Kerala

സായാഹ്ന വാർത്തകൾ

2022 | ജൂലൈ 9 | ശനി | 1197 | മിഥുനം 25 | ചോതി

◼️ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ വസതി പ്രക്ഷോഭകര്‍ കയ്യേറി. ഗോതാബയ രാജപക്സെ വസതി വിട്ട് ഒളിവിലാണ്. ലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് പ്രസിഡന്റിന്റെ വസതി വളഞ്ഞത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ലങ്കയില്‍ ഗോതാബയ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണു പ്രക്ഷോഭം. ഗോതാബയ രാജ്യംവിട്ടതായും അഭ്യൂഹമുണ്ട്.

◼️ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്‌കാരം ചൊവ്വാഴ്ച. കൊലപാതകം അന്വേഷിക്കുന്നതിനായി 90 അംഗ സംഘത്തിന് രൂപം നല്‍കി. പൊലീസിലേയും രഹസ്യാന്വേഷണ വിഭാഗത്തിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സംഘം. പ്രതി തെത്‌സൂയ യെമഗാമിക്ക് എതിര്‍പ്പുണ്ടായിരുന്ന പ്രത്യേക വിഭാഗത്തോട് ആബെയ്ക്ക് അടുപ്പമുണ്ടെന്ന സംശയമാണു കൊലപാതകത്തിനു കാരണമെന്നു ജപ്പാന്‍ പൊലീസ്.

◼️വയനാട് മുട്ടില്‍ വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നു കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന യാദവ്, ഷഫാസ് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നു രാവിലെ ഏഴിനായിരുന്നു അപകടം. കോയമ്പത്തൂര്‍ നെഹ്റു കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

◼️കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടിക വീണ്ടും ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചു. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തിന് അനുമതി തേടുന്നു എന്ന കത്തിലെ പരാമര്‍ശം ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ ഓഫീസ് പട്ടിക തിരിച്ചയച്ചതെന്നും കത്ത് തിരുത്തി അതേ പട്ടിക ഗവര്‍ണര്‍ക്കു നല്‍കിയെന്നും സര്‍വകലാശാല വ്യക്തമാക്കി.

◼️സിബിഎസ്ഇ ഫലം വൈകിയേക്കും. ഫലം വരുന്നതുവരെ സര്‍വ്വകലാശാലകളില്‍ പ്രവേശനം തുടങ്ങരുതെന്ന് സിബിഎസ്ഇ യുജിസിക്ക് കത്തയച്ചു. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷഫലം ഈ മാസം ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്.

◼️സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ഹര്‍ജി പരിഗണിക്കാനാവില്ലെന്നു ബോംബ ഹൈക്കോടതി. പരാതിക്കാരിയായ യുവതിയും ബിനോയിയും ചേര്‍ന്നു നല്‍കിയ ഹര്‍ജിയാണു തള്ളിയത്.

◼️തലശേരിയില്‍ കടല്‍പാലം കാണാനെത്തിയ ദമ്പതിമാരെ പോലീസ് സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തു. ദമ്പതിമാരായ മേഘ, പ്രത്യൂഷ് എന്നിവരെയാണ് പൊലീസ് ആക്രമിച്ച് അറസ്റ്റു ചെയ്തത്. പോലീസിനെ ആക്രമിച്ചെന്നു കേസെടുത്ത് ജയിലിലാക്കുകയും ചെയ്തു. സംഭവത്തില്‍ സിഐക്കും എസ്ഐക്കും എതിരേ അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടു.

◼️വനത്തില്‍ കാട്ടാനയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് വീഡിയോ വ്ളോഗര്‍ക്കെതിരെ കേസ്. കിളിമാനൂര്‍ സ്വദേശി അമല അനുവിനെതിരേയാണ് റിസര്‍വ് വനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് ജാമ്യമില്ലാത്ത വകുപ്പുകളനുസരിച്ചു കേസെടുത്തത്. കാട്ടാനാകളെ പ്രകോപിപ്പിച്ചെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. എട്ടു മാസം മുമ്പ് മാമ്പഴത്തറ വനമേഖലയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ യൂടൂബറെ കാട്ടാന ഓടിച്ചിരുന്നു.

◼️തിരുവനന്തപുരത്ത് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകേശന്‍ പിള്ള (45) ആണ് അറസ്റ്റിലായത്. റെയില്‍വേ വേളി ഡിവിഷനില്‍ മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് മുരുകേശന്‍.

