Kerala

സായാഹ്ന വാർത്തകൾ

2022 | ജൂലൈ 21 | വ്യാഴം | 1197 | കർക്കടകം 5 | അശ്വതി

◼️മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രീംകോടതിക്കു നല്‍കാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണ്ണക്കടത്ത് കേസ് ബംഗളൂരുവിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇഡി നിലപാട് വ്യക്തമാക്കിയത്. ഈ മാസം ആറിനാണ് 59 പേജുള്ള ഹര്‍ജി ഇഡി ഫയല്‍ ചെയ്തത്.

◼️സ്വര്‍ണ്ണക്കടത്തു കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്നു പ്രതിപക്ഷം. കേസ് അട്ടിമറിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ല. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

◼️രാഷ്ട്രപതിയായി ദ്രൗപതി മെര്‍മു തെരഞ്ഞെടുക്കപ്പെട്ട പ്രഖ്യാപനം വൈകുന്നേരത്തോടെ ഉണ്ടാകും. വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. യശ്വന്ത് സിന്‍ഹയായിരുന്നു പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ത്ഥി.

◼️മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ വധശ്രമ കേസില്‍ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കുമെന്ന് പൊലീസ്. ഗൂഢാലോചനയ്ക്ക് തെളിവായി പൊലീസ് ശേഖരിച്ച വാട്സാപ്പ് ഗ്രൂപ്പിലുള്ള നേതാക്കള്‍ക്കാണ് നോട്ടീസ് നല്‍കുക. മുഖ്യമന്ത്രിയെ വധിക്കാന്‍ ശബരീനാഥിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നാണ് പോലീസിന്റെ ആരോപണം. എന്നാല്‍ പ്രതിഷേധിക്കാമെന്ന ചാറ്റ് ഗൂഡാലോചന ആകില്ലെന്നു വിലയിരുത്തിയാണു കോടതി ശബരീനാഥിനു ജാമ്യം നല്‍കിയത്.

◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുുന്നു. ഉച്ചക്ക് 12 നാണ് സോണിയാഗാന്ധി ഇഡി ഓഫീസിലെത്തിയത്. ആരോഗ്യം മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇഡിക്കു മുന്‍പില്‍ എത്തിയിരുന്നില്ല.

◼️സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടി ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം പാര്‍ലമെന്റ് മന്ദിരത്തില്‍. സിപിഎം അടക്കം 12 കക്ഷികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചോദ്യംചെയ്യലിനു മുന്നോടിയായി എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രവര്‍ത്തകര്‍ക്കു പാര്‍ട്ടി ആസ്ഥാനത്തേക്കു പ്രവേശനമില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

◼️കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, കൊല്ലം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് എന്നിവര്‍ ഓഗസ്റ്റ് മൂന്നിനു കൊല്ലം മുന്‍സിഫ് കോടതിയില്‍ ഹാജരാകണമെന്ന് സമന്‍സ്. പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡു ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറയിലെ കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്.

◼️എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വിമാനത്തില്‍ നടത്തിയ അതിക്രമത്തിനെതിരേ കോടതി ഉത്തരവനുസരിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നവീന്റെ മുഖത്ത് ഇടിച്ചെന്നും ഫര്‍സീന്‍ മജീദിന്റെ കഴുത്തു ഞെരിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. മുഖ്യമന്ത്രിക്കു മുന്നില്‍ വച്ച് പ്രതിഷേധക്കാറായോ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും പരമാര്‍ശമുണ്ട്.

◼️കിഫ്ബിക്കും സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിനും നല്‍കിയ ഗ്യാരണ്ടി സര്‍ക്കാര്‍ കടബാധ്യതയാക്കിയ സിഎജിയുടെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബി വഴി കേരളത്തിന് 14,000 കോടി രൂപയുടെ കടബാധ്യതയാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

◼️ഹിറ്റ്ലര്‍ക്കും മുസ്സോളിനിക്കും ഉണ്ടായിരുന്ന ഭയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രധാനമന്ത്രിയാകാന്‍ അവസരമുണ്ടായിട്ടും നിരാകരിച്ച മഹതിയാണ് സോണിയ ഗാന്ധി. സോണിയയെ കേന്ദ്രസര്‍ക്കാര്‍ ആക്രമിക്കുന്നതു ഭയംമൂലമാണെന്ന് സതീശന്‍ പറഞ്ഞു.

