Keralapolitics

കെ-ഫോണ്‍; പ്രഖ്യാപിച്ച സൗജന്യ കണക്ഷനുകളില്‍ മൂന്നിലൊന്ന് പോലും നല്‍കാനാകാതെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കെ-ഫോണ്‍ ഉദ്ഘാടനം കഴിഞ്ഞ് 2 മാസമായി, പ്രഖ്യാപിച്ച സൗജന്യ കണക്ഷനുകളില്‍ മൂന്നിലൊന്ന് പോലും നല്‍കാനാകാതെ സംസ്ഥാന സര്‍ക്കാര്‍. ആദ്യഘട്ട സൗജന്യ കണക്ഷന്‍ ജൂണ്‍ അവസാനത്തോടെ കൊടുത്തു തീര്‍ക്കുമെന്നും,ആദ്യ ഘട്ടത്തിലെ 14000 കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍ നല്‍കുമന്നായിരുന്നു കെ-ഫോണ്‍ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നാളിതുവരെ കണക്ഷന്‍ നല്‍കിയത്് 4800 ഓളം പേര്‍ക്ക് മാത്രമാണ്. ജൂണും ജൂലൈയും കഴിഞ്ഞ് ഓഗസ്റ്റ് ആദ്യ വാരം പിന്നിട്ടിട്ടും നാളിത് വരെ കണക്ഷനെത്തിയത് വെറും 4800 ഓളം കുടുംബങ്ങളില്‍ മാത്രമാണ്. മാസങ്ങളെടുത്ത് തദ്ദേശ ഭരണ വകുപ്പ് കണ്ടെത്തി നല്‍കിയ 14000 ബിപിഎല്‍ കുടുംബങ്ങളുടെ ലിസ്റ്റ് വച്ച് കണക്ഷന്‍ നടപടികള്‍ മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്നാണ് കേരളാവിഷന്‍ പറയുന്നത്. മതിയായ വ്യക്തി വിവരങ്ങള്‍ പോലും ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 5000 പേരുടെ ലിസ്റ്റ് കേരളാവിഷന്‍ കെ-ഫോണിന് തന്നെ തിരിച്ച് നല്‍കിയത്. പോരായ്മകള്‍ പരിഹരിച്ച് പുതിയ ലിസ്റ്റ് തദ്ദേശ ഭരണ വകുപ്പ് നല്‍കിയാല്‍ മാത്രമെ ഇനി കണക്ഷന്‍ നടപടികള്‍ മുന്നോട്ട് പോകൂ. ഉള്‍പ്രദേശങ്ങളിലേക്ക് കേബിളെത്തിക്കുന്ന കാര്യത്തിലും കേരളാവിഷന് കാലതാമസം വരുന്നുണ്ട്. സൗജന്യ കണക്ഷന്‍ നടപടികളിലേ അനിശ്ചിതത്വത്തെ കുറിച്ച് ചോദിച്ചാല്‍ ഓണത്തിന് മുമ്പെങ്കിലും കൊടുത്ത് തീര്‍ക്കാനാകുമെന്ന പ്രതീക്ഷ മാത്രമാണ് കെ ഫോണ്‍ അധികൃതര്‍ പങ്കുവയ്ക്കുന്നത്. ആദ്യഘട്ടത്തിന്റെ അവസ്ഥ ഇതാണെങ്കില്‍ രണ്ടാം ഘട്ടത്തിലെ രണ്ടര ലക്ഷം കണക്ഷനുകള്‍ നല്‍കാന്‍ സാങ്കേതിക പങ്കാളിയെ കണ്ടെത്താനും ഇതുവരെ കെ ഫോണിന് കഴിഞ്ഞിട്ടില്ല. ഗാര്‍ഹിക വാണിജ്യ കണക്ഷന്‍ നടപടികള്‍ക്ക് മൂന്നാം തവണ വിളിച്ച ഐഎസ്പി ടെണ്ടര്‍ നടപടികളും അനിശ്ചിതമായി നീളുകയാണ്.

Related Articles

Back to top button
error: Content is protected !!