◼️കൊലക്കേസില്‍ പ്രതിയായ തടവുപുള്ളി ജയില്‍ ചാടി. യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ച കേസിലെ പ്രതി ബിനു മോനാണ് പുലര്‍ച്ചെ അഞ്ചരയോടെ കോട്ടയം ജില്ലാ ജയിലില്‍നിന്നു ചാടിയത്. ജയില്‍ അടുക്കളയില്‍ നിന്നും പലക വച്ചാണ് ഇയാള്‍ ചാടി രക്ഷപ്പെട്ടത്.

◼️കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രമവിരുദ്ധമായി നമ്പര്‍ നേടിയെന്ന് കണ്ടെത്തിയ മുഴുവന്‍ കെട്ടിടങ്ങളുടെ വിവരങ്ങളും പരിശോധിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് മേയറുടെ നിര്‍ദ്ദേശം. സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഏഴംഗ ഉദ്യോഗസ്ഥ സംഘത്തെയാണ് കോര്‍പ്പറേഷന്‍ നിയോഗിച്ചത്.

◼️തിരുവനന്തപുരം എകെജി സെന്റര്‍ ആക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങള്‍ അന്വേഷണ സംഘം സിഡാക്കിന് കൈമാറി. പ്രതി വാഹനത്തിലെത്തുന്നതിന്റെയും ആക്രമണത്തിന്റയും ദൃശ്യങ്ങളാണ് കൈമാറിയത്. വാഹന നമ്പര്‍ ഉള്‍പ്പെടെ കണ്ടെത്താനാണ് ശ്രമം. ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചനയും പൊലീസിനു ലഭിച്ചിട്ടില്ല.

◼️ഇടുക്കിയില്‍ നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. മൃതദേഹം പോതമേട വനത്തില്‍ കുഴിച്ചിട്ട നായാട്ടു സംഘം പോലീസില്‍ കീഴടങ്ങി. ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്‍ ആണ് മരിച്ചത്. കുഞ്ചിത്തണ്ണി സ്വദേശികളാണു പ്രതികള്‍.

◼️ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി ഗുരുപ്രാസാദിനെതിരെ ലൈംഗിക പീഡന പരാതി. അമേരിക്കന്‍ മലയാളിയായ നഴ്സാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. 2019 ല്‍ ശിവഗിരി മഠത്തിന് നല്‍കിയ പരാതിയില്‍ ഗുരുപ്രസാദിനെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും ശല്യം ചെയ്യുന്നതിനാലാണ് പരാതി നല്‍കിയത്. അമേരിക്കയിലെ ഡാളസിലെ ശിവഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 2019 ല്‍ ടെകസസില്‍ എത്തിയ സ്വാമി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണു പരാതി.

◼️ആര്‍എസ്എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നിയമനടപടി നേരിടാന്‍ തയ്യാറാണ്. ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സില്‍ പറയുന്ന കാര്യം തന്നെയാണ് മുന്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു.

◼️നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്ന് ആരോപിച്ച് കേസെടുത്ത വയല്‍ക്കിളി പ്രവര്‍ത്തകരെ വെറുതെ വിട്ടു. സുരേഷ് കീഴാറ്റൂര്‍ അടക്കം നാലു പ്രവര്‍ത്തകരെയാണ് കോടതി വെറുതെ വിട്ടത്.

◼️ചത്ത പോത്തുകളെ ഇറച്ചിയാക്കി വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. മലപ്പുറം ആലത്തിയൂരില്‍ ബലിപെരുന്നാളിനിടെയാണ് ചത്ത പോത്തുകളെ അറുത്ത് ഇറച്ചിയാക്കി വില്‍ക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കണ്ടെയ്‌നര്‍ ലോറിയില്‍ എത്തിച്ച പോത്തുകളില്‍ മൂന്നെണ്ണം ചത്തിരുന്നെന്നാണ് റിപ്പോര്‍ട്ട്.

◼️ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൂടി പിടിയിലായി. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ മര്‍ദ്ദിച്ച പുതിയോട്ടില്‍ മുഹമ്മദ് ഷാക്കിറിനെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനാണെന്ന് പൊലീസ് അറിയിച്ചു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.

