Kerala

സായാഹ്ന വാർത്തകൾ

2022 | ജൂലൈ 7 | വ്യാഴം | 1197 | മിഥുനം 23 | അത്തം

◼️ബഫര്‍ സോണ്‍ വിഷയത്തില്‍ നിയമസഭ പ്രമേയം പാസാക്കി. സുപ്രീംകോടതി ബഫര്‍ സോണ്‍ ഉത്തരവ് നടപ്പാക്കുമ്പോള്‍ ജനവാസ മേഖലയെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാകണം. സുപ്രീം കോടതിയുടെ വിധി കേരളത്തിന് വലിയ തിരിച്ചടിയാണ്. ജനജീവിതം ദുസഹമാക്കുമെന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം രണ്ടു ഭേദഗതികളോടെ ഐക്യകണ്ഠേനെയാണ് സഭ പാസാക്കിയത്.

◼️സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭരണഘടനയേയും ദേശീയപതാകയേയും അപഹസിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. രാജിവച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും. സജി ചെറിയാന്റെ പ്രസംഗത്തില്‍ പാര്‍ട്ടിയുടെ നിലപാട് സിപിഎം വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വിശദീകരിക്കണം. സതീശന്‍ ആവശ്യപ്പെട്ടു.

◼️സജി ചെറിയാന്റെ വിവാദ പ്രസംഗത്തിനെതിരായ പരാതിയില്‍ കീഴ്‌വായ്പൂര്‍ പൊലീസ് കേസെടുത്തു. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവനുസരിച്ചാണു കേസെടുത്തത്. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തത്. മല്ലപ്പള്ളിയില്‍ പാര്‍ട്ടി സമ്മേളനത്തിലാണ് ഭരണഘടനയെ അവഹേളിച്ചുകൊണ്ടു സജി ചെറിയാന്‍ പ്രസംഗിച്ചത്.

◼️ക്രൈംബ്രാഞ്ചിനെതിരേ സ്വപ്ന സുരേഷ്. ഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്യലല്ല, മാനസികപീഡനമാണ് ക്രൈംബ്രാഞ്ചു ചെയ്യുന്നത്. തന്നെ മാത്രമല്ല, താനുമായി ബന്ധപ്പെട്ട എല്ലാവരെയും വേട്ടയാടുകയാണ്. മുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാല്‍ പോരാ, എല്ലാവരെയും മകളായി കാണണം. മുഖ്യമന്ത്രി തന്റെ തൊഴിലും വരുമാനവും ഇല്ലാതാക്കി. വീണ വിജയനു ബിസിനസ് നടത്തിക്കൂടേയെന്നു ക്രൈംബ്രാഞ്ച് ചോദിച്ചു. അവര്‍ക്കെതിരേയുള്ള രേഖകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. 770 കലാപക്കേസുകളില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറഞ്ഞു.

◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചതിനു വധശ്രമക്കേസെടുത്ത സംഭവത്തില്‍ മുദ്രാവാക്യം വിളച്ചവരെ തള്ളി താഴെയിട്ടതിനു ഇ.പി ജയരാജനെതിരേ കേസെടുക്കില്ല. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഇപി ജയരാജന്‍ ശ്രമിച്ചതെന്നു വ്യാഖ്യാനിച്ചാണ് കേസെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കേസിന്റെ ഗൗരവം കുറയ്ക്കാന്‍ നല്‍കിയ പരാതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

◼️2025 ആകുമ്പോഴേക്കും സംസ്ഥാനത്തെ ദേശീയപാത വികസനം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ്. 98.51 ശതമാനം ഭൂമി ഇതിനകം ഏറ്റെടുത്തു. 1079.06 ഹെക്ടറില്‍ 1062.96 ഹെക്ടറും ഏറ്റെടുത്തു. സ്ഥലമെടുക്കാന്‍ സംസ്ഥാനം 5580 കോടി രൂപയാണ് നല്‍കിയത്. 15 റീച്ചുകളില്‍ പണി പുരോഗമിക്കുന്നു. ആറ് റീച്ചില്‍ പണികള്‍ അവാര്‍ഡ് ചെയ്ത് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

◼️സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇടത് മുന്നണിയുടേയോ സിപിഎമ്മിന്റെയോ നിലപാടല്ല. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. കാനം പറഞ്ഞു.

