Kerala

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ:13 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കക്കി ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്

പത്തനംതിട്ടയിലും കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ 43 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല. കൊച്ചി നഗരത്തിലും മഴ തുടരുകയാണ്. പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിൽ ആണ്.

ആലപ്പുഴയിൽ രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു. കിഴക്കൻ വെള്ളത്തിന്റെ വരവും കൂടി . എന്നാൽ ജലനിരപ്പ് അപകടകരമായ നിലയിൽ എത്തിയിട്ടില്ല. നീരേറ്റുപുറം, കാവാലം, നെടുമുടി, ചമ്പക്കുളം മങ്കൊമ്പ്, പള്ളാത്തുരുത്തി, വീയപുരം, പള്ളിപ്പാട് മേഖലകളിലാണ് ജലനിരപ്പ് ഉയർന്നത്

Related Articles

Back to top button
error: Content is protected !!