ChuttuvattomIdukki

ഇടുക്കി ഇക്കോ ലോഡ്ജിന്റെ ഉദ്ഘാടനം നാളെ

ഇടുക്കി: ഇടുക്കി അണക്കെട്ടിനു സമീപത്തായി നിർമാണം പൂർത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകൾ നാളെ (വ്യാഴാഴ്ച) പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.വ്യാഴാഴ്ച രാവിലെ 10ന് ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, ജില്ലാ കളക്ടറും ഡി.ടി.പി.സി ചെയർപേഴ്സണുമായ ഷീബാ ജോർജ്ജ്, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹ്യരംഗത്തുള്ള പൗരപ്രമുഖർ, ഇതര വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകൾ നിർമിച്ചിരിക്കുന്നത്. പൂർണമായും തടികൊണ്ടാണു ലോഡ്ജുകളുടെ നിർമാണം. എറണാകുളത്തു നിന്നും തൊടുപുഴയിൽ നിന്നും വരുന്നവർക്ക് ചെറുതോണിയിൽ നിന്ന് ഒന്നര കിലോമീറ്റർ  പ്രധാനപാതയിൽ സഞ്ചരിച്ചാൽ ഇവിടെയെത്താൻ സാധിക്കും. വാഴത്തോപ്പ് പഞ്ചായത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ഇക്കോ ലോഡ്ജിലെത്തുന്ന വിനോദസഞ്ചാരികൾക്കു പ്രകൃതിസൗഹൃദമായ താമസത്തിന്റെ അനുഭവം മാത്രമല്ല പത്ത് കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹിൽവ്യൂ പാർക്ക്, ഇടുക്കി ഡിടിപിസി പാർക്ക്, കുടിയേറ്റസ്മാരകടൂറിസം വില്ലേജ്, കാൽവരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദർശിക്കാനാകും.
പദ്ധതിയുടെ നിർമ്മാണത്തിനായി വിനിയോഗിച്ചത് 6.72 കോടി രൂപയാണ്. സംസ്ഥാനസർക്കാരിൽ നിന്നും 2.78 കോടി രൂപയും കേന്ദ്രസർക്കാരിൽ നിന്ന് (സ്വദേശ് ദർശൻ പദ്ധതി മുഖേന ) 5.05 കോടി രൂപയ്ക്കാണു ഭരണാനുമതി ലഭിച്ചത്. 12 കോട്ടേജുകളാണ് ആകെയുള്ളത്. പ്രതിദിനം 4130 രൂപയാണ് ഈടാക്കുന്നത്. വിനോദസഞ്ചാരവകുപ്പിന്റെ വെwww.keralatourism.org വഴി ഇക്കോ ലോഡ്ജ് ഓൺലൈനായി വ്യാഴാഴ്ച മുതൽ ബുക്ക് ചെയ്യാം.

Related Articles

Back to top button
error: Content is protected !!