◼️സാമൂഹ്യ ക്ഷേമ പെന്‍ഷനുകളില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് ധനമന്ത്രിയുടെ വിശദീകരണം. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്കു പണം നീക്കിവച്ചിട്ടുണ്ടെന്ന വിശദീകരണത്തെത്തുടര്‍ന്ന് മാത്യു കുഴല്‍നാടന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

◼️ഇന്നലെ നിയമസഭ നടപടികള്‍ എട്ടു മിനിറ്റുകൊണ്ട് അവസാനിപ്പിച്ചതിനെ ന്യായീകരിച്ച് സ്പീക്കര്‍ എം ബി രാജേഷ്. ഭരണഘടനവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് സഭാനടപടി അവസാനിപ്പിച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയത്. സഭാ നടപടി സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു തടസമുണ്ടായതിനാലാണ് സഭ നിര്‍ത്തിവച്ചതെന്നും മുന്‍പും സമാന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

◼️മന്ത്രിയല്ലാതായ സജി ചെറിയാന്റെ നിയമസഭയിലെ സീറ്റു മാറി. സ്ട്രോങാണെന്ന് പറഞ്ഞ് സഭയിലേക്ക് എത്തിയ സജിയുടെ പുതിയ ഇരിപ്പിടം രണ്ടാം നിരയില്‍ കെ.കെ ശൈലജക്ക് അരികിലാണ്.

◼️ഗൂണ്ടാ ബന്ധത്തെ തുടര്‍ന്ന് കോട്ടയത്ത് ഡിവൈഎസ്പി അടക്കം നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്കു ശുപാര്‍ശ ചെയ്തത്. കുപ്രസിദ്ധ ഗുണ്ടാ തലവന്‍ അരുണ്‍ ഗോപനില്‍നിന്നും മാസപ്പടി വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.

◼️പരിയാരത്തു വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പാച്ചേനി സ്വദേശി ലോപേഷ്, സഹോദരി സ്നേഹ എന്നിവരാണു മരിച്ചത്.

◼️മംഗലാപുരം പഞ്ചിക്കല്ലുവില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു മലയാളികള്‍ മരിച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി സന്തോഷ്, പാലക്കാട് സ്വദേശി ബിജു, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. മൂന്നു പേരും റബര്‍ ടാപ്പിംഗ് തൊഴിലാളികളാണ്. പരിക്കേറ്റ കണ്ണൂര്‍ സ്വദേശി ജോണിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

◼️വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു. ഒന്നാം ക്ലാസിലേക്ക് 45,573 കുട്ടികള്‍ കുറഞ്ഞതായാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ വച്ച കണക്കില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 3,48,741 കുട്ടികളാണ്. ഇത്തവണ 3,03,168 പേരാണു പ്രവേശനം നേടിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 37522 കുട്ടികളുടെ കുറവുണ്ട്. എന്നാല്‍ രണ്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,19,970 കുട്ടികള്‍ വര്‍ധിച്ചു.

◼️ജെഇഇ മെയിന്‍ 2022 സെഷന്‍ 1 പരീക്ഷയുടെ ഫലം ഇന്നു പ്രഖ്യാപിക്കും. ഉത്തരസൂചിക നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രസിദ്ധീകരിച്ചിരുന്നു.

◼️സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വച്ചതടക്കമുള്ള വിഷയങ്ങള്‍ ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. സജി ചെറിയാനു പകരമൊരു മന്ത്രി തത്കാലം വേണ്ടെന്നാണ് നിലപാട്. സജി ചെറിയാന്റെ വകുപ്പുകള്‍ മുഖ്യമന്ത്രിക്കാണ് കൈമാറിയത്.

◼️ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം കൂടിയെന്ന് മന്ത്രി പി രാജീവ്. കഴിഞ്ഞ വര്‍ഷം 16 പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു ലാഭമുണ്ടാക്കിയത്. 2022 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് 26 സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കി. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ മുന്നേറ്റമുണ്ടെന്നും മന്ത്രി രാജീവ് പറഞ്ഞു.

◼️സുപ്രീംകോടതി ഇടപെടലിനു പിറകേ, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കി കാസര്‍കോട് ജില്ലാ ഭരണകൂടം. ഒരു മാസത്തിനിടയ്ക്ക് 4,970 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി. ആകെ 195 കോടി 70 ലക്ഷം രൂപയാണ് നല്‍കിയത്. അഞ്ചു ലക്ഷം രൂപ വീതമാണ് സുപ്രീം കോടതി വിധിച്ച നഷ്ടപരിഹാരം.

◼️അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. എല്‍ഡിഎഫില്‍നിന്നു കൂറുമാറി എത്തിയ ഇരുപത്തിരണ്ടുകാരിയായ സനിത സജി ഇരുപത്തൊന്നില്‍ പതിനൊന്ന് വോട്ടു നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു ഡിഎഫിലെ കെ എസ് സിയാദ് വിജയിച്ചു.

