Kerala

ഡീസല്‍ പ്രതിസന്ധി; സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു

തിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധി രൂക്ഷമായോടെ സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു.സംസ്ഥാനത്ത് ഇന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കി. നിലവില്‍ ഓര്‍ഡിനറി സര്‍വീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമേ സര്‍വീസ് നടത്തൂ എന്ന് കെഎസ്‌ആര്‍ടിസി വ്യക്തമാക്കി. ഞായറാഴ്ച ഓര്‍ഡിനറി ബസ്സുകള്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കും. എണ്ണ കമ്ബനികള്‍ക്ക് വന്‍ തുക കുടിശ്ശിക ആയതിനെ തുടര്‍ന്ന് ഡീസല്‍ ലഭ്യമാകാതെ വന്നതാണ് രൂക്ഷമായ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 135 കോടി രൂപയാണ് എണ്ണ കമ്ബനികള്‍ക്ക് കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം.ഡീസല്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വരുമാനം കുറഞ്ഞ സര്‍വീസുകള്‍ റദ്ദാക്കണമെന്ന് എക്സിക്യുട്ടിവ് ഡയറക്ടര്‍മാര്‍ക്ക് കെഎസ്‌ആര്‍ടിസി എംഡി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും പിടിച്ചു നില്‍ക്കാനാകാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത്.ആവശ്യത്തിന് ഡീസല്‍ സ്റ്റോക്ക് ചെയ്യാത്തത് മാനേജ്മെന്‍റിന്‍റെ വീഴ്ചയാണെന്ന് പ്രതിപക്ഷ യൂണിയനുകള്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഗതാഗത മന്ത്രിയാണ് ഉത്തരവാദിയെന്ന ആക്ഷേപവുമായി ഭരണാനുകൂല യൂണിയനായ എഐടിയുസിയും രംഗത്തെത്തിയിട്ടുണ്ട്. ഡീസല്‍ പ്രതിസന്ധി മറികടക്കാനുള്ള നടപടി സ്വീകരിക്കുന്നതില്‍ വലിയ വീഴ്ച സംഭവിച്ചു. സാമ്ബത്തിക പ്രതിസന്ധി നീണ്ടു പോയാല്‍ കെഎസ്‌ആര്‍ടിസിയുടെ ഒരു സര്‍വീസും അയക്കാനാകാത്ത അവസ്ഥയുണ്ടാകും. മന്ത്രിയുടെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷാജു ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!