Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. പത്ത് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അതിതീവ്ര മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കേരള, എംജി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികളിൽ എല്ലാ പരീക്ഷകളും മാറ്റിവെച്ചു, കോഴിക്കോട്, വയനാട് ജില്ലകളിലും മലപ്പുറം നിലമ്പൂരിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. മലപ്പുറത്ത് നാടുകാണി ചുരം വഴി മൂന്ന് ദിവസം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതികൾ നേരിടാൻ സംസ്ഥാനത്ത് 9 എൻഡിആർഎഫ് സംഘങ്ങൾ  വിവിധ ജില്ലകളിൽ തുടരുന്നുണ്ട്. സ൦സ്ഥാനത്ത് ഇതുവരെ 102 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. മൂന്ന് ദിവസം അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഇന്ന് രാത്രി 11.30 വരെ തീരത്ത് 3 മീറ്ററ് വരെ ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്. മഴക്കെടുതിയിൽ ഇതുവരെ 13 പേരാണ് മരിച്ചത്.

ഇടുക്കിയിലും മഴ ശക്തമാണ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ദുരന്തസാധ്യതമേഖലയിലുള്ളവരെ മാറ്റി പാർപ്പിച്ചു. കൊക്കയാർ,പെരുവന്താനം,കഞ്ഞിക്കുഴി, കട്ടപ്പന എന്നിവിടങ്ങളിൽ ഏഴ് ക്യാമ്പുകളിലായി 47 കുടുംബങ്ങളിലെ 127 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്.വൃഷ്ടിപ്രദേശങ്ങളിലെ ശക്തമായ മഴയെത്തുടർന്ന് ഡാമുകളിൽ ജലനിരപ്പ് ഉയർന്നതോടെ പാംബ്ല,കല്ലാർകുട്ടി,പൊൻമുടി,ഇരട്ടയാർ,കുണ്ടള ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്.2373.96 അടിയാണ് ഇപ്പോഴത്തെ ഇടുക്കി ഡാമിലെ ജലനിരപ്പ്.കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനരിപ്പ് 134.75 അടിയായി ഉയർന്നു.റൂൾ കേർവ് പ്രകാരം മുല്ലപ്പെരിയാറിൽ ഓഗസ്റ്റ് 10 വരെ 137.1 അടി വെള്ളം സംഭരിക്കാം. ഇടുക്കി ജില്ലയിൽ ഇതുവരെയുണ്ടായ മഴക്കെടുതിയിൽ 6 പേരാണ് മരണപ്പെട്ടത്.11 വീടുകൾ പൂർണമായും 120 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിൽ രാത്രിയാത്രക്കും ടൂറിസത്തിനും നിരോധനമുണ്ട്.

Related Articles

Back to top button
error: Content is protected !!