◼️കണ്ണൂര്‍ മട്ടന്നൂരില്‍ വീട്ടില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് ആക്രി കച്ചവടക്കാരായ ആസാം സ്വദേശികളായ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണവുമായി പോലീസ്. സ്റ്റീല്‍ ബോംബ് എവിടെ നിന്നാണ് ലഭിച്ചതെന്നാണ് അന്വേഷണം. രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിച്ച സ്റ്റീല്‍ ബോംബാണ് കൊല്ലപ്പെട്ടവരുടെ കൈകളില്‍ അകപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്റ്റീല്‍ പാത്രം തുറന്ന നോക്കുമ്പോഴായിരുന്നു സ്ഫോടനമെന്നാണ് വീട്ടിലുണ്ടായിരുന്നവര്‍ പറയുന്നത്.

◼️അയ്യന്തോള്‍ എസ് എന്‍ പാര്‍ക്കിനടുത്ത് കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലായി. കറുത്ത സഫാരി കാറിലെത്തിയ ആളാണ് നഗ്നതാ പ്രദശനം നടത്തിയതെന്ന് പരാതിയിലുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ശ്രീജിത്തിനെ പിടികൂടിയത്. 2016 ല്‍ ഒറ്റപ്പാലം പത്തിരിപ്പാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയതിന് ഇയാള്‍ അറസ്റ്റിലായിരുന്നു.

◼️വ്യാജരേഖകള്‍ ചമച്ച് ആലപ്പുഴ നഗരസഭയിലും അനധകൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയെന്ന് കണ്ടെത്തല്‍. നികുതി അസസ്മെന്റ് രജിസ്റ്ററിന്റെ പരിശോധനിയിലാണ് തട്ടിപ്പു കണ്ടെത്തിയത്. റവന്യൂ സൂപ്രണ്ടിന്റേതല്ലാത്ത ഒപ്പും കൈയക്ഷരങ്ങളും രജിസ്റ്ററില്‍ കണ്ടെത്തുകയായിരുന്നു.

◼️ബോബി ചെമ്മണ്ണൂരിന്റെ പുതിയ സംരംഭമായ ‘ബോചെ, ദ ബുച്ചര്‍’ ഇറച്ചി കടയുടെ ഉദ്ഘാടനത്തിന് വെട്ടുകത്തിയുമായി ജീപ്പിനു മുകളില്‍ കയറിയിരുന്നു യാത്ര ചെയ്തതിനെതിരേ നടപടി. ബോചെയുടെ മാസ് എന്‍ട്രി അടക്കമുള്ള ഉദ്ഘാടന പരിപാടികള്‍ അടങ്ങിയ വീഡിയോ വൈറലായിരുന്നു. ഇതേത്തുര്‍ന്ന് ചിലര്‍ ബോബിക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിനു പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബോബിക്കെതിരേ നിമയലംഘനത്തിനു നോട്ടീസ് അയക്കുമെന്ന് മോട്ടോര്‍ വവാഹനവകുപ്പ്. നിയമലംഘകനല്ലെന്നും പരിപാടി കൊഴുപ്പിക്കാന്‍ ചെയ്തതാണെന്നും പിഴശിക്ഷ അടയ്ക്കാന്‍ തയാറാണെന്നും പറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോകൂടി ബോബി ചെമ്മണ്ണൂര്‍ പുറത്തിറക്കി.

◼️നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ജൂലൈ ഒമ്പതു മുതലുള്ള പരീക്ഷകള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡാണ് പുറത്തിറക്കിയിരിക്കുന്നത്.

◼️സര്‍ക്കാര്‍ ഏജന്‍സിയായ ഒഡിഇപിസി വഴി ബെല്‍ജിയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബെല്‍ജിയത്തില്‍നിന്നുള്ള പ്രതിനിധികള്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിച്ചു. റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി നഴ്‌സുമാര്‍ക്ക് ആറു മാസം ഡച്ച് ഭാഷയില്‍ പരിശീലനം നല്‍കും. ആദ്യ ബാച്ച് അടുത്ത മാസം ആരംഭിക്കും

◼️രാഹുല്‍ ഗാന്ധിക്കെതിരേ വ്യാജ വീഡിയോ സംപ്രേക്ഷണം ചെയ്തതിന് സീ ന്യൂസ് അവതാരകനായ രോഹിത് രഞ്ജനെ അറസ്റ്റു ചെയ്യാന്‍ ഛത്തീസ്ഗഡ് പൊലീസിനോട് യുപിയില്‍തന്നെ തുടരണമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. യുപി പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ കുറ്റപ്പെടുത്തി. രോഹിത് രജ്ഞന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

◼️പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയോട് പശ്ചിമ ബംഗാളിലേക്ക് വരേണ്ടെന്ന് മമത ബാനര്‍ജി. ദ്രൗപദി മുര്‍മുവിനെതിരായ പരസ്യ നീക്കം വോട്ടു ബാങ്കില്‍ ചോര്‍ച്ചയ്ക്കിടയാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ത്ഥിക്കായി ഇതിനിടെ ശരദ് പവാര്‍ ചര്‍ച്ചകള്‍ തുടങ്ങി.

