ChuttuvattomIdukki

അന്തര്‍ സംസ്ഥാന എടിഎം തട്ടിപ്പ് വീരന്‍ കട്ടപ്പന പോലീസിന്റെ പിടിയില്‍

കട്ടപ്പന: എടിഎം കൗണ്ടറിലെ പണം പുറത്തേക്ക് വരുന്ന ഭാഗത്ത് പേപ്പര്‍ തിരുകി വച്ചശേഷം ഇടപാടുകാരെ സഹായിക്കാനെന്ന വ്യാജേനെ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി കട്ടപ്പന പോലീസിന്റെ പിടിയില്‍. അന്തര്‍ സംസ്ഥാന എടിഎം തട്ടിപ്പ് വീരന്‍ ബോഡി ജെ.കെ. പെട്ടി കറുപ്പ്സ്വാമി കോവില്‍ സ്ട്രീറ്റ് സ്വദേശി തമ്പിരാജ്(46) ആണ് അറസ്റ്റിലായത്. കട്ടപ്പന സ്വദേശി ശ്രീജിത് എസ്. നായരുടെ പരാതിയില്‍ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. പണം എടുക്കാന്‍ വരുന്ന എടിഎം കാര്‍ഡ് കൈക്കലാക്കുകയും തുടര്‍ന്ന് കാര്‍ഡ് തന്ത്രപരമായി മാറ്റി എടിഎം മെഷീനില്‍ ഇട്ട ശേഷം ഇടപാടുകാരെ കൊണ്ട് പിന്‍ നമ്പര്‍ അടിപ്പിച്ച് നമ്പര്‍ മനസിലാക്കി കാര്‍ഡുമായി കടന്നു കളയുന്നതാണ് പ്രതിയുടെ രീതി.. ഈ കാര്‍ഡ് ഉപയോഗിച്ച് മറ്റ് എടിഎമ്മുകളില്‍ നിന്ന് പിന്നീട് പണം പിന്‍വലിച്ച് സ്ഥലം വിടും. ജൂലൈ 2ന് കട്ടപ്പന ഇടശേരി ജങ്ങഷനിലുള്ള എസ്ബിഐ എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാനെത്തിയതായിരുന്നു ശ്രീജിത്ത്. എന്നാല്‍ കാര്‍ഡ് മെഷീനില്‍ ഇടാന്‍ സാധിച്ചില്ല. തുടര്‍ന്ന് അടുത്തുള്ള കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നി എടിഎമ്മുകളില്‍ ചെന്നപ്പോഴും സമാനമായ അനുഭവമാണ് ഉണ്ടായത്. വീണ്ടും അടുത്തുള്ള മറ്റൊരു എസ്ബിഐയുടെ ഒന്നിലധികം എടിഎം മെഷീനുള്ള കൗണ്ടറില്‍ പോയെങ്കിലും അവിടെയും കാര്‍ഡ് മെഷീനില്‍ കൃത്യമായി പ്രവേശിപ്പിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സമീപത്ത് കൈയില്‍ പൈസയുമായി പ്രതിയോട് എങ്ങനെയാണ് പണം കിട്ടിയതെന്ന് ചോദിച്ചു. അയാള്‍ കാര്‍ഡ് വാങ്ങി എടിഎം മെഷീനില്‍ ഇടുകയും ശ്രീജിത്തിനെകൊണ്ട് പിന്‍ നമ്പര്‍ അടിപ്പിക്കുകയും ഇന്‍കറക്റ്റ് പിന്‍ എന്ന് സ്‌ക്രീനില്‍ കാണിക്കുകയും ചെയ്തു.തുടര്‍ന്ന് കാര്‍ഡുമായി ശ്രീജിത്ത് മടങ്ങി പോയി. കൂടുതല്‍ എടിഎമ്മുകളില്‍ ഉപയോഗിച്ചതിനാല്‍ ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് കരുതുകയുമായിരുന്നു. എന്നാല്‍ അടുത്ത ദിവസം മുതല്‍ തന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതായിട്ടുള്ള മെസേജ് വന്നപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതെന്ന് മനസിലാക്കിയത്. തുടര്‍ന്ന് ബാങ്കിനെ സമീപിച്ചപ്പോള്‍ തന്റെ കയ്യിലിരിക്കുന്നത് മറ്റാരുടെയോ പണമില്ലാത്ത എടിഎം കാര്‍ഡ് ആണെന്ന് ബോധ്യമായത്. തുടര്‍ന്ന് ബാങ്കിലും കട്ടപ്പന പോലീസ് സ്റ്റേഷനിലും പരാതി നല്‍കുകയായിരുന്നു. അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചും സാമാനമായ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രികരിച്ച് മുപ്പതോളം സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് സമാനമായ തട്ടിപ്പ് നടത്തി പോകുന്ന സ്വഭാവമുള്ള ഇയാള്‍ അപൂര്‍വമായി മാത്രമേ സ്വന്തം വീട്ടില്‍ വരാറുള്ളു. സമാനമായ കുറ്റകൃത്യത്തില്‍പ്പെട്ട് ചെന്നൈ ജയിലില്‍ കഴിഞ്ഞ് വന്നിരുന്ന പ്രതി ഒരു മാസം മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ഇയാള്‍ ബോഡിയിലുള്ള വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കട്ടപ്പന എസ്എച്ച്ഒ ടി.സി. മുരുകന്‍, ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്ഐ സജിമോന്‍ ജോസഫ്, വി.കെ. അനീഷ് എന്നിവരും തമിഴ്നാട് ക്രൈം പോലീസിലെ എസ്ഐ ഷംസുദ്ദീന്‍ സേതുപതി എന്നിവരുടെ സഹായത്തോടുകൂടി പ്രതിയെ പിടികൂടുകയായിരുന്നു. പ്രായമായവരെയും, ഇതരസംസ്ഥാന തൊഴിലാളികളെയുമാണ് തട്ടിപ്പിനായി പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്‍ തമിഴ്നാട്ടില്‍ മാത്രം ഇയാള്‍ 27 ഓളം സമാനമായ കേസുകളില്‍ വിചാരണ നേരിടുന്നുണ്ട്. മറ്റ് കേസുകളില്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, സേലം എന്നിവിടങ്ങളിലെ പോലീസ് അന്വേഷിച്ച് വരികയാണ് ഇയാളെ. പീരുമേട്, കുമളി, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍, ഏലപ്പാറ എന്നിവിടങ്ങളിലും ഈ രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ളതായി മൊഴി നല്‍കിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!