◼️കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവായ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് കായംകുളം മണ്ഡലം സെക്രട്ടറിയായിരുന്ന സഫറുദ്ദീന്‍, സ്പൈഡര്‍ സുനില്‍ എന്ന സുനില്‍ എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് മുന്‍ ജില്ലാ കമ്മിറ്റി അംഗം കൃഷ്ണപുരം കറുകതറയില്‍ കെ.എം. ബഷീറിന്റെ വീട്ടില്‍ മോഷണം നടത്തിയ കേസിലാണ് ഇരുവരും പിടിയിലായത്.

◼️അമര്‍നാഥിലെ പ്രളയത്തില്‍ കുടുങ്ങിയ നാല്‍പതോളം പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രളയസാഹചര്യം കണക്കിലെടുത്ത് അമര്‍നാഥ് തീര്‍ത്ഥാടനത്തിന് എത്തിയ പതിനയ്യായിരത്തോളം പേരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റി. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.

◼️രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും പ്രതിപക്ഷത്തുനിന്ന് പാര്‍ട്ടികള്‍ കൊഴിഞ്ഞുപോകുന്നു. യുപിയില്‍ പ്രതിപക്ഷത്തെ മുന്നു ചെറിയ പാര്‍ട്ടികള്‍ ദ്രൗപദി മുര്‍മുവിനു പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ യോഗം നാളെ ഡല്‍ഹിയില്‍ ചേരും. യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷം തീരുമാനിച്ചപ്പോള്‍ 21 പാര്‍ട്ടികളുടെ പിന്തുണയുണ്ടായിരുന്നു. ജാര്‍ക്കണ്ഡ് മുക്തിമോര്‍ച്ച അടക്കം പല പാര്‍ട്ടികളും നിലപാടു മാറ്റിയിരിക്കുകയാണ്.

◼️ആരാധനയില്‍ വിശ്വാസമുള്ള ഇതര മതവിശ്വാസികളെ ക്ഷേത്ര ദര്‍ശനം നടത്തുന്നതില്‍നിന്ന് വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. കന്യാകുമാരി തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ കുഭാംഭിഷേകത്തിന് ഇതര മതസ്ഥര്‍ക്കു ക്ഷേത്ര ദര്‍ശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. യേശുദാസിന്റെ ഭക്തിഗാനങ്ങള്‍ ക്ഷേത്രങ്ങളില്‍ കേള്‍പിക്കുന്നില്ലേയെന്ന് കോടതി ചോദിച്ചു. വേളാങ്കണ്ണിയിലും നാഗൂര്‍ ദര്‍ഗയിലും ഇതര മതസ്ഥര്‍ക്ക് പ്രവേശനം അനുവദിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി.

◼️ജപ്പാനില്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ മുന്‍ സേനാംഗം വെടിവച്ചു കൊന്നത് ഇന്ത്യക്കു പാഠമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ ‘ജാഗോ ബംഗ്ള’. അഗ്‌നിപഥ് പദ്ധതി അപകടമാണെന്നു പറയുന്നത് ഇതുകൊണ്ടാണെന്നും മുഖപത്രം വിമര്‍ശിച്ചു.

◼️മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ്മയും ഗുലാം നബി ആസാദും പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം. വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ്, കശ്മീര്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഇരുവരും നിര്‍ണ്ണായക നീക്കം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

◼️ഛത്തീസ്ഗഡില്‍ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 10 മാസം പ്രായമുള്ള പെണ്‍കുട്ടിയെ റെയില്‍വേ ആശ്രിത നിയമന പട്ടികയില്‍ ഉള്‍പെടുത്തി. 18 വയസ്സ് തികയുമ്പോള്‍ ഈ പെണ്‍കുട്ടിക്ക് റെയില്‍വേയില്‍ ജോലിക്കു ചേരാം. ഭിലായിലെ റെയില്‍വേ യാര്‍ഡില്‍ അസിസ്റ്റന്റായിരുന്ന രാജേന്ദ്ര കുമാറും ഭാര്യയും കഴിഞ്ഞ മാസം വാഹനാപകടത്തില്‍ മരിച്ചിരുന്നു.

◼️ട്വിറ്റര്‍ വാങ്ങാനുള്ള 4400 കോടി ഡോളറിന്റെ ഇടപാടുകള്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് അവസാനിപ്പിച്ചു. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ശരിയായ വിവരങ്ങള്‍ തന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ഇടപാട് അവസാനിപ്പിച്ചത്. കരാര്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ ട്വിറ്റര്‍ മസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കും.