◼️ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിക്ക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കും. തല്‍ക്കാലം ഒക്ടോബര്‍വരെ പ്രധാനമന്ത്രി പദത്തില്‍ തുടരും. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. മന്ത്രിമാരുടെ കൂട്ടരാജിയെ തുടര്‍ന്നാണ് ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്.

◼️ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. സതാംപ്ടണില്‍ രാത്രി പത്തരയ്ക്കാണ് കളി തുടങ്ങുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കൊവിഡ് മുക്തനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. രോഹിത്തിനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറാവുമ്പോള്‍ സഞ്ജു സാംസണ്‍ ടീമിലെത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിനു 600 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിനു 400 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 37,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 75 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,685 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 60 രൂപയാണ് കുറഞ്ഞത്. ഇന്നലെ 45 രൂപ കുറഞ്ഞിരുന്നു. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,870 രൂപയാണ്.

◼️സിംഗപ്പൂര്‍ എയര്‍ലൈന്‍സ്(എസ്ഐഎ) ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ കോവിഡിനു മുന്‍പുള്ള സ്ഥിതിയില്‍ പുനഃസ്ഥാപിക്കുന്നു. യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതോടെയാണിത്. വരും ആഴ്ചകളില്‍ ചെന്നൈയിലേക്കുള്ള പ്രതിവാര സര്‍വീസുകള്‍ 10ല്‍നിന്ന് 17 ആയി ഉയര്‍ത്തും. കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ ഏഴില്‍നിന്ന് 14 ആയും ഉയര്‍ത്തും. ബെംഗളൂരു സര്‍വീസുകള്‍ ഏഴില്‍നിന്ന് 16 ആക്കും. ഒക്ടോബര്‍ 30ന് ഉള്ളില്‍ 100 ശതമാനം സര്‍വീസും പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം.

◼️അമ്പരപ്പുകളുടെയും അത്ഭുതങ്ങളുടേതുമായ കുട്ടികളുടെ ലോകം ആസ്വദിക്കണമെങ്കില്‍ ഏവരും കുട്ടികളെ പോലെയായി തീരണം. അത്തരമൊരു കൊച്ചുമിടുക്കിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപ്പോകുവാന്‍ എത്തുന്ന ‘പ്യാലി’യിലെ ‘മാന്‍ഡോ’ എന്ന ആനിമേഷന്‍ സോംഗ് പുറത്തിറങ്ങി. ‘പ്യാലി’ എന്ന അഞ്ചുവയസ്സുകാരിയുടെയും അവളുടെ ലോകം തന്നെയായ ‘സിയ’യുടെയും കഥയാണ് ചിത്രം പറയുന്നത്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബബിതയും റിനും ചേര്‍ന്നാണ്. ‘പ്യാലി’ എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

◼️സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ‘നച്ചത്തിരം നഗര്‍ഗിരത്ത്’ എന്നാണ് ചിത്രത്തിന്റെ പേര്. ‘പ്രണയം രാഷ്ട്രീയമാണ്’ എന്ന കുറിപ്പോടെയാണ് പാ രഞ്ജിത്ത് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ നടന്‍ കാളിദാസ് ജയറാമും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദുഷാര വിജയന്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുഷാരയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരിക്കും സിനിമ മുന്നോട്ടു പോകുന്നതെന്നാണ് സൂചനകള്‍. തെന്‍മയാണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ മുമ്പേ പൂര്‍ത്തിയാക്കിയിരുന്നു. പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