◼️വിളകളുടെ വിലത്തകര്‍ച്ചയും കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളിയും സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല. വയനാട്ടില്‍ മാത്രം 2016 മുതല്‍ 11 കര്‍ഷകര്‍ ജീവനൊടുക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിലതകര്‍ച്ചക്കു കാരണം സംസ്ഥാന സര്‍ക്കാര്‍ നയംകൊണ്ടല്ലെന്നു മന്ത്രി പി പ്രസാദ് പറഞ്ഞു.

◼️സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നല്‍കി. വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്നും അതിനു വഴങ്ങാത്തതിന് അധിക്ഷേപിച്ചെന്നുമായിരുന്നു കേസ്.

◼️കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയ സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍. പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുള്ള അധ്യാപകനും എന്‍ടിഎ നിയോഗിച്ച ഒബ്സര്‍വറുമാണ് അറസ്റ്റിലായത്. അടിവസ്ത്രമടക്കം പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത് ഇവരാണെന്നു പൊലീസ് പറഞ്ഞു.

◼️അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. പതിനഞ്ചാം സാക്ഷി മെഹറുന്നീസ മൊഴിമാറ്റി. കേസില്‍ ഇത് തുടര്‍ച്ചയായ അഞ്ചാമത്തെ സാക്ഷിയാണു കൂറുമാറുന്നത്. മെഹറുന്നീസ രഹസ്യ മൊഴി നല്‍കിയിരുന്നു.

◼️സര്‍വകലാശാലകളില്‍ അധ്യാപകര്‍ നല്‍കുന്ന ചോദ്യങ്ങള്‍ പരിശോധിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. പരിശോധന സംവിധാനം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കും. കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ആവര്‍ത്തനത്തില്‍ മാതൃകപരമായ നടപടി എടുക്കും. ഇതിനായി സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റികളെ ചുമതലപ്പെടുത്തിയെന്നും ബിന്ദു നിയമസഭയെ അറിയിച്ചു.

◼️തൃശൂരില്‍ മത്സരയോട്ടം നടത്തിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ ഥാര്‍ ഡ്രൈവര്‍ അയന്തോള്‍ സ്വദേശി ഷെറിനെ അറസ്റ്റു ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപ്പൂര്‍വ്വമായ നരഹത്യക്കും കേസെടുത്തു. ഥാറിലുണ്ടായിരുന്ന പൊങ്ങണങ്ങാട് സ്വദേശി ശ്രീരാഗ്, അന്തിക്കാട് സ്വദേശി അനീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ പാടൂക്കാട് സ്വദേശി രവിശങ്കര്‍ മരിച്ചിരുന്നു. രവിശങ്കറിന്റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്സി ഡ്രൈവര്‍ രാജന്‍ എന്നിവര്‍ ചികിത്സയിലാണ്. ബിഎംഡബ്ള്യു കാറുമായി മല്‍സരിച്ചോടിയ ഥാര്‍ കൊട്ടേക്കാട്ടുവച്ചാണ് ടാക്സിയുമായി കൂട്ടിയിടിച്ചത്.

◼️ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ചോദ്യം ചെയ്യാന്‍ സിബിഐ. രണ്ടാം ഘട്ട മൊഴിയെടുക്കലിനായി സ്വപ്ന സുരേഷിനെ കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

◼️പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഒരു ദിവസത്തേക്കു കൂടി നീട്ടിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

◼️ജോലിക്കിടെ തെങ്ങു വീണ് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 17.32 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മഞ്ചേരി മോട്ടോര്‍ ആക്സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ ജഡ്ജി വിധിച്ചു. പൊന്മള ചാപ്പനങ്ങാടി കൊഴിഞ്ഞിപ്പറമ്പില്‍ കുട്ട്യാലിയുടെ മകന്‍ അബ്ദുള്ള (49) ആണ് മരിച്ചത്. 2016 ല്‍ ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തുന്നതിനിടെ കടപുഴകിയ തെങ്ങ് അബ്ദുള്ളയുടെ ദേഹത്ത് വീഴുകയായിരുന്നു.

◼️കെഎസ്ആര്‍ടിസി ശമ്പള വിതരണം ശനിയാഴ്ച തുടങ്ങും. സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട് . അതേസമയം മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ വേണ്ടത് 79 കോടി രൂപയാണ്. ജൂണ്‍ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് ശമ്പളം കിട്ടുക.

