Idukki

ഫിറ്റ്നസ് ബസിന്റെ ജില്ലയിലെ പര്യടനം നാളെയാരംഭിക്കും

ഇടുക്കി: സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആന്റ് ആന്റി ഡ്രഗ് അവയര്‍നെസ് ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ കായിക ക്ഷമത പരിശോധിക്കുന്നതിനുവേണ്ടി പര്യടനം നടത്തുന്ന ഫിറ്റ്നസ് ബസിന്റെ ഇടുക്കി ജില്ലയിലെ പര്യടനം നാളെ ആരംഭിക്കും. മൂന്നു ദിവസമാണ് ബസ് ജില്ലയില്‍ പര്യടനം നടത്തുക. നാളെ മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നാണ് ബസിന്റെ പര്യടനം ആരംഭിക്കുക. മാര്‍ച്ച് ഒന്നിന് പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും മാര്‍ച്ച് രണ്ടിന് കുട്ടിക്കാനം പീരുമേട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലും ബസ് എത്തി വിദ്യാര്‍ഥികളുടെ കായിക ക്ഷമത പരിശോധിക്കും. ആറു മുതല്‍ 12വരെയുള്ള ക്ലാസുകളില്‍ നിന്നായി 12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ കായികക്ഷമതയാണ് ഫിറ്റനസ് ബസില്‍ പരിശോധിക്കുക. ശാരീരിക ശേഷി പരിശോധിക്കുന്നതിനുള്ള യോ-യോ ടെസ്റ്റ്, പ്ലാങ്ക്, സ്‌കൗട്ട്, മെഡിസിന്‍ ബോള്‍ ത്രോ, പുഷ് അപ്സ്, മെയ് വഴക്കം പരിശോധിക്കാനുള്ള സിറ്റ് ആന്‍ഡ് റീച്ച്, ശരീര തുലനാവസ്ഥ അളക്കാനുള്ള ടെസ്റ്റുകള്‍ തുടങ്ങി 13ഓളം പരിശോധനകളാണ് നടത്തുക. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും, അവരെ ഏറ്റവും അനുയോജ്യമായ കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനും, ഒപ്പം ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയില്‍ പരിശീലനവും വ്യായാമവും ഭക്ഷണവും ക്രമീകരിക്കാനും പരിശോധനകളിലൂടെ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പരിശീലന പ്രോട്ടോക്കോള്‍ രൂപകല്‍പന ചെയ്യാനും സാധിക്കും. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 8921978914

Related Articles

Back to top button
error: Content is protected !!