Kerala

സായാഹ്ന വാർത്തകൾ

2022 | ജൂലൈ 14 | വ്യാഴം | 1197 | മിഥുനം 30 | ഉത്രാടം

◼️അഴിമതിക്കാരൻ എന്ന വാക്കിനു പാര്‍ലമെന്റില്‍ വിലക്ക്. സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, അരാജകവാദി, ശകുനി, കൊവിഡ് വ്യാപി എന്നിവ അടക്കം 65 വാക്കുകള്‍ക്കു പാര്‍ലമെന്റില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യും. ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശ പുസ്തകത്തിലാണ് ഈ നിര്‍ദ്ദേശമുള്ളത്. വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് ഈ നിര്‍ദ്ദേശങ്ങള്‍.

◼️നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍, ഒരു പെന്‍ഡ്രൈവ് ലാപ്‌ടോപ്പില്‍ കുത്തി ജഡ്ജിയുടെ മുന്നില്‍വച്ചാണ് താന്‍ കണ്ടതെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ വി.വി പ്രതീഷ് കുറുപ്പ്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ കണ്ടിട്ടില്ല. ഹാഷ് വാല്യൂവില്‍ മാറ്റം വന്നത് എങ്ങനെയെന്ന് അറിയില്ല. താന്‍ വിവോ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും പ്രതീക്ഷ് കുറുപ്പ് പറഞ്ഞു.

◼️നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രാത്രിയിലടക്കം മൂന്നു തവണ തുറന്നിട്ടുണ്ടെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം. 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതല്‍ 12: 54 വരെ ഒരു വിവോ ഫോണിലിട്ടാണ് മെമ്മറി കാര്‍ഡ് തുറന്നത്. 2018 ജനുവരി ഒമ്പതിന് രാത്രി 9.58 ന് ഒരു കംപ്യൂട്ടറിലിട്ടാണ് മെമ്മറി കാര്‍ഡ് തുറന്നത്. 2018 ഡിസംബര്‍ 13 നും തുറന്നിട്ടുണ്ട്. എട്ട് വീഡിയോ ഫയലുകള്‍ ഉണ്ടായിരുന്നു. ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ പക്കലും രണ്ടാമത് എറണാകുളം ജില്ലാ കോടതിയുടെ പക്കലും ഒടുവില്‍ വിചാരണക്കോടതിയുടെ പക്കലും ഉണ്ടായിരുന്നപ്പോഴാണ് ഹാഷ് വാല്യു മാറിയത്.

◼️ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര മന്ത്രിമാരുടെ ഇടപെടല്‍ തേടുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ഒരു കിലോമീറ്റര്‍ പരിധി ഉത്തരവ് മറികടക്കാന്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെടും. കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

◼️മാത്യു കുഴല്‍നാടന്‍ നല്‍കിയ അവകാശ ലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ മെന്റര്‍ വിവാദത്തിന്റെ തുടര്‍ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് നടപടി.

◼️കെഎസ്ഇബി ചെയര്‍മാന്‍ ഡോ.ബി. അശോകിനെ മാറ്റി. പകരം ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡേയെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു. ബി. അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റിയത്. കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി ഉടക്കിയ അശോകിനെ മാറ്റണമെന്ന് യൂണിയനുകള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

◼️തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസിക്ക് 15 ജില്ലാ ഓഫീസുകള്‍ മാത്രമേ ഉണ്ടാകൂവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യാത്രക്കാരുടെ എണ്ണം 30 ലക്ഷത്തില്‍നിന്ന് 18 ലക്ഷമായി കുറഞ്ഞതാണ് ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കാന്‍ കാരണം. സിംഗിള്‍ ഡ്യൂട്ടി കാര്യക്ഷമമായി നടപ്പിലാക്കും. ഉന്നതതല ഓഡിറ്റ് വേണമെന്നു ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

◼️തട്ടിപ്പു കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ബലാത്സംഗ പോക്‌സോ കേസുകളിലാണ് മോന്‍സണ്‍ കോടതിയെ സമീപിച്ചത്. വിവാഹിതയായ യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും ബലാത്സംഗം ചെയ്‌തെന്നാണു കുറ്റം.