◼️സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി. വൈസ് പ്രസിഡന്റുമാരായ എന്‍.എസ് നുസൂറിനും എസ്.എം ബാലുവിനും സസ്പെന്‍ഷന്‍. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി. വാട്ട്സ്ആപ് ചാറ്റ് ചോര്‍ച്ചക്കു പിന്നാലെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ ഇരുവരും ദേശീയ നേതൃത്വത്തിനു കത്തയച്ചിരുന്നു.

◼️മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായി തുടരും. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ നാലു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

◼️പത്തു ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയില്‍. പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി, കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

◼️ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കാതിരിക്കാന്‍ സീറ്റുകള്‍ വെട്ടിച്ചുരുക്കിയ തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിനു സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. പകരം ജെന്‍ഡര്‍ ന്യൂട്രല്‍ ബസ് ഷെല്‍റ്റര്‍ നഗരസഭ നിര്‍മിക്കുമെന്നും മേയര്‍ പറഞ്ഞു. ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ മറ്റൊരാളുടെ മടിയിലിരുന്ന് പ്രതിഷേധിച്ചിരുന്നു.

◼️രാജസ്ഥാനിലെ ഭരത്പൂരില്‍ അനധികൃത ഖനനത്തിനെതിരെ സമരം ചെയ്യുന്ന സന്യാസി സ്വയം തീകൊളുത്തി. വിജയ് ദാസ് എന്ന സന്യാസിയാണ് തീകൊളുത്തിയത്. എണ്‍പത് ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട്. പാര്‍ട്ടി ആസ്ഥാനത്ത് പൊലീസിനെ കയറ്റി ഭയപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഗേലോട്ട് ആരോപിച്ചു. കേന്ദ്ര നീക്കത്തെ കോണ്‍ഗ്രസ് ഗാന്ധിയന്‍ രീതിയില്‍ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

◼️അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ കാണാതായവരുടെ പട്ടികയില്‍ ഇന്ത്യക്കാരിയും. 28 കാരിയായ മായുഷി ഭഗതിനെയാണ് എഫ്ബിഐ കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് 2019 ഏപ്രിലില്‍ ന്യൂജേഴ്സിയില്‍ നിന്നാണ് മായുഷിയെ കാണാതായത്.

◼️വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററില്‍ നിന്ന് പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലേക്ക് ഇന്ത്യന്‍ ടീമിനെ എത്തിക്കാന്‍ ബിസിസിഐ പൊടിച്ചത് 3.5 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 16 താരങ്ങളും ചിലരുടെ ഭാര്യമാരും സപ്പോര്‍ട്ട് സ്റ്റാഫും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമടക്കം നിരവധിയാളുകള്‍ക്ക് ഒന്നിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പ്രയാസമേറിയതു കാരണമാണ് ബിസിസിഐ ഇതിനായി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് ബുക്ക് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

◼️ക്രിക്കറ്റ് താരങ്ങളെ കാറുകളെപ്പോലെ പരിഗണിക്കരുതെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്ക് കാര്യങ്ങള്‍ കഠിനമാണ്. കളിക്കാന്‍ കഴിയുന്നതിന്റെ പരമാവധി കളിക്കുകതന്നെ വേണം. പക്ഷേ, അതിന് സാധിക്കാത്തവിധമുള്ള കലണ്ടര്‍ ആണെങ്കിലോ? അത് നല്ല കാര്യമല്ലെന്നും സ്റ്റോക്‌സ് പറഞ്ഞു.

◼️ട്വന്റി 20 മത്സരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി വീണ്ടും രംഗത്ത്. ടെസ്റ്റ്-ഏകദിന ഫോര്‍മാറ്റുകളുടെ നിലനില്‍പിന് ടി20 കുറയ്ക്കണമെന്ന് രവിശാസ്ത്രി ആവശ്യപ്പെട്ടു.