◼️ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. രാത്രി ഏഴുമുതല്‍ ബര്‍മിങ്ഹാമിലാണ് മത്സരം. അഞ്ചുമാസം നീണ്ട ഇടവേളയ്ക്കുശേഷം വിരാട് കോലി അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിലേക്ക് ഇന്ന് തിരിച്ചെത്തും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയം നേടിയാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ട് ദിവസം ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. രണ്ട് ദിവസംകൊണ്ട് 1000 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 37560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4695 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3880 രൂപയാണ്.

◼️ധനലക്ഷ്മി ബാങ്ക് എന്‍.ആര്‍.ഐ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക് പ്രഖ്യാപിച്ചു. 555 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6ശതമാനം പലിശയും 1111 ദിവസത്തേക്ക് 6.25ശതമാനവുമായിട്ടാണ് പുതുക്കിയത്. ഈമാസം 11 മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍വരും. പുതുക്കിയ പലിശനിരക്കിലൂടെ പ്രവാസികളുടെ പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കും.

◼️ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന ബോളിവുഡ് ചിത്രം ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റിന്റെ ടീസര്‍ പുറത്തെത്തി. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സണ്ണി ഡിയോളും പ്രധാന കഥാപാത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ആര്‍ ബല്‍കിയാണ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണ് ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

◼️മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിന്റെ ടീസര്‍ പുറത്ത് . ഇന്ത്യന്‍ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പന്‍ താരനിരയുമായാണ് ചിത്രത്തിന്റെ വരവ്. വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി മുന്‍നിരതാരങ്ങള്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ടൈറ്റില്‍ കഥാപാത്രമായി ജയം രവിയാണ് എത്തുന്നത്. രാജ രാജ ചോഴനായാണ് ജയം രവി അഭിനയിക്കുന്നത്. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുള്‍മൊഴി വര്‍മനെന്ന രാജ രാജ ചോഴന്‍. ആദിത്യ കരികാലനായി എത്തുന്നത് വിക്രമാണ്.

◼️ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ ആസ്റ്റര്‍ എസ്യുവിയുടെ നാല് പുതിയ വകഭേദങ്ങള്‍ കൂടി അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കിയ 11 വേരിയന്റുകള്‍ക്ക് പുറമെ നാല് പുതിയ വകഭേദങ്ങളുമായി എംജി ആസ്റ്റര്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു. എംജി ആസ്റ്റര്‍ എസ്യുവി 2021-ല്‍ ആണ് 9.78 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയില്‍ അവതരിപ്പിക്കുന്നത്. പുതിയ വേരിയന്റുകള്‍ നാല് ട്രിമ്മുകളില്‍ ലഭ്യമാണ്, കൂടാതെ ഇതിനകം ഓഫര്‍ ചെയ്തിരിക്കുന്ന വേരിയന്റുകളേക്കാള്‍ അല്‍പ്പം താങ്ങാനാവുന്ന വില ഉള്ളതുമാണ്. പുതിയ വേരിയന്റുകളുടെ വില 10.22 ലക്ഷം മുതല്‍ 14.46 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം).

◼️മലയാളിജീവിതത്തിന്റെ മുഖ്യധാരയില്‍നിന്ന് മാറി നില്‍ക്കുന്നവരാണ് അഗ്രഹാരങ്ങളും അവയില്‍ പാര്‍ക്കുന്ന തമിഴ് ബ്രാഹ്‌മണരും. സാഹിത്യത്തിലേക്കും അവരുടെ ജീവിതം വലുതായൊന്നും കടന്നുവന്നിട്ടില്ല. തമിഴകത്തുനിന്നുള്ള ബ്രാഹ്‌മണരുടെ കുടിയേറ്റം, അഗ്രഹാരങ്ങളുണ്ടാവുന്നത്. അവയുടെ വാസ്തു മുതല്‍ അതിലെ മനുഷ്യരുടെ ഭാഷ, ഭക്ഷണം, വേഷം, സംഗീതം, കുടുംബബന്ധങ്ങള്‍ എന്നിങ്ങനെ ആ സമൂഹത്തിന്റെ ചെറുതും വലുതുമായ ജീവിത മുദ്രകള്‍ വീണുകിടക്കുന്ന കഥകളാണ് ഇതിലുള്ളത്. ‘അഗ്രഹാര കഥകള്‍’. ടി കെ ശങ്കര നാരായണന്‍. ഡിസി ബുക്സ്. വില 266 രൂപ.

