Kerala

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് പൊതുജാഗ്രതാ നിർദ്ദേശം, ആശങ്കപ്പെടേണ്ടെന്ന് മന്ത്രി വീണ ജോർജ്ജ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുജാഗ്രത നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി. കൂടുതൽ സാമ്പിളുകളിൽ ജനിതക ശ്രേണീകരണം നടത്തും. പ്രായം കൂടിയവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും അവധികാല യാത്രകളിൽ ജാഗ്രത വേണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കണക്ക് അനുസരിച്ച് ഇന്നലെ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ 20 ന് 79 പേർക്കും ഡിസംബർ 19 ന് 36 പേർക്കും ഡിസംബർ 18 ന് 62 പേർക്കും ഡിസംബർ 17 ന് 59 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് പറഞ്ഞ മന്ത്രി, ജാഗ്രത കൈവിടരുതെന്നും ആവശ്യപ്പെട്ടു.

രോഗം ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം എന്നാണ് ആരോഗ്യവകുപ്പിന്റെ പൊതു നിർദ്ദേശം. ഇന്നലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേർന്നിരുന്നു.  എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാൽ ജാഗ്രത പുലർത്തണം എന്നാണ് നിർദേശം.

സംസ്ഥാനത്ത് നിലവിൽ കോവിഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഡിസംബറിൽ  ഇതുവരെ 1431 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 51 കേസ് റിപ്പോർട്ട് ചെയ്തു. നൂറിനും താഴെയാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രതിദിന കേസുകൾ. പരിശോധനകൾ കുറവാണെന്നതും പ്രതിദിന കേസുകൾ കുറയാൻ കാരണമാണ്. എന്നാൽ അവധിക്കാലമാകുന്നതോടെ രോഗികളുടെ എണ്ണം കൂടിയേക്കാമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button
error: Content is protected !!