ChuttuvattomIdukki

മാലിന്യ പരിപാലനത്തില്‍ ഇടുക്കി മാതൃകയാകണം : നിയമസഭാ പരിസ്ഥിതി സമിതി

ഇടുക്കി: ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടുക്കി ജില്ല മാലിന്യ പരിപാലനത്തില്‍ മാതൃക സൃഷ്ടിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പരിസരമലിനീകരണം നടത്തുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കണം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയമസഭാ പരിസ്ഥിതി സമിതി യോഗം ജില്ലയിലെ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വിശദമായി പരിശോധിച്ചു. സംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും ചെയ്തു. ഇ.കെ.വിജയന്‍ എം.എല്‍.എ ചെയര്‍മാനായ സമിതിയില്‍ എം.എല്‍.എമാരായ എല്‍ദോസ് പി കുന്നപ്പിള്ളില്‍, ജോബ് മൈക്കിള്‍, ലിന്റോ ജോസഫ്, സജീവ് ജോസഫ് എന്നിവര്‍ അംഗങ്ങള്‍ ആയിരുന്നു. യോഗത്തില്‍ എം എം മണി എം.എല്‍.എ, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് , സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍. എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ തല വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്ഥാപനങ്ങളില്‍ നിന്നും നദികളിലേക്കും പുഴകളിലേക്കും മലിന ജലം ഒഴുക്കിവിടുന്നതും വിനോദ സഞ്ചാരികള്‍ പ്ലാസ്റ്റിക് അടക്കമുള്ളവ വലിച്ചെറിയുന്നതും തടയാന്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കണം. ഇതിന് ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകളെ ഫലപ്രദമായി ഉപയോഗിക്കണം. അറവ് മാലിന്യ സംസ്‌കരണത്തിലും മികച്ച ഇടപെടല്‍ നടത്തണം. ജില്ലയുടെ പ്രത്യേകത കണക്കിലെടുത്താണ് സമിതി സന്ദര്‍ശനം നടത്തുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളും പൊതുജനങ്ങളും പരിസ്ഥിതി സൗഹൃദ നിര്‍മ്മാണങ്ങളാകണം ജില്ലയില്‍ നടത്തേണ്ടത്. തനത് പ്രകൃതിസൗന്ദര്യം അതേപടി കാത്ത്സൂക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തണം.

ഹോട്ടലുകളിലും ഹോം സ്റ്റേകളിലും പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കേണ്ടതും മാലിന്യസംസ്‌കരണം ശരിയായരീതിയില്‍ പാലിക്കപ്പെടേണ്ടതുമാണ്.ജില്ലയിലുടനീളം ടേക്ക് എ ബ്രേക്ക് മാതൃകയില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വനം, കെ എസ് ഇ ബി എന്നിവരുമായി കൂടിയാലോചിച്ച് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടുപിടിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് സമിതി നിര്‍ദേശം നല്‍കി. കൃഷിക്കാര്‍ക്ക് കീടനാശിനികളെക്കുറിച്ചുള്ള ശരിയായ ബോധവല്‍ക്കരണം നല്‍കേണ്ടതുണ്ട്. തേയിലകൃഷിയിലടക്കം ഉപയോഗിക്കുന്ന കീടനാശിനികള്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ , മണ്ണിടിച്ചില്‍ തുടങ്ങിയവ പരമാവധി മുന്‍കൂട്ടി മനസിലാക്കി ജനങ്ങളെ സുരക്ഷിതരാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണം. വനം വകുപ്പും പോലീസും പരമാവധി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് മാലിന്യങ്ങള്‍ ഉപേക്ഷിച്ച് കടക്കുന്നവരെ കണ്ടെത്തണം.നിയമങ്ങള്‍ ഇല്ലാത്തതല്ല , മറിച്ച് അവ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്നും സമിതി അഭിപ്രായപ്പെട്ടു. നേരിട്ട് ലഭിച്ച പരാതികള്‍ പരിശോധിച്ച ശേഷം നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.

Related Articles

Back to top button
error: Content is protected !!