ChuttuvattomIdukki

ചെറുതോണി പാലത്തിൻറെയും മൂന്നാർ-ബോഡിമെട്ട് റോഡിൻറെയും ഉദ്ഘാടനം ഒക്ടോബർ 12ന് 

ഇടുക്കി: ചെറുതോണി പാലത്തിൻറയും മൂന്നാർ ബോഡിമെട്ട് റോഡിന്റെയും ഉദ്ഘാടനം ഒക്ടോബർ 12 ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരി ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പാർലമെൻറിൻറെ പ്രത്യേക സമ്മേളനത്തിനിടയിൽ മന്ത്രിയുമായി സംസാരിച്ചപ്പോഴാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. എൻ.എച്ച് 185 അടിമാലി-കുമളി ദേശീയപാതയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിർമ്മാണ പ്രവർത്തനമാണ് ചെറുതോണി പാലം. 2018-ലെ പ്രളയത്തിൽ ഇടുക്കി ഡാം തുറന്നപ്പോൾ ചെറുതോണി ഒറ്റപ്പെട്ടുപോയ പശ്ചാത്തലത്തിലാണ് ചെറുതോണി പാലത്തിന്റെ പുനർനിർമ്മാണം ഒരാവശ്യമായി വന്നത്. തുടർന്ന് കേന്ദ്ര ഉപരിതല-ഗതാഗത മന്ത്രാലയത്തിന് മുൻപാകെ സമർപ്പിക്കപ്പെട്ട പ്രൊപ്പോസലിൽ എസ്റ്റിമേറ്റ് തുക കൂടിയതിനെ തുടർന്ന് തള്ളുകയും, തുടർന്ന് നിർമ്മാണം ആരംഭിക്കാൻ കഴിയാതെ വരികയും ചെയ്തു. പിന്നീട് 2019-ൽ ഡീൻ കുര്യാക്കോസ് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഘട്ടത്തിലാണ് ഇത് സംബന്ധിച്ച് പുതിയ പ്രൊപ്പോസൽ സമർപ്പിക്കുവാനും 2020 മാർച്ച് മാസത്തിൽ 25 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുവാനും ഇടയായത്. ശേഷം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് സാങ്കേതിക അനുമതിയും ലഭ്യമാക്കി, 2020 ഒക്ടോബർ ഒന്നാം തീയതിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി ഓൺലൈനായി പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്.
സമയബന്ധിതമായി മൂന്നുവർഷം കൊണ്ട് തന്നെ പാലത്തിൻറെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചു എന്നുള്ളത് അഭിമാനകരമായ നേട്ടമാണെന്ന് എം.പി. പറഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം നിർമ്മാണ പ്രവർത്തനങ്ങൾ അല്പം വൈകിയെങ്കിലും സമയബന്ധിതമായി തന്നെ നിർമ്മാണം പൂർത്തീകരിച്ചുവെന്നത് ഏറെ സന്തോഷകരമാണ്. ഈ ഘട്ടത്തിൽത്തന്നെ എൻഎച്ച് 185-റെ വികസന പ്രവർത്തനങ്ങൾ ഏറ്റവും നല്ല രീതിയിൽ ആരംഭിക്കാൻ സാധിക്കും എന്നുള്ളതും ആവേശകരമായ നേട്ടമാണ്. അടിമാലി മുതൽ കുമളി വരെ 18 മീറ്റർ വീതിയിൽ റോഡ് വികസനം യാഥാർത്ഥ്യമാകാൻ പോവുകയാണ്. ഇതിന്റെ ലാൻഡ് അക്വസിഷൻ നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി 400 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ച് നല്ല നിലയിൽ ഈ വർഷം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നും എം.പി. പറഞ്ഞു.
ദേശീയപാതയിൽ തടിയമ്പാട് സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രച്ചർ ഫണ്ട് (CRIF)- സേതു ബന്ധൻ പദ്ധതിയിൽ അനുവദിച്ചിട്ടുള്ള പുതിയ പാലവും ഏറെ അഭിമാനകരമായ പദ്ധതിയായിട്ടാണ് കാണാൻ കഴിയുന്നതെന്നും എം.പി. പറഞ്ഞു.തടിയൻപാട്, മരിയാപുരം എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 200 മീറ്റർ നീളത്തിലുള്ള പുതിയ പാലത്തിന്റെ ടെൻഡർ നടപടികൾ ഉടൻതന്നെ ആരംഭിക്കും. മൂന്നാർ ബോഡിമിട്ട് റോഡ് 2017 അന്തിമ അനുമതി ലഭിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതാണ്. ഒട്ടേറെ പ്രതിസന്ധികളിലൂടെയും, കടമ്പകളിലൂടെയും കടന്ന് ഒടുവിൽ ജില്ലയ്ക്ക് അഭിമാനകരമായ രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച് അതിന്റെയും ഉദ്ഘാടനം ഇതിനോടൊപ്പം തന്നെ നടത്തപ്പെടുന്നു എന്നുള്ളതും ഇടുക്കിയെ സംബന്ധിച്ച് ഏറെ അഭിമാനകരമായ നേട്ടമാണെന്നും എം.പി. പറഞ്ഞു.

Related Articles

Back to top button
error: Content is protected !!