Idukki

ഏലം കര്‍ഷകരോട് അവഗണന;  കിസാന്‍സഭ സമരം നടത്തി

 

തൊടുപുഴ: കിസാന്‍സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌പൈസസ് ബോര്‍ഡ് ഫീല്‍ഡ് ഓഫീസുകളുടെ മുന്നിലും കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ മുന്നിലും സമരം നടത്തി. ഏലത്തിന്റെ വിലയിടിവ് തടയുക, രാസവളങ്ങളുടെ വില വര്‍ധന പിന്‍വലിക്കുക, പെട്രോള്‍-ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. കേന്ദ്ര ഗവണ്‍മെന്റ് കര്‍ഷക ദ്രോഹ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് ഉദാഹരണമാണ് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്തത് എന്ന് കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് പറഞ്ഞു. പുറ്റടി സ്‌പൈസസ് പാര്‍ക്കിന് മുന്‍പില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപ കയറ്റുമതിയിലൂടെ ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലക്ക. എന്നാല്‍ ഇതിന്റെ വില തകര്‍ച്ച തടയാന്‍ സ്‌പൈസസ് ബോര്‍ഡ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കട്ടപ്പന സ്‌പൈസസ് ബോര്‍ഡ് ഓഫീസിനു മുന്‍പില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കിസാന്‍സഭ ജില്ലാ സെക്രട്ടറി ടി.സി കുര്യന്‍ ആരോപിച്ചു. കൂട്ടാറില്‍ നടന്ന സമരം സമരം കിസാന്‍സഭ ജില്ലാ ട്രഷറര്‍ എം.ആര്‍ രാഘവനും കുമളിയില്‍ നടന്ന സമരം കിസാന്‍സഭ സംസ്ഥാന കമ്മിറ്റി അംഗം ജോയി വടക്കേടം, ശാന്തന്‍പാറയില്‍ നടന്ന സമരം പി.എസ് നെപ്പോളിയനും ഉദ്ഘാടനം ചെയ്തു. ചെറുതോണിയില്‍ നടന്ന സമരം കിസാന്‍സഭ ഇടുക്കി മണ്ഡലം സെക്രട്ടറി സിജി ചാക്കോയും നെടുങ്കണ്ടത്ത് ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി എസ്. മനോജും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ കിസാന്‍സഭ നേതാക്കന്മാരായ ഇ.റഷീദ്, ബി.ആര്‍ ബാലകൃഷ്ണന്‍, കെ.എന്‍ തങ്കപ്പന്‍, കെ.കെ രമേശ്, ബിജു ശാന്തമ്പാറ, എം.കെ ഗോപാലകൃഷ്ണന്‍, സന്തോഷ് കോഴിമല, കെ.സി സോമന്‍, രാജന്‍കുട്ടി മുതുകുളം എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!