◼️അട്ടപ്പാടി മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചെന്ന് പ്രതിപക്ഷം നിയമസഭയില്‍. എന്‍ ഷംസുദ്ദീന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. മഴമൂലം റോഡില്‍ ചളിനിറഞ്ഞ് വാഹനങ്ങള്‍ക്കു പോകാനാകാതെ വന്നതിനാലാണ് നടക്കേണ്ടിവന്നതെന്നു മന്ത്രി കെ. രാധാകൃഷ്ണന്‍ വിശദീകരിച്ചു. ഇത്തരം സംഭവങ്ങള്‍ ഉത്തരേന്ത്യയില്‍ ഉണ്ടാകാറുണ്ട്. കേരളത്തില്‍ സംഭവിച്ചത് സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥമൂലമാണെന്നു പ്രതിപക്ഷം ആരോപിച്ചു.

◼️പീഡനക്കേസ് ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാര്‍ സ്വദേശിയായ യുവതിയും നല്‍കിയ അപേക്ഷ ബോംബൈ ഹൈക്കോടതി മാറ്റിവച്ചു. കഴിഞ്ഞ ദിവസം കേസു പരിഗണിച്ചപ്പോള്‍ നിങ്ങള്‍ തമ്മില്‍ വിവാഹിതരാണോയെന്ന ചോദ്യത്തിന് യുവതി അതെയെന്നും ബിനോയ് അല്ലെന്നുമാണ് മറുപടി നല്‍കിയത്. കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

◼️നേമം കോച്ച് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന റെയില്‍വേ ബോര്‍ഡില്‍നിന്നോ റയില്‍വേ മന്ത്രാലയത്തില്‍ നിന്നോ സംസ്ഥാന സര്‍ക്കാരിന് അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. പദ്ധതി പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ജൂണ്‍ 20 ന് റയില്‍വേ അധികൃതര്‍ അറിയിച്ചത്. മന്ത്രി പറഞ്ഞു.

◼️ആറളത്ത് ആന കര്‍ഷകനെ ചവിട്ടിക്കൊന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു (45) ആണ് മരിച്ചത്. ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ ആന ആക്രമിച്ചത്.

◼️കോട്ടയം ബിസിഎം കോളജിന്റെ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. മൂന്നാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിക.

◼️ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. സുല്‍ത്താന്‍ബത്തേരി പൂമല തൊണ്ടന്‍മല ടി.എം ഫിറോസ് (38) നെയാണ് പനമരം പോലീസ് അറസ്റ്റു ചെയ്തത്. മാനന്തവാടി ബത്തേരി റൂട്ടില്‍ സ്വകാര്യ ബസിലായിരുന്നു അതിക്രമം.

◼️സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവസാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ കഥ, കവിത രചനകള്‍ ഈ മാസം 30 നകം നല്‍കണം. മൗലികവുമായ രചനകള്‍ ഡി.റ്റി.പി ചെയ്ത് വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ബയോഡാറ്റ, വാട്‌സ്അപ്പ് നമ്പര്‍ എന്നിവ സഹിതം അയക്കണം. കവിത 60 വരിയിലും കഥ എട്ട് ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന്.പി.ഒ, തിരുവനന്തപുരം-695043.

◼️ഹിജാബ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജികളില്‍ പ്രത്യേക ബെഞ്ച് പിന്നീട് വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കി. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതുമായി ബന്ധപ്പെട്ടു ഹര്‍ജി ഫെബ്രുവരിയില്‍ ഫയല്‍ ചെയ്തതാണെന്ന് ഉപാധ്യായ ചൂണ്ടിക്കാട്ടി.

◼️എന്‍ഐഎയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രം കോടതി ചീഫ് ജസ്റ്റിസ്. പത്രം വായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്‌നക്കാരാണോയെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു. യുഎപിഎ കേസില്‍ സഞ്ജയ് ജെയിന്‍ എന്നയാളുടെ ജാമ്യം ശരിവച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ജാര്‍ഖണ്ഡിലെ മാവോയിസറ്റ് വിഭാഗമായ തൃത്യ പ്രസ്തുതി സമിതിക്കുവേണ്ടി പണം പിരിച്ചെന്ന് ആരോപിച്ചാണ് സഞ്ജയ് ജെയിനെ അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ യുഎപിഎ കുറ്റം നിലനില്‍ക്കില്ലെന്ന് നേരത്തെ ജാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

◼️പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന പേരില്‍ രണ്ടു പേരെ ബിഹാറില്‍ പോലീസ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മോദിയുടെ ബിഹാര്‍ സന്ദര്‍ശനത്തിനിടെ ആക്രമണം നടത്താന്‍ പരിശീലനം നടത്തിയെന്ന പേരിലാണ് അതര്‍ പര്‍വേസ്, മുഹമ്മദ് ജലാലുദീന്‍ എന്നിവരെ അറസ്റ്റു ചെയ്തത്.

