Kerala

എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ് കെ വസന്തന്

തിരുവനന്തപുരം : സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക്‌ കേരളസർക്കാർ നൽകുന്ന എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ് കെ വസന്തന്. ഭാഷാ ചരിത്രപണ്ഡിതനും നിരൂപകനുമാണ് എസ് കെ വസന്തൻ. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഉപന്യാസം, നോവൽ, ചെറുകഥ, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി എസ്. കെ വസന്തൻ രചിച്ച പുസ്തകങ്ങൾ പണ്ഡിതരുടെയും സഹൃദയരുടെയും സജീവമായ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് പുരസ്കാരനിർണയസമിതി അഭിപ്രായപ്പെട്ടു. കേരള സംസ്കാര ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

മികച്ച അധ്യാപകൻ, വാഗ്മി, ഗവേഷണ മാർഗദർശി തുടങ്ങിയ നിലകളിലുള്ള ഡോ. വസന്തന്റെ സംഭാവനകൾ കൂടി പരിഗണിച്ചാണ് എഴുത്തച്ഛൻ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.നിരൂപകൻ, ചിന്തകൻ, നോവലിസ്റ്റ് തുടങ്ങിയ നിലകളിൽ ദശാബ്ദങ്ങളായി കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന എസ്.കെ. വസന്തൻമാഷ് ഏറ്റവും ശ്രദ്ധേയനാകുന്നത് മലയാളം കണ്ട മഹാഗുരുക്കളിൽ ഒരാൾ എന്ന നിലയ്ക്കാണ്. ഗവേഷണപഠനകാലത്ത് എഴുതിയ കേരളചരിത്രനിഘണ്ടുവിനെ വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്കാരചരിത്രനിഘണ്ടു വസന്തൻമാഷ് കേരളത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണെന്ന് പുരസ്കാരനിർണയസമിതി അഭിപ്രായപ്പെട്ടു. ചരിത്രവും സംസ്കാരവും രണ്ടു പഠനപദ്ധതികളെന്ന നിലയിൽ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളെ അക്കാദമികമായി അടയാളപ്പെടുത്താൻ ഈ കൃതിയിലൂടെ സാധിച്ചിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും കനപ്പെട്ട റഫറൻസ് ഗ്രന്ഥങ്ങളിൽ ഒന്നുകൂടിയാണ് കേരള സംസ്കാരചരിത്രനിഘണ്ടു. നമ്മൾ നടന്ന വഴികൾ, നിരൂപകന്റെ വായന, അരക്കില്ലം, ഉദ്യോഗപർവ്വം എന്നിങ്ങനെ കഥ, നോവൽ, നിരൂപണം തുടങ്ങിയ വൈവിദ്ധ്യമാർന്ന സാഹിത്യശാഖകളിലായി നാല്പതിലധികം കൃതികൾ വസന്തൻമാഷ് രചിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!