◼️13 തരത്തിലുള്ള വൈറ്റമിനുകളാണ് പ്രധാനമായും നമ്മുടെ ശരീരത്തിന് ആവശ്യമായി വരുന്നത്. ഇവയില്‍ ഏതിലെങ്കിലും കുറവ് വന്നാല്‍ അത് പതിവായ തളര്‍ച്ച, ക്ഷീണം, തലകറക്കം, അസ്വസ്ഥത, എല്ലിന്റെ ബലം ക്ഷയിക്കല്‍, ചര്‍മ്മത്തിന്റെ ആരോഗ്യം ദുര്‍ബലമാകല്‍, വിവിധ അണുബാധകള്‍, വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങള്‍ എന്നിവയിലേക്കെല്ലാം നയിച്ചേക്കാം. ഇക്കൂട്ടത്തില്‍ രണ്ട് വൈറ്റമിനുകളുടെ കുറവ് ക്രമേണ കാഴ്ചാശക്തി തകരാറിലാകുന്നതിലേക്കും നിങ്ങളെ നയിക്കാം. ഇത് മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ സംഭവിക്കാമെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വൈറ്റമിന്‍- എ, വൈറ്റമിന്‍ ബി12 എന്നിവയുടെ കുറവാണ് കാഴ്ചാപ്രശ്നങ്ങളിലേക്ക് പിന്നീട് നയിക്കുക. വൈറ്റമിന്‍ ബി 12 ആണെങ്കില്‍ തലച്ചോറിന്റെയും നാഡീകോശങ്ങളുടെയും പ്രവര്‍ത്തനത്തിന് അവശ്യം വേണ്ടുന്ന ഘടകമാണ്. ഇതില്‍ കുറവ് വരുമ്പോള്‍ അത് തലച്ചോറിനെ ബാധിക്കുന്നതിനൊപ്പം തന്നെ കാഴ്ചയെയും ബാധിക്കുന്നു. ക്രമേണയാണ് ഇത് കാഴ്ചാ തകരാറിലേക്ക് നയിക്കുക എന്നതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് തിരിച്ചറിയാനും സാധിക്കണമെന്നില്ല. വൈറ്റമിന്‍ എ കുറവ് ചില കാര്യങ്ങളിലൂടെ തിരിച്ചറിയാന്‍ സാധിക്കും. പ്രധാനമായും രാത്രികാലങ്ങളിലെ അന്ധതയാണിതിന്റെ ലക്ഷണമായി വരുന്നത്. അധികവും ഇത് കുട്ടികളിലാണ് കാണുന്നത്. വിവിധ അണുബാധകള്‍, കണ്ണുകള്‍ ഡ്രൈ ആകുന്ന അവസ്ഥ, ചര്‍മ്മത്തില്‍ പാടുകളും ചൊറിച്ചിലും, വളര്‍ച്ച മുരടിക്കുന്ന സാഹചര്യം, മുതിര്‍ന്നവരിലാണെങ്കില്‍ വന്ധ്യതാപ്രശ്നം എന്നിവയെല്ലാം വൈറ്റമിന്‍- എയുടെ കുറവ് മൂലം കാണാം. വൈറ്റമിന്‍ ബി-12 കുറവാണെങ്കില്‍ ചര്‍മ്മം വിളര്‍ത്ത് മഞ്ഞനിറം പടരുക, നാക്കില്‍ പുണ്ണും ചുവപ്പ് നിറവും വരിക, വായ് പുണ്ണ്, നടത്തത്തിലും ചലനത്തിലും വ്യത്യാസം, കാഴ്ചയ്ക്ക് മങ്ങല്‍, സൂചി കൊണ്ടോ പിന്‍ കൊണ്ടോ കുത്തുന്നത് പോലെയുള്ള തോന്നല്‍, വിഷാദം അല്ലെങ്കില്‍ എപ്പോഴും അസ്വസ്ഥമായ മനസ്, ചിന്തകളിലും കാര്യങ്ങള്‍ ചെയ്യുന്ന രീതികളിലുമെല്ലാം മാറ്റം, ഓര്‍മ്മശക്തി കുറയല്‍, കാര്യങ്ങള്‍ പെട്ടെന്ന് മനസിലാകാതെ വരിക എന്നിവയെല്ലാം സൂചിപ്പിക്കും.

Related Articles

Back to top button
error: Content is protected !!