◼️എല്ലാ കള്ളന്മാര്‍ക്കും എന്തുകൊണ്ടാണു മോദി എന്ന പേരെന്നു പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന ഹര്‍ജി ജാര്‍ക്കണ്ഡ് ഹൈക്കോടതി തള്ളി. ബാങ്കുവായ്പയെടുത്തു നീരവ് മോദി മുങ്ങിയ അവസരത്തില്‍ നടത്തിയ പ്രസംഗത്തിനെതിരേ പ്രദീപ് മോദി എന്ന അഭിഭാഷകനാണു കേസു നല്‍കിയത്.

◼️തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ വിദഗ്ധ ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

◼️സാമ്പത്തിക തകര്‍ച്ചയും അരാജകത്വവും നടമാടുന്ന ശ്രീലങ്കയില്‍നിന്ന് ഒളിച്ചോടിയ പ്രസിഡന്റ് ഗോത്തബായ രാജപക്‌സെ സിംഗപ്പൂരില്‍നിന്ന് സൗദി അറേബ്യയില്‍ എത്തുമെന്നു റിപ്പോര്‍ട്ട്. മാലിയില്‍ എത്തിയ ഗോത്തബായക്കെതിരേ നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതോടെയാണ് സിംഗപ്പൂരിലേക്കു പറന്നത്.

◼️യുഎഇ ജനതയുടെ ശാക്തീകരണത്തിനു പ്രഥമ പരിഗണനയെന്ന് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പ്രസിഡന്റായി പദവി ഏറ്റെടുത്ത ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനു നാളെ അമേരിക്കയില്‍ തുടക്കം. പത്തു മലയാളികളടക്കം ഇരുപത്തിരണ്ടംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. 192 രാജ്യങ്ങളിലെ 1972 താരങ്ങള്‍ മല്‍സരിക്കും. ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്രയാണ്. രണ്ടായിരത്തില്‍ നടക്കേണ്ടിയിരുന്ന ചാംപ്യന്‍ഷിപ്പ് കൊവിഡ് കാരണം 2022 ലേക്ക് മാറ്റുകയായിരുന്നു.

◼️ലോകം മാന്ദ്യത്തിന്റെ ഭീഷണി നേരിടുന്നതായി ഐഎംഎഫ്. 12 മാസത്തിനകം ലോകം സാമ്പത്തിക മാന്ദ്യം കൂടുതല്‍ അപകടമുണ്ടാക്കുമെന്ന് ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുക്രൈനിലെ റഷ്യയുടെ സൈനികനടപടിയും മറ്റുമാണ് മാന്ദ്യത്തിന്റെ ഭീഷണി ഉയര്‍ത്തുന്നത്. വില കുതിച്ചുയരുകയാണ്. അമേരിക്കയില്‍ 41 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണിലെ പണപ്പെരുപ്പനിരക്ക് 9.1 ശതമാനമാണ്. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതോടെ മിക്ക ലോകരാജ്യങ്ങളിലും പലിശനിരക്ക് വര്‍ധിപ്പിക്കേണ്ടിവരും.

◼️ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 80 ലേക്ക്. രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞു. ഡോളറിന് 79.64 രൂപയില്‍ നിന്നും 79.77 എന്ന നിലയിലേക്കെത്തി. 13 പൈസയുടെ ഇടിവ്.

◼️മൂന്ന് ചിത്രങ്ങളിലൂടെ സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് മാധവ് രാമദാസന്‍. മേല്‍വിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നിവയായിരുന്നു ഈ സംവിധായകന്റെ ചിത്രങ്ങള്‍. എല്ലാം മലയാളത്തില്‍. ഇപ്പോഴിതാ തമിഴില്‍ തന്റെ ആദ്യ ചിത്രം ഒരുക്കാന്‍ പോവുകയാണ് അദ്ദേഹം. ശരത്ത് കുമാര്‍ ആണ് നായകന്‍. ആഴി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശരത് കുമാര്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ചിത്രത്തോടുകൂടിയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്. താടി നീട്ടിവളര്‍ത്തിയ ഗെറ്റപ്പിലാണ് പോസ്റ്ററില്‍ അദ്ദേഹം. മയക്കുമരുന്നിനോട് നോ പറയുക എന്നൊരു ടാഗ് ലൈനും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്.

◼️കങ്കണ റണൌത്ത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി സ്‌ക്രീനിലെത്തുന്ന ചിത്രം എമര്‍ജന്‍സിയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ടീസര്‍ അടക്കമാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍മ്മാണവും കങ്കണയാണ് നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പേര് സൂചിപ്പിക്കുംപോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സിയായിരുന്നു സംവിധാനം ചെയ്ത ആദ്യ ചിത്രം.