◼️ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണ്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്മാറി. കിരീടം നിലനിര്‍ത്താന്‍ കാള്‍സണ്‍ അടുത്തവര്‍ഷം റഷ്യയുടെ യാന്‍ നെപ്പോംനിഷിയെ നേരിടേണ്ടതായിരുന്നു. ഇനി കൂടുതല്‍ എന്തെങ്കിലും നേടേണ്ടതുണ്ടെന്നു തോന്നുന്നില്ലെന്നും അതേസമയം, ചെസ്സില്‍ നിന്ന് വിരമിക്കില്ലെന്നും കാള്‍സണ്‍ വ്യക്തമാക്കി.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വര്‍ണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36,800 രൂപയാണ്. രണ്ട് മാസം മുന്‍പ് മെയ് 18 ന് സ്വര്‍ണവില 36880 രൂപയായിരുന്നു. അതിനുശേഷം ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത് ഇന്നാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,600 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3,800 രൂപയാണ്.

◼️ലോകത്തില്‍ ഏറ്റവും കൂടുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമെന്ന റെക്കോര്‍ഡ് ഇന്ത്യയില്‍ നിന്നുള്ള സ്വാ ഡയമണ്ട്‌സിന്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് തുടങ്ങി ലോകത്തെ സുപ്രധാന ബഹുമതികളാണ് കേരളത്തിലെ മലപ്പുറത്തു രൂപകല്‍പ്പന ചെയ്ത വജ്രമോതിരം കരസ്ഥമാക്കിയത്. 24679 പ്രകൃതിദത്ത വജ്രക്കല്ലുകള്‍ പതിപ്പിച്ച പിങ്ക് ഓയിസ്റ്റര്‍ മഷ്‌റൂമിന്റെ മാതൃകയിലുള്ള ദി ടച്ച് ഓഫ് ആമി എന്ന മോതിരത്തിനാണ് ആഗോള ബഹുമതി ലഭിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശിനി റിജിഷ .ടി.വിയാണ് മോതിരം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മോതിരത്തില്‍ വജ്രം പതിപ്പിക്കാന്‍ മാത്രം 90 ദിവസങ്ങള്‍ വേണ്ടി വന്നു. സ്വാ ഡയമണ്ട്സ് ഉടമയായ കേപ്പ്സ്റ്റോണ്‍ കമ്പനിയാണ് ഈ അപൂര്‍വ്വ നേട്ടം രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നത്.

◼️വിജയ് ദേവെരകൊണ്ട ചിത്രം ‘ലൈഗറി’ന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ബോക്സിങ്ങിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം വിജയ് ദേവെരകൊണ്ടയുടെ കരിയറിലെ മികച്ച ചിത്രമാകുമെന്ന് ഉറപ്പ് നല്‍കുകയാണ് ട്രെയിലര്‍. നടി രമ്യ കൃഷ്ണന്റെ മാസ് അഭിനയവും ട്രെയിലറില്‍ കാണാം. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 25ന് തിയറ്ററുകളില്‍ എത്തും. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചായക്കടക്കാരനായ വിജയ് ദേവെരകൊണ്ടയുടെ കഥാപാത്രം ലാസ് വെഗാസിലെ ‘മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ്’ചാമ്പ്യനാകാന്‍ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

◼️ആമിര്‍ ഖാന്‍ നായകനായ ചിത്രം ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് ‘ലാല്‍ സിംഗ് ഛദ്ദ’യാണ്. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ യുവ സൂപ്പര്‍ സ്റ്റാര്‍ നാഗ ചൈതന്യയും ‘ലാല്‍ സിംഗ് ഛദ്ദ’യിലൂടെ ബോളിവുഡിലെത്തുകയാണ്. ഇപ്പോഴിതാ നാഗ ചൈതന്യയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ‘ബലരാജു’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നാഗ ചൈതന്യ അഭിനയിക്കുന്നത്. ആമിര്‍ ഖാന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. കരീന കപൂര്‍ നായികയാകുന്ന ചിത്രം ഓഗസ്റ്റ് 11ന് ആണ് റിലീസ് ചെയ്യുക.

◼️ബി.എം.ഡബ്ള്യു മോട്ടോറാഡിന്റെ ആദ്യ ജി 310 ആര്‍.ആര്‍ ഇന്ത്യയിലെത്തി. ബി.എം.ഡബ്ള്യു 310 സീരീസിലെ മൂന്നാമത്തെയും ഏറ്റവും പുത്തനുമായ ഈ മോഡല്‍ വില്പനയ്ക്കെത്തുന്ന ആദ്യ രാജ്യവും ഇന്ത്യയാണ്. സബ്-500 ക്ളാസ് ശ്രേണിയില്‍ ഏറ്റവും സ്പോര്‍ട്ടീ ആയതും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്നതുമായ ജി 310 ആര്‍.ആറിന് രണ്ട് വേരിയന്റുകളുണ്ട്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 2.85 ലക്ഷം രൂപയും സ്റ്റൈല്‍ സ്പോര്‍ട്ട് പതിപ്പിന് 2.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡ് ബ്ളാക്ക് സ്റ്റോം മെറ്റാലിക്, ലൈറ്റ് വൈറ്റ്, റേസിംഗ് ബ്ളു മെറ്റാലിക് റേസിംഗ് റെഡ് കോമ്പിനേഷന്‍ എന്നിങ്ങനെ രണ്ട് ആകര്‍ഷക നിറങ്ങളില്‍ ബൈക്ക് ലഭിക്കും.

