗദി റിയാല്‍ – 20.71, യു.എ.ഇ ദിര്‍ഹം – 21.15, ഖത്തര്‍ റിയാല്‍ – 21.33, കനേഡിയന്‍ ഡോളര്‍ – 61.33.

Related Articles

Back to top button
error: Content is protected !!