◼️ജനപ്രിയ മോഡലായ നെക്സോണിന്റെ എക്‌സ്ഇസെഡ്, എക്‌സ്ഇസെഡ്എ വകഭേദങ്ങള്‍ നിര്‍ത്തലാക്കിയതിന് ശേഷം, ടാറ്റ മോട്ടോഴ്സ് നെക്സോണ്‍ ലൈനപ്പിലേക്ക് ഒരു പുതിയ വേരിയന്റ് ചേര്‍ക്കുന്നതായി പ്രഖ്യാപിച്ചു. എക്‌സ്എം+ (എസ്) എന്ന വേരിയന്റാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. എക്‌സ്എം+ (എസ്) , എക്‌സ്ഇസെഡ്+ എന്നീ വേരിയന്റുകള്‍ക്ക് ഇടയിലാണ് പുതിയ വേരിയന്റ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഈ പുതിയ വേരിയന്റിനുള്ള പ്രാരംഭ വില 9.75 ലക്ഷം എക്‌സ് ഷോറൂം ആണ്. ഈ പുതിയ വേരിയന്റ് കാല്‍ഗറി വൈറ്റ്, ഡേടോണ ഗ്രേ, ഫ്‌ലേം റെഡ്, ഫ്‌ലോയേജ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ വരുന്നു.

◼️ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനയ പ്രതിഭയുടെ ജീവചരിത്രം. അഭിനേത്രി എന്ന വാക്കിന്റെ പര്യായവും സ്ത്രീസൗന്ദര്യത്തിന്റെ പ്രതീകവുമായിതീര്‍ന്ന നര്‍ഗീസിന്റെ ജീവിതത്തിലെ ഉയര്‍ച്ചകളും താഴ്ചകളും സംഘര്ഷങ്ങളും നിര്ണായകനിമിഷങ്ങളുമെല്ലാം കടന്നുവരുന്ന ഈ പുസ്തകം ഹിന്ദി സിനിമകളുടെ സുവര്‍ണ്ണകാലമായ 1950 കളുടെ ചരിത്രരേഖ കൂടിയാകുന്നു. ‘നര്‍ഗീസ് ജീവിതവും കാലവും’. ടി ജെ എസ് ജോര്‍ജ്. മാതൃഭൂമി ബുക്‌സ്. വില 285 രൂപ.

◼️ശരീരഭാരം കുറയ്ക്കുന്നതിന് മൈഗ്രെയ്ന്‍ മരുന്നുകള്‍ സഹായിക്കുന്നുവെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. വിശപ്പ് കുറയ്ക്കുന്നതിന് ഈ മരുന്നിലെ ഘടകങ്ങള്‍ സഹായിക്കുന്നു എന്നതുകൊണ്ടാണ് ശരീരഭാരം കുറയുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ശരീരത്തില്‍ കാണപ്പെടുന്ന സെറോടോണിന്‍ എന്ന രാസ സന്ദേശവാഹകരാണ് വിശപ്പില്‍ പ്രധാന പങ്ക് വഹിക്കുന്നത്. മൈഗ്രെയ്ന്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ട്രാപ്റ്റാന്‍, ഈ റിസപ്റ്ററിനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കുന്നതിന് കാരണമാകുന്നു. ഇതിലൂടെ ശരീരഭാരവും കുറയുന്നു. അമിതശരീരഭാരമുള്ള ആറ് എലികളിലാണ് ഈ പരീക്ഷണം നടത്തിയത്. മൂന്ന് എലികള്‍ക്ക് ഏഴ് ആഴ്ചത്തേയ്ക്ക് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ നല്‍കി. മറ്റ് മൂന്നെലികള്‍ക്ക് കൊഴുപ്പ് കൂടിയ ഭക്ഷണവും മൈഗ്രെയ്നുള്ള മരുന്നും നല്‍കി. ഇതില്‍ മരുന്ന് കഴിച്ച എലികളില്‍ ശരീരഭാരത്തിന്റെ 3.6ശതമാനം കുറഞ്ഞതായി കണ്ടെത്തി. അതേസമയം, മരുന്ന് നല്‍കാത്ത എലികളില്‍ ശരീരഭാരം 5.1ശതമാനം വര്‍ദ്ധിച്ചു. കൂടാതെ ഒരു മാസം ഈ മരുന്ന് കഴിക്കുന്നത് ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തി.

Related Articles

Back to top button
error: Content is protected !!