◼️വിഭ്രാമകമായ ആഖ്യാനത്തോടെ സമൂഹത്തിന്റെ അരികുകളിലും മനസ്സുകളിലെ ഇരുളുകളിലും വസിക്കുന്ന ചില വിശ്വാസങ്ങളെ പുറത്തുകൊണ്ടുവരുന്ന പ്രാണസഞ്ചാരം മലയാളത്തില്‍ പുതിയൊരനുഭവമാകുന്നു. ആശയത്തിലും ആഖ്യാനത്തിലും പുതുനോവലിന്റെ തിളക്കമാര്‍ന്ന ഒരു ഈടുവയ്പ്പാകുന്ന കൃതി. ‘പ്രാണസഞ്ചാരം’. രാജീവ് ശിവശങ്കര്‍. ഡിസി ബുക്സ്. വില 313 രൂപ.

◼️മുതിര്‍ന്നവരില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കുമ്പോള്‍ ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഉണ്ടാകുന്ന ന്യൂട്രലൈസിങ് ആന്റിബോഡികളുടെ തോത് മൂന്ന് മാസത്തിനുള്ളില്‍ കുറയുന്നതായി പഠനം. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആണ് പഠനം നടത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി അമേരിക്കയില്‍ സിംഗിള്‍ ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് മിക്സ് ആന്‍ഡ് മാച്ച് അടിസ്ഥാനത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി. ചിലര്‍ക്ക് അവര്‍ നേരത്തെ എടുത്ത ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സീന്‍ തന്നെ ബൂസ്റ്ററായി നല്‍കിയപ്പോള്‍ ചിലര്‍ക്ക് മറ്റൊരു വാക്സീനാണ് ബൂസ്റ്റര്‍ ഡോസായി തിരഞെടുത്തത്. ബൂസ്റ്റര്‍ ഡോസ് എടുത്ത രണ്ട് സംഘത്തിലും പെട്ടവര്‍ക്ക് ഒമിക്രോണ്‍ ബിഎ.1 ഉപവകഭേദത്തിനെതിരെ ഉയര്‍ന്ന തോതിലുള്ള ആന്റിബോഡികള്‍ ശരീരത്തിലുണ്ടായി. എന്നാല്‍ ഒരേ വാക്സീന്‍ തന്നെ ആദ്യ ഡോസും ബൂസ്റ്റര്‍ ഡോസുമായി എടുത്തവര്‍ക്ക് വ്യത്യസ്ത വാക്സീനുകള്‍ എടുത്തവരെ അപേക്ഷിച്ച് ആന്റിബോഡി തോത് അല്‍പം കുറവായിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. അതേ സമയം എല്ലാവരിലും ബൂസ്റ്റര്‍ എടുത്ത് മൂന്ന് മാസത്തിനുള്ളില്‍ ആന്റി ബോഡിതോത് 2.4 മുതല്‍ 5.3 മടങ്ങ് കുറഞ്ഞു. ഒമിക്രോണ്‍ ഉപവകഭേദങ്ങളായ ബിഎ.2.12.1, ബിഎ.4/ബിഎ.5 എന്നിവ ആന്റിബോഡികളാല്‍ നിര്‍വീര്യമാക്കപ്പെടാനുള്ള സാധ്യത യഥാക്രമം ഒന്നര മടങ്ങും രണ്ടര മടങ്ങും ബിഎ.1 ഉപവകഭേദത്തെ അപേക്ഷിച്ച് കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിഎ.5 ആണ് നിലവില്‍ അമേരിക്കയിലെ പ്രബല കോവിഡ് വകഭേദം. സെല്‍ റിപ്പോര്‍ട്സ് മെഡിസിന്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

Related Articles

Back to top button
error: Content is protected !!