◼️രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും നേട്ടത്തിന്റെ ട്രാക്കിലേറി ഇലക്ട്രിക് വാഹന വിപണി. എല്ലാ ശ്രേണികളിലുമായി രാജ്യത്ത് കഴിഞ്ഞമാസം 72,452 ഇ-വാഹനങ്ങള്‍ പുതുതായി നിരത്തിലെത്തി. മേയിലെ 65,879 യൂണിറ്റുകളേക്കാള്‍ 10 ശതമാനമാണ് വളര്‍ച്ച. മാര്‍ച്ചില്‍ 77,251 യൂണിറ്റുകളും ഏപ്രിലില്‍ 72,590 യൂണിറ്റുകളുമായിരുന്നു വില്പന. ഇ-ത്രീവീലറുകള്‍ക്കുള്ള മികച്ച സ്വീകാര്യതയും ഇ-ടൂവീലറുകളുടെ വില്പന മെച്ചപ്പെട്ടതുമാണ് ജൂണില്‍ കരുത്തായത്. നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ 2.1 ലക്ഷം ഇ-വാഹനങ്ങള്‍ വിറ്റഴിഞ്ഞു. കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ വില്പന 1.79 ലക്ഷമായിരുന്നു. കേരളത്തിലും ഇ-വാഹനങ്ങള്‍ക്കുള്ളത് വന്‍ സ്വീകാര്യത. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചിലെ 7,?261ല്‍ നിന്ന് ഏപ്രില്‍-ജൂണില്‍ 9,279 യൂണിറ്റുകളിലേക്ക് വില്പന ഉയര്‍ന്നു. ഈമാസം ഇതുവരെ മാത്രം 345 ഇ-വാഹനങ്ങള്‍ വിറ്റഴിഞ്ഞു.

‘◼️ഒറ്റയടിപ്പാതയിലൂടെ’യുള്ള സഞ്ചാരം അവിസ്മരണീയമായ വായനാനുഭവവും ആഹ്ലാദവും പകരുമെന്ന് മാത്രമല്ല, സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അവലോകനത്തിന് അനുവാചകനെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സന്ദേഹമില്ല. അപരിചിതമായ ഇന്ദ്രപ്രസ്ഥത്തില്‍ ഇച്ഛാശക്തികൊണ്ട് വേരുപിടിക്കുന്ന ജീവിതവിജയത്തിന്റെ ആഖ്യായികയാണ് ഈ പുസ്തകം. കെ.ആര്‍ മോഹനന്‍. വിസി ബുക്സ്. വില 190 രൂപ.

◼️ഇന്ത്യക്കാരില്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം കൂടുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. സ്ത്രീകളില്‍ വിളര്‍ച്ചയുള്ളവര്‍ വര്‍ധിക്കുന്നതായും അതേസമയം ജനസംഖ്യയില്‍ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്താകെ നോക്കിയാല്‍ പട്ടിണിയിലുള്ളവരുടെ എണ്ണം വര്‍ധിച്ചതായി യുഎന്‍ ഫുഡ് സെക്യൂരിറ്റി, ന്യൂട്രിഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 82.8 കോടിയാണ് ലോകത്തെ പട്ടിണിക്കാരുടെ എണ്ണം. 4.6 കോടിയുടെ വര്‍ധനയാണ് പട്ടിണിക്കാരുടെ എണ്ണത്തില്‍ പോയ വര്‍ഷം ഉണ്ടായത്. കോവിഡ് വ്യാപനത്തിനു ശേഷം ലോകത്ത് ദാരിദ്ര്യത്തിലായവരുടെ എണ്ണത്തിലുണ്ടായത് 15 കോടിയുടെ വര്‍ധനയാണ്. ഇന്ത്യയില്‍ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 22.43 കോടിയായി താഴ്ന്നു. 2004-06ല്‍ ഇത് 24.78 കോടിയായിരുന്നു. ആകെ ജനസംഖ്യയില്‍ 16.3 ശതമാനത്തിനും ഇന്ത്യയില്‍ മതിയായ പോഷകാഹാരം ലഭിക്കുന്നില്ല. മുന്‍ കണക്കു പ്രകാരം ഇത് 21.6 ശതമാനം ആയിരുന്നു. ഇന്ത്യക്കാരില്‍ പ്രായപൂര്‍ത്തിയായവരിലെ പൊണ്ണത്തടി വര്‍ധിക്കുകയാണ്. രാജ്യത്തെ 138 കോടി ജനങ്ങളില്‍ പ്രായപൂര്‍ത്തിയായവരില്‍ 3.43 കോടി പേര്‍ക്കു പൊണ്ണത്തടിയുണ്ട്. 2012ലെ കണക്കു പ്രകാരം ഇത് 2.51 കോടി ആയിരുന്നു. 15 വയസ്സു മുതല്‍ 49 വയസ്സു വരെ പ്രായമുള്ള സ്ത്രീകളില്‍ 18.73 കോടി പേര്‍ക്കു വിളര്‍ച്ചയുണ്ട്. 2012ല്‍ ഇത് 17.15 കോടി ആയിരുന്നു.

 

Related Articles

Back to top button
error: Content is protected !!